ജയലളിതയെ കാണാൻ വിജയ്ക്ക് അനുമതി നൽകിയില്ല, ഏറ്റവും പുറകിൽ ഇരിപ്പിടം നൽകി

2013-ൽ റിലീസായ സിനിമയാണ് 'തലൈവാ'. വിജയ്‌ക്കൊപ്പം അമല പോൾ, സത്യരാജ്, നാസർ എന്നിവരാണ് പ്രധാനവേഷങ്ങളിലെത്തിയത്. ആദ്യം 2012 നവംബറിൽ റിലീസ് ചെയ്യാൻ നിശ്ചയിച്ചിരുന്ന ചിത്രം, എന്നാൽ 2013 ഓഗസ്റ്റ് 9-നാണ് റിലീസാവുന്നത്. മറ്റ് സ്ഥലങ്ങളിൽ റിലീസായപ്പോഴും, തമിഴ്‌നാട്ടിലും പുതുച്ചേരിയിലും അത് തിയേറ്ററുകളിലെത്തിയതുമില്ല. തമിഴ്‌നാട്ടിൽ ഓഗസ്റ്റ് 30-നാണ് റിലീസായത്. അന്നത്തെ മുഖ്യമന്ത്രി ജെ.ജയലളിതയുടെ എതിർപ്പുകൊണ്ടാണ് സിനിമ റിലീസാവാൻ വൈകിയത്. വൈകിയുള്ള റിലീസ് സിനിമയുടെ ബോക്‌സോഫീസ് പ്രകടനത്തെയും ബാധിച്ചു.
റിലീസിനുമുമ്പ് ഏറെ പ്രശ്‌നങ്ങളാണ് സിനിമയ്ക്ക് നേരിടേണ്ടിവന്നത്. ചെന്നൈയിലെ പല തിയേറ്റർ ഉടമകൾക്കും, അജ്ഞാതസംഘങ്ങളിൽനിന്ന് ബോംബ് ഭീഷണിയും ലഭിച്ചു. സിനിമ പ്രദർശിപ്പിക്കുന്നതിന് സംരക്ഷണം നൽകണമെന്ന് തിയേറ്റർ ഉടമകൾ ആവശ്യപ്പെട്ടെങ്കിലും, സർക്കാർ ആ ആവശ്യം നിരാകരിച്ചു.
സിനിമയുടെ ടാഗ്‌ലൈനാണ് പ്രശ്‌നങ്ങൾക്കെല്ലാം തുടക്കം കുറിച്ചത്. 'Time to Lead' എന്ന വരി, അന്നത്തെ സർക്കാരിനെതിരെയുള്ള മുദ്രാവാക്യമായിട്ടാണ് ജയലളിതയും സർക്കാരും കണ്ടത്. അത് ജയലളിതയുടെ നേതൃത്വത്തിനെതിരായിട്ടുള്ള വെല്ലുവിളിയായും അവർ കണക്കുകൂട്ടി. അങ്ങനെയാണ് 'തലൈവാ' വെളിച്ചം കാണാതെ പെട്ടിക്കുള്ളിൽ തന്നെ പൂട്ടിവെക്കേണ്ടി വന്നത്. അതിനൊപ്പം താരത്തിന്റെ അച്ഛൻ എസ്.എ.ചന്ദ്രശേഖറിന്റെ രാഷ്ട്രീയ താത്പര്യങ്ങളും പ്രശ്‌നങ്ങൾ രൂക്ഷമാക്കി.
തിയേറ്ററുകൾക്ക് സുരക്ഷ നൽകാതെയും ടാഗ്‌ലൈൻ നീക്കം ചെയ്യാൻ നിർബന്ധിച്ചും വിനോദ നികുതിയിലുള്ള ഇളവുകൾ തടഞ്ഞും സിനിമയുടെ റിലീസ് സർക്കാർ വൈകിപ്പിച്ചുകൊണ്ടേയിരുന്നു.
