
പ്രതീകാത്മകചിത്രം (AI genarated)
മീര 32-ാമത്തെ വയസിലാണ് വിവാഹം കഴിക്കുന്നത്. വിവാഹം കഴിക്കാന്‍ വൈകി എന്ന് മാതാപിതാക്കളും ബന്ധുക്കളുമൊക്കെ പറഞ്ഞെങ്കിലും മീരയ്ക്ക് അങ്ങനെ തോന്നിയതേയില്ല. ഒരു പൊതുമേഖല സ്ഥാപനത്തിലെ അക്കൗണ്ടന്റായ മീരയ്ക്ക് മാതാപിതാക്കള്‍ വിവാഹ സമ്മാനമായി നല്‍കിയത് മീരയുടെ പേരില്‍ ഒരു ചെറിയ അപ്പാര്‍ട്ട്‌മെന്റാണ്. ആ വീട് വാടകയ്ക്ക് നല്‍കി മറ്റൊരു വരുമാന മാര്‍ഗം കൂടി മീര സ്വന്തമാക്കി. എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞതോടെ അപ്പാര്‍ട്ട്‌മെന്റ് തന്റെ പേരിലാക്കിത്തരണമെന്ന് ഭര്‍ത്താവ് നിര്‍ബന്ധിക്കാന്‍ തുടങ്ങി. തനിക്ക് വരുമാനം കൂടുതലായതുകൊണ്ട് അപ്പാര്‍ട്ട്‌മെന്റെ് തന്റെ പേരിലാണ് എങ്കില്‍ ഇന്‍കം ടാകസ് ഇളവ് ലഭിക്കുമെന്ന് പറഞ്ഞായിരുന്നു നിര്‍ബന്ധം. ഭര്‍ത്താവിനെ വിശ്വസിച്ച മീര അപ്പാര്‍ട്ട്‌മെന്റ് ഭര്‍ത്താവിന്റെ പേരിലേക്ക് മാറ്റി. വാടക വരുമാനവും ഭര്‍ത്താവ് തന്നെ കൈപ്പറ്റാന്‍ തുടങ്ങി. കുറച്ചുകഴിഞ്ഞപ്പോള്‍ മീരയുടെ ശമ്പളത്തിലും അയാള്‍ കൈകടത്താന്‍ തുടങ്ങി. അവളുടെ ഇന്റര്‍നെറ്റ് ബാങ്കിംഗ് പാസ് വേര്‍ഡ് ചോദിച്ചുവാങ്ങി ഇടപാടുകള്‍ നടത്താന്‍ തുടങ്ങി. അവള്‍ എന്തൊക്കെ ചിലവഴിക്കണം, പണം എന്താവശ്യത്തിന് ഉപയോഗിക്കണം തുടങ്ങിയ കാര്യങ്ങളിലെല്ലാം നിയന്ത്രണം കൊണ്ടുവന്നു. പ്രമോഷന്റെ കാര്യം വന്നപ്പോള്‍ ട്രാന്‍സ്ഫര്‍ വരുമെന്ന് പറഞ്ഞ് പ്രമോഷന്‍ വേണ്ടെന്ന് എഴുതിക്കൊടുക്കാന്‍ നിര്‍ബന്ധിച്ചു. നമുക്കിപ്പോള്‍ കുട്ടികളുടെ കാര്യമാണ് പ്രധാനം, പ്രമോഷനും ശമ്പള വര്‍ധനവുമല്ല എന്നായിരുന്നു അതിന് അയാള്‍ പറഞ്ഞ ന്യായീകരണം. തന്റെ അപ്പാര്‍ട്ട്‌മെന്റ് ഈടുവെച്ച് ഭര്‍ത്താവ് വലിയ ഒരു തുക വായ്പ എടുത്ത വിവരം മീര അറിഞ്ഞു. വായ്പ ഭര്‍ത്താവ് തിരിച്ചടയ്ക്കാതെ വന്നതോടെ ബാങ്ക് അറ്റാച്ച് ചെയ്യുമെന്ന ഘട്ടം വന്നപ്പോള്‍ ഈ പണമൊക്കെ എന്തുചെയ്തു എന്ന് മീര ഭര്‍ത്താവിനോട് ചോദിച്ചു. അതോടെ അവര്‍ തമ്മില്‍ വഴക്കായി. മീര ഇപ്പോള്‍ സ്വന്തം വീട്ടിലാണ്. വിവാഹമോചനം ആഗ്രഹിക്കുന്നു. അയാള്‍ അതിന് തയ്യാറല്ല. മീരയ്ക്ക് തന്റെ സ്വത്തും സമ്പാദ്യവും ഭാവിയും നഷ്ടപ്പെട്ടു.
