നീ ജോലിക്കൊന്നും പോകേണ്ട, എല്ലാം നോക്കാന്‍ ഞാനില്ലേ... സ്ത്രീകള്‍ അറിയണം ബന്ധങ്ങളിലെ ഈ സാമ്പത്തിക അപായസൂചനകള്‍

മീര 32-ാമത്തെ വയസിലാണ് വിവാഹം കഴിക്കുന്നത്. വിവാഹം കഴിക്കാന്‍ വൈകി എന്ന് മാതാപിതാക്കളും ബന്ധുക്കളുമൊക്കെ പറഞ്ഞെങ്കിലും മീരയ്ക്ക് അങ്ങനെ തോന്നിയതേയില്ല. ഒരു പൊതുമേഖല സ്ഥാപനത്തിലെ അക്കൗണ്ടന്റായ മീരയ്ക്ക് മാതാപിതാക്കള്‍ വിവാഹ സമ്മാനമായി നല്‍കിയത് മീരയുടെ പേരില്‍ ഒരു ചെറിയ അപ്പാര്‍ട്ട്‌മെന്റാണ്. ആ വീട് വാടകയ്ക്ക് നല്‍കി മറ്റൊരു വരുമാന മാര്‍ഗം കൂടി മീര സ്വന്തമാക്കി. എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞതോടെ അപ്പാര്‍ട്ട്‌മെന്റ് തന്റെ പേരിലാക്കിത്തരണമെന്ന് ഭര്‍ത്താവ് നിര്‍ബന്ധിക്കാന്‍ തുടങ്ങി. തനിക്ക് വരുമാനം കൂടുതലായതുകൊണ്ട് അപ്പാര്‍ട്ട്‌മെന്റെ് തന്റെ പേരിലാണ് എങ്കില്‍ ഇന്‍കം ടാകസ് ഇളവ് ലഭിക്കുമെന്ന് പറഞ്ഞായിരുന്നു നിര്‍ബന്ധം. ഭര്‍ത്താവിനെ വിശ്വസിച്ച മീര അപ്പാര്‍ട്ട്‌മെന്റ് ഭര്‍ത്താവിന്റെ പേരിലേക്ക് മാറ്റി. വാടക വരുമാനവും ഭര്‍ത്താവ് തന്നെ കൈപ്പറ്റാന്‍ തുടങ്ങി. കുറച്ചുകഴിഞ്ഞപ്പോള്‍ മീരയുടെ ശമ്പളത്തിലും അയാള്‍ കൈകടത്താന്‍ തുടങ്ങി. അവളുടെ ഇന്റര്‍നെറ്റ് ബാങ്കിംഗ് പാസ് വേര്‍ഡ് ചോദിച്ചുവാങ്ങി ഇടപാടുകള്‍ നടത്താന്‍ തുടങ്ങി. അവള്‍ എന്തൊക്കെ ചിലവഴിക്കണം, പണം എന്താവശ്യത്തിന് ഉപയോഗിക്കണം തുടങ്ങിയ കാര്യങ്ങളിലെല്ലാം നിയന്ത്രണം കൊണ്ടുവന്നു. പ്രമോഷന്റെ കാര്യം വന്നപ്പോള്‍ ട്രാന്‍സ്ഫര്‍ വരുമെന്ന് പറഞ്ഞ് പ്രമോഷന്‍ വേണ്ടെന്ന് എഴുതിക്കൊടുക്കാന്‍ നിര്‍ബന്ധിച്ചു. നമുക്കിപ്പോള്‍ കുട്ടികളുടെ കാര്യമാണ് പ്രധാനം, പ്രമോഷനും ശമ്പള വര്‍ധനവുമല്ല എന്നായിരുന്നു അതിന് അയാള്‍ പറഞ്ഞ ന്യായീകരണം. തന്റെ അപ്പാര്‍ട്ട്‌മെന്റ് ഈടുവെച്ച് ഭര്‍ത്താവ് വലിയ ഒരു തുക വായ്പ എടുത്ത വിവരം മീര അറിഞ്ഞു. വായ്പ ഭര്‍ത്താവ് തിരിച്ചടയ്ക്കാതെ വന്നതോടെ ബാങ്ക് അറ്റാച്ച് ചെയ്യുമെന്ന ഘട്ടം വന്നപ്പോള്‍ ഈ പണമൊക്കെ എന്തുചെയ്തു എന്ന് മീര ഭര്‍ത്താവിനോട് ചോദിച്ചു. അതോടെ അവര്‍ തമ്മില്‍ വഴക്കായി. മീര ഇപ്പോള്‍ സ്വന്തം വീട്ടിലാണ്. വിവാഹമോചനം ആഗ്രഹിക്കുന്നു. അയാള്‍ അതിന് തയ്യാറല്ല. മീരയ്ക്ക് തന്റെ സ്വത്തും സമ്പാദ്യവും ഭാവിയും നഷ്ടപ്പെട്ടു.
മീരയുടെ കഥ ഒറ്റപ്പെട്ടതല്ല. സമാന അനുഭവങ്ങളിലൂടെ കടന്നുപോകുന്ന നിരവധി സ്ത്രീകള്‍ നമുക്ക് ചുറ്റും നരകയാതന അനുഭവിക്കുന്നുണ്ട്.
Content Highlights: Recognize financial abuse signs early. Protect your financial independence and future. Learn about toxic relationship patterns and gain control