ജീവിതത്തിൽ ഒരിക്കലേ ഹിംബ സ്ത്രീകൾ കുളിക്കാറുള്ളൂ; സൗന്ദര്യപരിപാലനത്തിന് കളിമണ്ണും മൃഗക്കൊഴുപ്പും

ഹിംബ സ്ത്രീകൾ / Wikipedia
ഹിംബ സ്ത്രീകൾ / Wikipedia

വിചിത്രമായ ആചാരങ്ങളുള്ള ഒട്ടേറെ ഗോത്രവർഗക്കാരുണ്ട് ലോകം മുഴുവൻ. അങ്ങനൊരു വിഭാഗക്കാരാണ് ഹിംബ (Himba Tribe). വടക്കുപടിഞ്ഞാറൻ നമീബിയയിലാണ് ഇവർ വസിക്കുന്നത്. അർദ്ധ-നാടോടി (semi nomadic) വിഭാഗത്തിൽ പെട്ടവരാണിവർ. ഹിംബ ഗോത്രത്തിലെ, പ്രത്യേകിച്ച് അവരുടെ സ്ത്രീകൾക്കിടയിൽ വളരെ വ്യത്യസ്തമായ ആചാരങ്ങളുണ്ട്.

പ്രത്യേകരീതിയിലാണ് ആ സ്ത്രീകൾ തങ്ങളുടെ രൂപഭംഗി പരിപാലിക്കുന്നതും. മൃഗങ്ങളുടെ കൊഴുപ്പും കളിമണ്ണും ചേർത്ത് അവരൊരു ചുവന്ന മിശ്രിതം തയ്യാറാക്കുന്നു. ഇത് ദേഹത്തും മുടിയിലുമെല്ലാം പുരട്ടും. കഠിനമായ സൂര്യപ്രകാശത്തിൽനിന്ന് സംരക്ഷണം നൽകാൻ ഇത് സഹായിക്കുമെന്നാണ് അവരുടെ വിശ്വാസം. അതിനൊപ്പം ശാരീരികസൗന്ദര്യത്തിനും ഈ മിശ്രിതം നല്ലതാണെന്ന് അവർ കരുതുന്നു.

കളിമണ്ണിനും മൃഗങ്ങളുടെ കൊഴുപ്പിനുമൊപ്പം ചിലപ്പോൾ സുഗന്ധം തരുന്ന ചെടികളോ പൂക്കളോ ഹിംബ സ്ത്രീകൾ ചേർക്കും. ഇത് അവരുടെ ശരീരത്തിന് നല്ല സുഗന്ധം നൽകാൻ സഹായിക്കുന്നു.

മറ്റൊരു വളരെ വിചിത്രമായ ആചാരവും ഇവർക്കിടയിലുണ്ട്. ഹിംബ സ്ത്രീകൾക്ക് വെള്ളത്തിൽ കുളിക്കാനുള്ള അനുവാദമില്ല. പുരുഷൻമാർക്ക് മാത്രമേ വെള്ളത്തിൽ കുളിക്കാനുള്ള അനുവാദമുള്ളൂ.

അതിനുപകരം 'സ്‌മോക്ക് ബാത്തിങ്' (Smoke Bathing) ആണ് അവരുടേത്. ഒരു കളിമൺപാത്രത്തിൽ കനലും സുഗന്ധമുള്ള സസ്യങ്ങളുമിട്ട് പുക വരുമ്പോൾ, അതിലേക്ക് ചാരിനിൽക്കുകയാണ് ചെയ്യുന്നത്. ഇത് ശരീരത്തെ ശുദ്ധീകരിക്കുമെന്നാണ് അവരുടെ വിശ്വാസം. അതിനൊപ്പം നല്ലൊരു സുഗന്ധം അവശേഷിപ്പിക്കുകയും ചെയ്യുന്നു. എന്നാൽ തങ്ങളുടെ ജീവിതകാലത്ത് ഒരുദിവസം മാത്രം ഹിംബ സ്ത്രീകൾക്ക് കുളിക്കാനുള്ള അനുവാദമുണ്ട്. അതവരുടെ വിവാഹദിവസമാണ്.

സ്വാഭാവികസൗന്ദര്യത്തിന് പ്രാധാന്യം കൊടുക്കുന്നവരാണ് ഹിംബ ഗോത്രവിഭാഗം. അതുകൊണ്ട് സ്ത്രീകളും പുരുഷൻമാരും അരയ്ക്കുമുകളിലേക്ക് വസ്ത്രങ്ങളൊന്നും ധരിക്കില്ല. മൃഗങ്ങളുടെ തൊലികൊണ്ടുള്ള പാവാട പോലൊരു വസ്ത്രം മാത്രം ദേഹത്തിടും. ഒപ്പം കുറേ പരമ്പരാഗത ആഭരണങ്ങളും.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Himba women use a mixture of animal fat and clay for skin protection and beauty., Traditional smoke bathing is used instead of water bathing for hygiene., Himba women are traditionally allowed to bathe in water only on their wedding day.