ഷർമിള ടാഗോറിന് ഇസ്ലാം മതം സ്വീകരിക്കേണ്ടി വന്നു എന്ന് മകൾ; 'അല്ലെങ്കിൽ ഈ വിവാഹം നടക്കുമായിരുന്നില്ല'

1969-ലാണ് ക്രിക്കറ്റ് ഇതിഹാസം മൻസൂർ അലി ഖാൻ പട്ടൗഡിയും നടി ഷർമിള ടാഗോറും വിവാഹിതരാവുന്നത്. വിവാഹത്തിന് ഏറെ എതിർപ്പുകളുണ്ടായെങ്കിലും അതിനെയെല്ലാം അവർ മറികടന്നു. വിവാഹം കഴിക്കാനായി ഷർമിള മതംമാറുകയും ചെയ്തു. അതിനുശേഷം അയേഷ എന്ന പേരാണ് അവർ സ്വീകരിച്ചത്. അത് ഷർമിളയുടെ വ്യക്തിപരമായ തീരുമാനമായിരുന്നെങ്കിലും, താമസിയാതെ അതൊരു വിവാദത്തിന് വഴിവെച്ചു. പിന്നാലെ ഷർമിളയ്ക്കും മൻസൂറിനും വധഭീഷണികളുമുണ്ടായി.
ഈയിടെ ദമ്പതികളുടെ രണ്ടാമത്തെ മകളും ജ്വല്ലറി ഡിസൈനറുമായ സബ അലി ഖാൻ പട്ടൗഡി, ഈ വിവാദത്തോട് പ്രതികരിക്കുകയും ഷർമിള ഇസ്ലാം മതം സ്വീകരിച്ചതിന്റെ യഥാർത്ഥകാരണം വെളിപ്പെടുത്തുകയും ചെയ്തു. വിവാഹം തടസ്സമില്ലാതെ നടക്കാനാണ് തന്റെ അമ്മ അത്തരമൊരു തീരുമാനമെടുത്തതെന്ന് അവർ പറഞ്ഞു. അല്ലാത്തപക്ഷം, തന്റെ മുത്തശ്ശി ഈ വിവാഹത്തിന് സമ്മതിക്കുമായിരുന്നില്ലെന്നും അവർ വ്യക്തമാക്കി.
''അക്കാലത്ത് മതം മാറേണ്ടത് അനിവാര്യമായിരുന്നു. മതം മാറ്റത്തിലൂടെയാണ് കാര്യങ്ങൾ നിയമവിധേയമായത്, അതുകൊണ്ട് തന്നെ കുട്ടികൾ നിയമപരമായ പദവി നേടി. അതൊരു അനിവാര്യതയായിരുന്നു. ചെയ്യണോ വേണ്ടയോ എന്ന് ആലോചിക്കാൻ കഴിയുന്ന ഒരു കാര്യമായിരുന്നില്ല അത്'', സിദ്ധാർത്ഥ് കണ്ണനുമായുള്ള സംഭാഷണത്തിനിടയിൽ അവർ പറഞ്ഞു. എന്തുകൊണ്ടാണ് അതൊരു അനിവാര്യതയായതെന്ന് ചോദിച്ചപ്പോൾ, വ്യവസ്ഥയുടെയും പാരമ്പര്യത്തിന്റെയും കാഴ്ചപ്പാടിൽ നിന്നാണ് അങ്ങനെ സംഭവിച്ചതെന്ന് സബ വിശദീകരിച്ചു.
''എന്റെ മുത്തശ്ശി (മൻസൂറിന്റെ അമ്മ) മറ്റൊരു രീതിയിലുള്ള വിവാഹത്തിന് ഒരിക്കലും സമ്മതിക്കുമായിരുന്നില്ല'', അവർ പറഞ്ഞു.
മതം മാറിയെങ്കിലും, സിനിമയിൽ അഭിനയിക്കുന്നതിൽനിന്ന് ഷർമിളയെ ഒരിക്കലും പിന്തിരിപ്പിച്ചിരുന്നില്ലെന്നും ഔദ്യോഗിക രേഖകളിൽ പേര് മാറ്റാൻ നിർബന്ധിച്ചിരുന്നില്ലെന്നും സബ വെളിപ്പെടുത്തി. മൻസൂർ ചിന്താഗതിയിൽ വളരെ പുരോഗമനപരമായ കാഴ്ചപ്പാടുള്ള വ്യക്തിയായിരുന്നുവെന്നും, അത് ഷർമിളയ്ക്ക് തന്റെ ഔദ്യോഗികജീവിതം തുടരാൻ സഹായകമായെന്നും അവർ കൂട്ടിച്ചേർത്തു.
ഷർമിള തന്റെ പാസ്പോർട്ടിലോ മറ്റ് ഔദ്യോഗിക രേഖകളിലോ പേര് മാറ്റണമെന്ന് മൻസൂറോ അദ്ദേഹത്തിന്റെ കുടുംബമോ ഒരിക്കലും ആവശ്യപ്പെട്ടിരുന്നില്ലെന്നും, അങ്ങനെ ചെയ്തിരുന്നെങ്കിൽ അത് അവരുടെ ഔദ്യോഗികജീവിതത്തിന് തടസ്സമായേനെ എന്നും സബ ചൂണ്ടിക്കാട്ടി. ''ഇത് അവരുടെ വ്യക്തിത്വത്തെയോ തൊഴിലിനെയോ ഒട്ടും ബാധിച്ചിരുന്നില്ല'', അവർ കൂട്ടിച്ചേർത്തു.
തന്റെ കുടുംബത്തിലെ പലരും ഏതെങ്കിലും ഒരു മതം കർശനമായി പിന്തുടരുന്നവരല്ലെന്നും സബ വ്യക്തമാക്കി. പിതാവിനെപ്പോലെ താനും ഇസ്ലാം മതം പിന്തുടരുന്നുണ്ടെങ്കിലും, ഹോളി, ദീപാവലി, ഈദ് തുടങ്ങിയ എല്ലാ ആഘോഷങ്ങളും ഒന്നിച്ച് ആഘോഷിച്ചാണ് തങ്ങൾ വളർന്നതെന്ന് അവർ പറഞ്ഞു. ''ഞങ്ങളുടെ മാതാപിതാക്കൾ രണ്ടുപേരും ഞങ്ങൾക്ക് ഇഷ്ടമുള്ള വഴി തിരഞ്ഞെടുക്കാൻ എപ്പോഴും അനുവാദം നൽകിയിരുന്നു'', സബ പറഞ്ഞു.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Sharmila Tagore converted to Islam to marry Mansoor Ali Khan Pataudi in 1969., Daughter Saba Ali Khan stated conversion was necessary for the marriage and legal status of children., Mansoor and his family never forced Sharmila to change her name on official documents or quit acting.