ഒടുവിൽ പ്രശ്‌നം പരിഹരിക്കുന്നതിനുള്ള അവസാനവഴിയെന്ന പേരിൽ വിജയ്‌യും, സംവിധായകൻ എ.എൽ.വിജയ്‌യും, നിർമാതാവ് ചന്ദ്രപ്രകാശ് ജെയിനും ജയലളിതയെ കാണുന്നതിനായി കോടനാടേക്ക് പോയി. എന്നാൽ അവർക്ക് പ്രവേശനം നിഷേധിക്കപ്പെട്ടു. ഒടുവിൽ വിജയ് ഒരു വീഡിയോ പുറത്തുവിട്ടു. മുഖ്യമന്ത്രിയോട് സംരക്ഷണം അഭ്യർത്ഥിച്ചും ആരാധകരോട് ക്ഷമയോടെ കാത്തിരിക്കാൻ പറഞ്ഞുകൊണ്ടുമുള്ള അതിവൈകാരികമായൊരു വീഡിയോ. ''പലരെയും പല പ്രശ്‌നങ്ങളിലും സഹായിച്ച മുഖ്യമന്ത്രിയോട് ഈ പ്രശ്‌നത്തിലും ഇടപെട്ട് ഒരു പരിഹാരമുണ്ടാക്കിത്തരാൻ ഞാൻ അഭ്യർത്ഥിക്കുന്നു. തലൈവാ എത്രയും പെട്ടെന്ന് റിലീസാവാനുള്ള സഹായം ചെയ്തുതരണമെന്നും അപേക്ഷിക്കുന്നു''.
ഒരിക്കൽ വിജയ്ക്ക് ജയലളിതയെ കാണാൻവേണ്ടി വഴിയരികിൽ കാത്തുനിൽക്കേണ്ടി വന്നു. കാറിലിരുന്നുകൊണ്ട് തന്നെ ജയലളിത അൽപനിമിഷം വിജയ്‌യോട് സംസാരിച്ചു. അതുകഴിഞ്ഞാണ് സിനിമ റിലീസായത്.
അതിനുപിന്നാലെ 2013 സെപ്റ്റംബറിലാണ് ഇന്ത്യൻസിനിമയുടെ സെന്റിനറി ആഘോഷങ്ങൾ ചെന്നൈയിൽ നടന്നത്. ആ പരിപാടിയും വിവാദങ്ങളിൽ അകപ്പെട്ടു. പരിപാടിയിലേക്ക് മറ്റു താരങ്ങൾക്കൊപ്പം ക്ഷണിക്കപ്പെട്ട വിജയ്ക്ക് വളരെ മോശം സ്വീകരണമാണ് ലഭിച്ചത്. അവസാനനിമിഷമാണ് വിജയ്ക്ക് ക്ഷണം ലഭിച്ചതെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു.
പരിപാടിക്കെത്തിയ താരത്തിന് കുറേ പിന്നിലായിട്ടാണ് ഇരിപ്പിടം ലഭിച്ചത്. അദ്ദേഹത്തിനൊപ്പമുള്ള മറ്റ് അഭിനേതാക്കൾക്ക് മുൻനിരയിൽ ഇരിപ്പിടം കിട്ടിയപ്പോഴാണ് ദളപതിക്ക് നേരെ ഇങ്ങനെയുള്ള സമീപനമുണ്ടായത്. അതിൽ വിജയ് അസ്വസ്ഥനായെങ്കിലും, അദ്ദേഹം ഒന്നും പറഞ്ഞില്ല. അവിടെ ജൂനിയർതാരങ്ങൾക്കൊപ്പം ഒറ്റയ്ക്കിരിക്കുന്ന വിജയ്‌യുടെ ചിത്രങ്ങൾ പിന്നീട് വൈറലായിരുന്നു. കുറച്ചുകഴിഞ്ഞപ്പോൾ അദ്ദേഹത്തിന് പിന്തുണയുമായി ചിയാൻ വിക്രം താരത്തിനൊപ്പം ഇരുന്നു. വിക്രമിന് മുൻനിരയിലായിരുന്നു ഇരിപ്പിടം ഒരുക്കിയതെങ്കിലും, അദ്ദേഹം പിന്നിലേക്ക് വരികയായിരുന്നു. കുറച്ചുകഴിഞ്ഞ് ഐശ്വര്യ രജനീകാന്തും താരത്തിനൊപ്പമെത്തി. ഇതെല്ലാം അന്നത്തെ മാധ്യമങ്ങളിൽ വാർത്തയുമായി. പക്ഷേ, അന്ന് വിക്രമും നടി സിമ്രാനുമൊഴിച്ച് മറ്റാരും വിജയ്‌ക്കൊപ്പം നിന്നില്ലെന്നത് അദ്ദേഹത്തെ വല്ലാതെ വേദനിപ്പിച്ചു.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Thalaivaa faced a delayed release in 2013 due to political interference in Tamil Nadu. The tagline 'Time to Lead' was perceived as a challenge to CM J. Jayalalithaa's leadership.Vijay had to personally intervene and release a video plea to resolve the standoff.