കെജിഎഫ് താരം യഷിന്റെ അമ്മ അഞ്ച് പ്രൊമോട്ടർമാർക്കെതിരെ പരാതി നൽകി, തട്ടിപ്പും ഭീഷണിയും ആരോപിച്ചു

പുഷ്പ അരുൺകുമാർ
പുഷ്പ അരുൺകുമാർ

കന്നഡ താരം യഷിന്റെ അമ്മയും നടിയും നിർമാതാവുമായ പുഷ്പ അരുൺകുമാർ അഞ്ച് പ്രൊമോട്ടർമാർക്കെതിരെ പോലീസിൽ പരാതി നൽകി. 'കൊട്ടലവാടി' എന്ന സിനിമ നിർമിച്ച പുഷ്പയിൽ നിന്ന് സിനിമാ പ്രചാരണത്തിനായി പ്രതികൾ 64 ലക്ഷം രൂപ വാങ്ങിയെന്നും തുടർന്ന് പ്രചാരണം നടത്താതിരിക്കുകയും ചെയ്തെന്നാണ് പരാതി. ഇതിനു പുറമെ ഭീഷണിപ്പെടുത്തുകയും ബ്ലാക്ക്മെയിലിങ് നടത്തുകയും ചെയ്തു. പിആർഒ ഹരീഷ് ഉർസ്, മനു, നിതിൻ, മഹേഷ് ഗുരു, സ്വർണ്ണലത എന്നിവർക്കെതിരേയാണ് പരാതി. അഞ്ച് പേർക്കെതിരെ കർണാടക പോലീസ് കേസെടുത്തു. 

സംഭവത്തെപ്പറ്റി പുഷ്പ പറയുന്നതിങ്ങനെ. "ഹരീഷ് ഉർസ് സിനിമാപ്രചാരണത്തിനായി ഞങ്ങളിൽ നിന്ന് പണം വാങ്ങി. തുടക്കത്തിൽ 23 ലക്ഷത്തിന് പ്രചാരണം ഏറ്റെടുക്കാമെന്ന് സമ്മതിച്ചിരുന്നു. പക്ഷേ, ഷൂട്ടിങ്ങിനിടയിലും പണം വാങ്ങി. സിനിമ റിലീസിനെത്തിയപ്പോൾ കണക്കുകൾ ചോദിച്ചാൽ സിനിമയെ താഴ്ത്തിക്കെട്ടുമെന്ന് അയാൾ സംവിധായകനെ ഭീഷണിപ്പെടുത്തി."പുഷ്പ തുടർന്നു. "ഷൂട്ടിങ് പൂർത്തിയായശേഷം ഞങ്ങൾ അദ്ദേഹത്തോട് കണക്കുകൾ ചോദിച്ചു. പ്രതി വീണ്ടും സംവിധായകനെ ഭീഷണിപ്പെടുത്തി, കൂടുതൽ പണത്തിനായി അയാൾ ബ്ലാക്ക്മെയിൽ ചെയ്തു. ഈ സാഹചര്യത്തിലാണ് ഞങ്ങൾ കോടതിയിൽ നിന്ന് നിരോധന ഉത്തരവ് നേടിയ ശേഷം പോലീസിൽ പരാതി നൽകിയത്."

ഒരു വർഷം മുൻപ് സിനിമ പൂർത്തിയായിരുന്നുവെന്ന് പുഷ്പ പറഞ്ഞു. പ്രതികളായ സ്വർണ്ണലതയും ഗുരുവും തങ്ങൾക്ക് മാധ്യമങ്ങളുമായി ബന്ധമുണ്ടെന്നും തന്നെയും സംവിധായകനെയും പറ്റി മോശം വാർത്തകൾ സൃഷ്ടിക്കുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തി. ഭീഷണിയുമായി ബന്ധപ്പെട്ട എല്ലാ രേഖകളും പുഷ്പ പോലീസിന് സമർപ്പിച്ചിട്ടുണ്ട്. ഫിലിം ചേംബർ ഓഫ് കോമേഴ്സിനും ബെംഗളൂരുവിലെ പിആർ അസോസിയേഷനും പരാതി നൽകിയിട്ടുണ്ട്.

"ഞങ്ങൾ ഒരു സെലിബ്രിറ്റി കുടുംബത്തിൽ നിന്നായതുകൊണ്ട്, കൂടുതൽ സങ്കീർണ്ണതകളാഗ്രഹിക്കുന്നില്ല. അതിനാലാണ് പരാതി നൽകിയത്," പുഷ്പ കൂട്ടിച്ചേർത്തു. സിനിമ റിലീസ് ചെയ്യുന്നതിന് ഒരാഴ്ച മുൻപാണ് ബ്ലാക്ക്മെയിലിങ് ആരംഭിച്ചതെന്നും പുഷ്പ വെളിപ്പെടുത്തി. പണം എങ്ങനെ ചെലവഴിച്ചു എന്നതിനെക്കുറിച്ച് പ്രതി ഇതുവരെ ഒരു കണക്കും നൽകിയിട്ടില്ല. "യഷിൽ നിന്നും അദ്ദേഹത്തിന്റെ കുടുംബത്തിൽ നിന്നും പണമൊന്നും ലഭിച്ചില്ലെന്ന് അവകാശപ്പെട്ട് അദ്ദേഹത്തിന്റെ രണ്ട് കൂട്ടാളികൾ വ്യാജപ്രചാരണം നടത്തി. സിനിമ റിലീസ് ചെയ്തപ്പോൾ നെഗറ്റീവ് പ്രചാരണങ്ങൾ നടത്തി, മറ്റ് പലരെയും അയാൾ വഞ്ചിച്ചിട്ടുണ്ട്, പക്ഷേ അവർ മുന്നോട്ട് വരാൻ ഭയപ്പെടുന്നു," പുഷ്പ പറഞ്ഞു.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: KGF star Yash`s mother, Pushpa Arunkumar, files FIR against 5 promoters for Rs 64 lakh fraud, alleging threats and blackmail. Police investigating.