ആ വരികളിലൂടെ ഒരു കോ-പേരന്റിനെ ഞാന്‍ കണ്ടെത്തി; സീനത്ത് അമൻ

ഒരുകാലത്ത് ബോളിവുഡിന്റെ താരറാണിയായിരുന്നു സീനത്ത് അമൻ. 'ദി റോയൽസ്' എന്ന നെറ്റ്ഫ്ലിക്സിലെ സീരിസിലൂടെ വീണ്ടും പ്രേക്ഷകർക്കു മുന്നിലെത്തിയിരിക്കുകയാണ് താരം. അടുത്തിടെ പേരന്റിങ്ങിനെക്കുറിച്ച് ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രത്തിനൊപ്പം ഇൻസ്റ്റാഗ്രാമിൽ കാവ്യാത്മകമായ ചില വരികൾ സീനത്ത് കുറിച്ചു.
റുഡ്യാർഡ് കിപ്ലിങ്ങിൻ്റെ 'ഇഫ്' എന്ന കവിതയുടെ അർഥം താൻ വീണ്ടും കണ്ടെത്തിയതിനെക്കുറിച്ചും, കുട്ടികളെ വളർത്തുന്നതിൽ ആ രചന തന്നെ എങ്ങനെ സഹായിച്ചുവെന്നുമുള്ളതായിരുന്നു ആ വരികൾ. "മഹാനായ എഴുത്തുകാരുടെ സൗന്ദര്യം എന്നത് ലോകമെമ്പാടുമുള്ള ആളുകളുടെ ഹൃദയത്തെ സ്പർശിക്കാനും അവരുടെ ജീവിതത്തിനൊരു മാർഗ്ഗരേഖ നൽകാനുമുള്ള അവരുടെ കഴിവാണ്.
ഞാൻ റുഡ്യാർഡ് കിപ്ലിങ്ങിൻ്റെ 'ഇഫ്' ആദ്യമായി വായിക്കുന്നത് ഒരു സ്കൂൾ വിദ്യാർത്ഥിനിയായിരുന്നപ്പോഴാണ്, അന്ന് അതിൻ്റെ ആഴം എനിക്ക് മനസ്സിലായില്ല. പ്രായപൂർത്തിയായപ്പോൾ, ആ വരികളിലേക്ക് ഞാൻ വീണ്ടും കണ്ണോടിച്ചു. അതിലെ വരികളിലൂടെ തൻ്റെ മക്കളുടെ ജീവിതത്തിൽ ഇല്ലെന്ന് തോന്നിയിരുന്ന ഒരു സാന്നിധ്യം, ഒരു കോ പേരന്‍റിനെ ഞാൻ കണ്ടെത്തി.
നമ്മുടെയെല്ലാം ജീവിതത്തിൽ പ്രയാസമേറിയ കാലങ്ങൾ വരും, അത്തരം നിമിഷങ്ങളിൽ ഒരു ശരിയായ കാഴ്ച്ചപ്പാട് കണ്ടെത്തുകയും ആദർശങ്ങളിൽ മുറുകെ പിടിക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. പ്രയാസകരമായ സമയങ്ങളിൽ, ഒരു ചെറിയ പ്രചോദനമോ ആശ്വാസമോ വേണമെങ്കിൽ….. ഈ ക്ലാസിക്കിനെക്കുറിച്ചുള്ള എന്റെ വ്യാഖ്യാനം ഇതാണ്.’’
ഒരമ്മയെന്ന നിലയിൽ തൻ്റെ മക്കളെ വളർത്തുന്നതിനെക്കുറിച്ച് സീനത്ത് അമൻ ഇതിനുമുമ്പും സംസാരിച്ചിട്ടുണ്ട്. നിരുപാധികമായ സ്നേഹത്തോടെയും അംഗീകാരത്തോടെയും കുട്ടികളെ വളർത്തുന്നതിലെ വെല്ലുവിളികളെക്കുറിച്ച് അവർ തുറന്നുപറഞ്ഞിരുന്നു. അതേക്കുറിച്ചൊരിക്കൽ അവര്‍ ഇങ്ങനെ എഴുതി
"എൻ്റെ കുട്ടികൾ ജനിച്ചുകഴിഞ്ഞപ്പോൾ, അവർ എൻ്റെ മുൻഗണനയായി മാറി. രണ്ട് ആൺകുട്ടികളുടെ അമ്മയെന്ന നിലയിൽ, എനിക്ക് ഇരട്ടി ഉത്തരവാദിത്തം തോന്നി. എല്ലാറ്റിനുമുപരിയായി, അവരെ സംരക്ഷിക്കാനും സ്നേഹമുള്ള പുരുഷന്മാരായി വളർത്താനും ഞാൻ ആഗ്രഹിച്ചു. നിങ്ങളുടെ കുട്ടികളോടൊപ്പമുള്ള ഓരോ നിമിഷവും ആസ്വദിക്കുക, ചെറിയ തെറ്റുകുറ്റങ്ങളുടെ പേരിൽ സ്വയം വിഷമിക്കരുത്. ഒരു പാത്രം പൊട്ടിയതോ ടീച്ചറുടെ കുറിപ്പോ ലോകാവസാനമൊന്നുമല്ല. നമ്മൾ നമ്മുടെ കുട്ടികൾക്ക് നൽകേണ്ടത് പൂർണ്ണതയല്ല, മറിച്ച് സ്നേഹവും പിന്തുണയും മാർഗ്ഗനിർദ്ദേശവുമാണ്."
പ്രശ്‌നകരമായ ഒരു ദാമ്പത്യത്തിൽ നിന്ന് പന്ത്രണ്ട് വര്‍ഷങ്ങൾക്കുശേഷം വിവാഹമോചിതയായ താരം മക്കൾക്കുവേണ്ടി തന്റെ കരിയർ പോലും വേണ്ടെന്നുവെച്ച സിംഗിൾ മദർ കൂടിയാണ്.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Bollywood icon Zeenat Aman shares her poetic take on parenting, inspired by Rudyard Kipling`s `If`.