‘മേലുദ്യോഗസ്ഥർ പ്രത്യേകിച്ച് അഭിപ്രായങ്ങളൊന്നും പറയുന്നില്ലെങ്കിൽ ജോലി കൃത്യമായി പോകുന്നു എന്നാണർഥം’

പ്രതീകാത്മക ചിത്രം | Freepik
പ്രതീകാത്മക ചിത്രം | Freepik

ജർമ്മനിയിലെ തൊഴിൽ സംസ്കാരത്തെക്കുറിച്ചുള്ള വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പുതിയ ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുന്നത്. അവിടെ ജോലി ചെയ്യുന്ന മോണിക്ക വർഷിണി എന്ന ഇന്ത്യൻ യുവതിയാണ് ഇൻസ്റ്റഗ്രാമിൽ വീഡിയോ പങ്കുവെച്ചത്. പുറത്തുനിന്ന് നോക്കുമ്പോൾ ജർമ്മനിയിലെ തൊഴിൽ മേഖല വളരെ മികച്ചതായി തോന്നാമെങ്കിലും യഥാർത്ഥത്തിൽ പല കാര്യങ്ങളിലും ഇന്ത്യക്കാരുടെ പ്രതീക്ഷകൾക്ക് വിപരീതമാണ് അവിടുത്തെ സാഹചര്യം എന്ന് മോണിക്ക വ്യക്തമാക്കുന്നു.

തൊഴിൽപരമായ വളർച്ച ജർമ്മനിയിൽ സാവധാനത്തിലാണെങ്കിലും അത് കൂടുതൽ സുരക്ഷിതമാണെന്ന് മോണിക്ക പറയുന്നു. ഇന്ത്യയിലേതുപോലെ പെട്ടെന്നുള്ള സ്ഥാനക്കയറ്റങ്ങളോ വലിയ ശമ്പളവർദ്ധനവോ ഇവിടെ പ്രതീക്ഷിക്കാനാവില്ല. എല്ലാം കൃത്യമായ നിയമങ്ങൾക്കും സമയക്രമത്തിനും അനുസരിച്ചാണ് നടക്കുന്നത്. കമ്പനികൾ മാറുമ്പോഴും ശമ്പളത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാകാറില്ല. കൂടാതെ, 'നോട്ടീസ് പിരീഡ്' വളരെ കൂടുതലായതിനാൽ മാസങ്ങൾക്ക് മുൻപേ കൃത്യമായി പ്ലാൻ ചെയ്താൽ മാത്രമേ ജോലി മാറാൻ സാധിക്കൂ.

കഠിനാധ്വാനം ചെയ്യുന്നതോ മികച്ച പ്രകടനം നടത്തുന്നതോ മാത്രം വളർച്ചയ്ക്ക് കാരണമാകില്ല. ചെയ്യുന്ന ജോലിയെക്കുറിച്ച് കൃത്യമായ ആശയവിനിമയം നടത്തുകയും അത് അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തുകയും ചെയ്യേണ്ടത് പ്രധാനമാണ്.

ജർമ്മനിയിലെ ജോലി രീതികൾ വളരെ ചിട്ടയുള്ളതാണെന്ന് മോണിക്ക നിരീക്ഷിക്കുന്നു. "എല്ലാം ഡോക്യുമെന്റ് ചെയ്യപ്പെടണം. എഴുതപ്പെടാത്ത ഒന്നിനും അവിടെ നിലനില്പില്ല. അതുപോലെ തന്നെ, കാര്യങ്ങൾ ആരും പറഞ്ഞു തരില്ല; സ്വന്തം ഉത്തരവാദിത്തത്തിൽ കാര്യങ്ങൾ ചെയ്യാനുള്ള പ്രാപ്തി (Ownership) ജീവനക്കാർക്കുണ്ടാകണം."

അതുപോലെ, അവിടുത്തെ മറ്റൊരു പ്രത്യേകത ഫീഡ്‌ബാക്കിന്റെ അഭാവമാണ്. മേലുദ്യോഗസ്ഥർ പ്രത്യേകിച്ച് അഭിപ്രായങ്ങളൊന്നും പറയുന്നില്ലെങ്കിൽ ജോലി കൃത്യമായി പോകുന്നു എന്നാണ് അതിനർഥം.

 
 
 
 
 
 
 
 
 
 
 
 
 
 
 

Work-Life Balance

ജർമ്മനിയിലെ ഏറ്റവും വലിയ പ്രത്യേകതയായി മോണിക്ക ചൂണ്ടിക്കാണിക്കുന്നത് അവിടുത്തെ മികച്ച വർക്ക്-ലൈഫ് ബാലൻസ് ആണ്.

ജോലി സമയം കഴിഞ്ഞാൽ, അപ്പോൾതന്നെ പോകുന്നത് അവിടെ സ്വാഭാവികമാണ്. ആരും അതിനെ മോശമായി കാണില്ല. ജോലിയിലെ സമ്മർദ്ദം കുറവായിരിക്കും. എന്നാൽ വളർച്ചയുടെ വേഗതയും കുറവായിരിക്കും എന്നത് ഇതിന്റെ മറ്റൊരു വശമാണ്.

"നമ്മൾ വേഗതയ്ക്ക് പിന്നാലെ പോകാതെ ജീവിതത്തിലെ സുരക്ഷിതത്വത്തിന് പ്രാധാന്യം നൽകാൻ പഠിക്കും. ഇത് മറ്റൊന്നിനേക്കാൾ മികച്ചതെന്നോ മോശമെന്നോ പറയാനാവില്ല, മറിച്ച് ഇത് തികച്ചും വ്യത്യസ്തമായ തൊഴിൽ രീതിയാണ്" - മോണിക്ക കുറിച്ചു.

സോഷ്യൽ മീഡിയയിൽ നിരവധി ആളുകളാണ് ഈ വീഡിയോയോട് പ്രതികരിച്ചത്. ഇന്ത്യയിലെ തൊഴിൽ സാഹചര്യം വളരെ വേഗത്തിലുള്ളതാണെന്നും എന്നാൽ അത് നമ്മളെ വേഗം തളർത്തുന്നുയെന്നും പലരും അഭിപ്രായപ്പെട്ടു. സമാധാനപരമായ ജീവിതത്തിന് ജർമ്മനിയിലെ രീതിയാണ് നല്ലതെന്ന് മറ്റൊരു വിഭാഗം.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Germany prioritizes job security and work-life balance over rapid salary hikes., Documentation and ownership are critical for professional success in German firms., Absence of feedback from superiors is generally interpreted as satisfactory performance., Strict adherence to notice periods and defined working hours is mandatory., Career progression is slower compared to the Indian corporate landscape.