മീരയുടെ കഥ ഒറ്റപ്പെട്ടതല്ല. സമാന അനുഭവങ്ങളിലൂടെ കടന്നുപോകുന്ന നിരവധി സ്ത്രീകള്‍ നമുക്ക് ചുറ്റും നരകയാതന അനുഭവിക്കുന്നുണ്ട്.
പല ബന്ധങ്ങളിലെയും അപായ സൂചനകള്‍ സാമ്പത്തിക കാര്യങ്ങളിലൂടെയാണ് പുറത്തുവരുന്നത്. എന്നാല്‍ തുടക്കത്തില്‍ ആരും അത് ശ്രദ്ധിക്കില്ല. നമ്മുടെ കുടുംബങ്ങളില്‍ സാമ്പത്തിക തീരുമാനങ്ങള്‍ എടുക്കുന്നത് ഇപ്പോഴും പുരുഷന്മാരാണ്. അതുകൊണ്ട് ഭര്‍ത്താക്കന്മാരുടെ അത്തരം സമീപനങ്ങളെ സ്വാഭാവികം എന്ന് തന്നെ ഭാര്യമാര്‍ കരുതും. എന്നാല്‍ ഇത്തരം മേല്‍ക്കോയ്മ ഉപയോഗിച്ച് ഭാര്യമാരുടെ സമ്പാദ്യത്തെ നിയന്ത്രിക്കാനും ദുരുപയോഗിക്കാനും എല്ലാം രഹസ്യമാക്കിവയ്കക്കാനും തുടങ്ങുന്നത് അനാരോഗ്യകരം എന്ന് മാത്രമല്ല അപകടകരവും കൂടിയാണ്.
കുടുംബങ്ങളിലെ സാമ്പത്തിക പീഡനവും ചൂഷണവും ഒരിക്കലും പുറത്തറിയില്ല. കാരണം അത് വളരെ നിശബ്ദമാണ്. ഭാര്യ പോലും അത് വളരെ വൈകിയായിരിക്കും അറിയുക. അത്രയ്ക്ക് നിശബ്ദമായിട്ടാകും അത് ഭര്‍ത്താക്കന്മാര്‍ നടത്തിയെടുക്കുക. ആദ്യം സാമ്പത്തിക സ്വാതന്ത്ര്യത്തെ പതിയെ ഇല്ലാതാക്കും. പിന്നീടാണ് രഹസ്യമായി സമ്പാദ്യം കവരുന്നത്. സ്ത്രീകളോട് ഇത് ചെയ്യുന്നത് ഭര്‍ത്താക്കന്മാര്‍ മാത്രമല്ല. ഇങ്ങനെ ചെയ്യുന്ന പിതാക്കന്മാരും സഹോദരന്മാരും കാമുകന്മാരുമൊക്കെയുണ്ട്. എല്ലാവരും ഇങ്ങനെ ആണെന്നല്ല. ഇതുപോലെ ചെയ്യുന്നവരുമുണ്ട്. തുടക്കത്തിലേ ശ്രദ്ധിച്ചാല്‍ അത്രയും നന്ന്.
തിരിച്ചറിയേണ്ട അപായ സൂചനകളില്‍ ചിലത് ഇനി പറയുന്നു.
1. നീയൊന്നും അറിയേണ്ട. ഞാനെല്ലാം നോക്കിക്കോളാം. എല്ലാം കൂടി നീ തലയിലേറ്റേണ്ട. ഈ വാചകം കേള്‍ക്കാന്‍ നല്ല സുഖമുണ്ട്. എന്ത് നല്ല കെയര്‍, സ്‌നേഹം ആഹാ...
പക്ഷേ പതുക്കെ പതുക്കെ വീടുമായി ബന്ധപ്പെട്ട എല്ലാ സാമ്പത്തിക കാര്യങ്ങളിലും നിന്ന് നിങ്ങള്‍ പുറത്താകും. വെറുമൊരു എടിഎം കാര്‍ഡ് മാത്രമായി നിങ്ങള്‍ ചുരുങ്ങും. ഇത്തരം പറച്ചിലിനെ അപായ മുന്നറിയിപ്പായി കണക്കാക്കണം.
