38-ാം വയസ്സിൽ വിരമിക്കുന്നുവെന്ന് അരിജിത് സിങ്; ഇതാണ് കാരണമെന്ന് ഗായകൻ

കഴിഞ്ഞ ദിവസമാണ് താൻ പിന്നണിഗാനരംഗത്തുനിന്ന് വിരമിക്കുകയാണെന്ന് ഗായകൻ അരിജിത് സിങ് ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചത്. ഇൻസ്റ്റഗ്രാമിലിട്ട കുറിപ്പിൽ ഇതൊരു അദ്ഭുതകരമായ യാത്രയാണെന്നാണ് അദ്ദേഹം കുറിച്ചത്. പിന്നീട് തന്റെ സ്വകാര്യ എക്‌സ് അക്കൗണ്ടിൽ ഇതിനുള്ള കാരണങ്ങൾ അദ്ദേഹം പങ്കുവെച്ചു. ഇത് ഏതെങ്കിലുമൊരു കാരണത്തിന്റെ പേരിൽ എടുത്ത തീരുമാനമല്ലെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.
വരുംകാലങ്ങളിൽ തന്റെ വ്യക്തിഗത വളർച്ചയിലേക്കും സ്വതന്ത്ര സംഗീതനിർമാണത്തിലേക്കും തന്റെ ശ്രമങ്ങൾ തിരിച്ചുവിടാനാണ് ആഗ്രഹിക്കുന്നതെന്നും അരിജിത് പറയുന്നു. ''ഇതിന് ഒരു കാരണം മാത്രമല്ല; ഒന്നിലധികം ഘടകങ്ങളുണ്ട്. കുറച്ചു കാലമായി ഞാൻ ഇതിനെക്കുറിച്ച് ചിന്തിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഒടുവിൽ, ആവശ്യമായ ധൈര്യം ഞാൻ സംഭരിച്ചു''.
തനിക്ക് എല്ലാ കാര്യങ്ങളിലും പെട്ടെന്ന് താത്പര്യം നഷ്ടപ്പെടുമെന്നും അദ്ദേഹം പറയുന്നു. ''എനിക്ക് പെട്ടെന്ന് താത്പര്യം നഷ്ടപ്പെടുന്ന പ്രവണതയുണ്ട്. മാത്രമല്ല, ഇപ്പോൾ ഞാൻ ക്ഷീണിതനായി. എനിക്ക് മുന്നോട്ടുപോവാൻ വ്യത്യസ്തമായ സംഗീതം കൂടുതൽ മനസ്സിലാക്കേണ്ടതുണ്ട്. ഇന്ത്യൻ ശാസ്ത്രീയസംഗീതത്തിലേക്ക് തിരിച്ചുപോകണം. എനിക്കെല്ലാം ആദ്യം മുതൽ തുടങ്ങണമെന്നുമുണ്ട്'', അദ്ദേഹം തന്റെ ഭാവിസ്വപ്‌നങ്ങളിലേക്ക് കടക്കുന്നു.
മുമ്പ് സിനിമാമേഖലയിലെ പ്രതിഫലത്തെക്കുറിച്ചും മറ്റും ശബ്ദമുയർത്തിയിട്ടുണ്ട് അരിജിത്. ''ഒന്നുകിൽ നല്ല പ്രതിഫലം നൽകുക, അല്ലെങ്കിൽ ഗായകർക്ക് ജോലി നൽകാതിരിക്കുക'', എന്നാണ് അന്ന് അദ്ദേഹം പറഞ്ഞത്.
''ഗായകരുടെ പ്രതിഫലം തീരുമാനിക്കുന്നത് ഒട്ടേറെ ചർച്ചകൾക്കുശേഷമാണ്. ഒടുവിൽ ആ പണവും അവസാനം കൊടുക്കുകയുമില്ല'', അരിജിത് അന്ന് പറഞ്ഞതിങ്ങനെ. ''സംഗീതജ്ഞർക്കും ഗായകർക്കും മുമ്പ് ഒരു സംവിധാനമുണ്ടായിരുന്നു. അതിനിയും വേണം. നിങ്ങൾ ഫൈനൽ സോങ് പാടിയാൽ, പണം ലഭിക്കും. അത് വളരെ മാന്യമായ ഒരു സംവിധാനമാണ്''.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Arijit Singh announces retirement from playback singing at 38, citing personal growth, independent music, and a desire to explore classical music.