2. ഞാനില്ലേ നിനക്ക്, നീയെന്തിന് ജോലിക്ക് പോണം. വരുമാനമുണ്ടാക്കണം.
കേള്‍ക്കാന്‍ സുഖമുള്ളതാണ് ഇതും. പക്ഷേ അത് നിങ്ങളുടെ സാമ്പത്തിക സ്വാതന്ത്യം ഇല്ലാതാക്കാനുള്ള ആദ്യ പടിയാണ് എന്ന് തിരിച്ചറിയണം.
3. അതൊക്കെ നീയറിയുന്നതെന്തിനാ. നിന്റെ കാര്യത്തിന് ഇവിടെ ഒരു കുറവുമില്ലല്ലോ.
കുടുംബത്തിലെ സാമ്പത്തിക കാര്യങ്ങളെക്കുറിച്ച് ചോദിച്ചാലോ നിങ്ങളുടെ ശമ്പളം എന്തിനൊക്കെ ചിലവഴിച്ചെന്ന് ചോദിച്ചാലോ ഈ മറുപടിയാകും കിട്ടുക. അതൊക്കെ ഞാനും കൂടി അറിഞ്ഞിരിക്കണം എന്നുതന്നെ നിങ്ങള്‍ പറയണം. ഭര്‍ത്താവിനോടായാലും അച്ഛനോടായാലും സഹോദരനോടായാലും കാമുകനോടായാലും.
4. ഭര്‍ത്താവ് തന്റെ ചിലവുകളെക്കുറിച്ച് തുറന്ന് പറയാത്തിടത്തോളം കാലം നിങ്ങള്‍ ചിലവഴിക്കുന്നതിനൊക്കെ കണക്ക് ചോദിക്കാന്‍ തുടങ്ങിയാല്‍ സൂക്ഷിക്കണം.
5. രണ്ടുപേരും കൂടി പണം ചിലവഴിച്ച് വാങ്ങുന്നത് അത് എന്തുമായിക്കൊട്ടെ, വീടോ, സ്ഥലമോ, കാറോ, ഓഹരി, മ്യൂച്വല്‍ ഫണ്ട് നിക്ഷേപമോ ഭര്‍ത്താവിന്റെ പേരില്‍ മാത്രമാണ് രജിസ്റ്റര്‍ ചെയ്യുന്നതെങ്കില്‍ സൂക്ഷിക്കണം.
6. ക്രഡിറ്റ് കാര്‍ഡ് ബില്ലുകളും വായ്പാ വിവരങ്ങളും നിങ്ങളില്‍ നിന്ന് മറച്ചുവയ്ക്കുന്നുണ്ടോ. സൂക്ഷിക്കുക. അതൊരു വലിയ സൂചനയാണ്. നിങ്ങളും കൂടി അറിയാതെ കടക്കെണിയില്‍ അകപ്പെടും.
സമ്പാദ്യത്തില്‍ നിന്നും നിക്ഷേപങ്ങളില്‍ നിന്നും സ്ത്രീകളെ അകറ്റി നിര്‍ത്തിയാല്‍ അത് അവരുടെ സാമ്പത്തിക അസ്ഥിത്വത്തെ മാത്രമല്ല ഇല്ലാതാക്കുന്നത്. അത് അവരുടെ സെല്‍ഫ് എസ്റ്റീമിനെയും തീരുമാനമെടുക്കാനുള്ള ശേഷിയേയും ഇല്ലാതാക്കും. വൈകരികവും സാമ്പത്തികവുമായ ആശ്രയത്വം നിങ്ങളെ കൂട്ടിലടച്ച തത്തയേപ്പോലെ ആക്കും. ഒറ്റയ്ക്ക് അതിജീവിക്കാന്‍ ഒരിക്കലും ആകില്ലെന്ന് കരുതുന്നിടത്തോളം ഇത്തരം ടോക്‌സിക്ക് ബന്ധങ്ങളില്‍ നിങ്ങള്‍ പെട്ടുപോകാം. റിലേഷന്‍ഷിപ്പുകളില്‍ നിങ്ങള്‍ സ്റ്റ്ക്ക് ആയിപ്പോകും.
(ഈ വിഷയത്തെക്കുറിച്ചുള്ള അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സംശയങ്ങളും അറിയിക്കാം. ഫോണ്‍-9447667716. e-mail- jayakumarkk8@gmail.com)
Content Highlights: Recognize financial abuse signs early. Protect your financial independence and future. Learn about toxic relationship patterns and gain control
Published: 19 Jul 2025, 02:35 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented