തൃഷയ്ക്കുള്ള പിറന്നാൾസമ്മാനമാണ് വിജയ്‌യുടെ ജയമെന്ന് താരങ്ങൾ; ആഘോഷിച്ച് ആരാധകരും

തൃഷ, വിജയ് | PTI, Instagram
തൃഷ, വിജയ് | PTI, Instagram

തമിഴ്‌നാട്ടിൽ വിജയ് തരംഗമാണിപ്പോൾ. തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ 108 സീറ്റുകളാണ് വിജയ്‌യുടെ പാർട്ടിയായ തമിഴക വെട്രി കഴകം (TVK) നേടിയത്. ഏറ്റവും കൂടുതൽ സീറ്റ് നേടിയ ഒറ്റക്കക്ഷിയായി മാറുകയും ചെയ്തു. കേവലഭൂരിപക്ഷത്തിൽനിന്ന് 10 സീറ്റ് മാത്രം അകലെയാണിപ്പോൾ പാർട്ടി. ഒരു പാർട്ടിക്കും ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തിൽ അവിടെയെന്ത് സംഭവിക്കുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

എന്നാൽ, വിജയ് തന്നെയായിരിക്കും അടുത്ത തമിഴ്‌നാട് മുഖ്യമന്ത്രിയെന്നാണ് പലരും കണക്കുകൂട്ടുന്നത്. അതിനിടെ വിജയ്‌യുടെ സ്വകാര്യജീവിതവും ബന്ധങ്ങളുമെല്ലാം ചർച്ചയാവുകയാണ്. ഒപ്പം തൃഷയുമായുള്ള ബന്ധവും. 2025-ൽ വിജയ്‌യുടെ ഭാര്യ സംഗീത സ്വർണലിംഗം വിവാഹമോചനത്തിന് ഹർജി സമർപ്പിച്ചതോടെയാണ്, അതിലേക്ക് തൃഷയുടെ പേരും വലിച്ചിഴയ്ക്കപ്പെട്ടത്. ഹർജിയിൽ കാരണങ്ങളിലൊന്നായി സംഗീത പറഞ്ഞത്, ഒരു നടിയുമായി വിജയ്ക്കുള്ള ബന്ധമാണ്. അത് തൃഷയാണെന്ന രീതിയിലായി അതിനുശേഷമുള്ള ചർച്ചകൾ.

മേയ് നാലിനായിരുന്നു തൃഷയുടെ പിറന്നാൾ. അതേദിവസം തന്നെയാണ് തമിഴ്‌നാട്ടിലെ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതും. തിരുപ്പതി ക്ഷേത്രത്തിലെ ദർശനത്തോടെയാണ് തൃഷ പിറന്നാൾ ആഘോഷങ്ങൾക്ക് തുടക്കംകുറിച്ചത്. തിരിച്ചെത്തിയശേഷം, വിജയ്‌യുടെ വീട്ടിലെത്തുകയും ചെയ്തു തൃഷ. അപ്പോഴേക്കും ടി.വി.കെ.യുടെ തേരോട്ടം അവസാനഘട്ടത്തിലേക്ക് എത്തിക്കഴിഞ്ഞിരുന്നു.

തൃഷയെ പിറന്നാൾദിനത്തിൽ താരങ്ങളിൽ പലരും അഭിനന്ദിച്ചതും വിജയ്‌യുടെ വിജയത്തെ കൂട്ടുപിടിച്ചാണ്. വോട്ടെണ്ണൽ തുടങ്ങി തമിഴക വെട്രി കഴകം മുന്നേറ്റം തുടങ്ങിയപ്പോൾ തന്നെ നടി ലക്ഷ്മി മഞ്ചു, തൃഷയ്ക്ക് പിറന്നാൾ ആശംസയുമായെത്തി. ''എക്കാലത്തെയും സുന്ദരി തൃഷയ്ക്ക് ജന്മദിനാശംസകൾ! ആഘോഷിക്കാൻ എന്തൊരു ദിവസമാണിത്! ആ വമ്പൻ വിജയത്തിലൂടെ പ്രപഞ്ചം നിങ്ങൾക്ക് ഏറ്റവും മികച്ച ജന്മദിന സമ്മാനം നൽകാൻ തീരുമാനിച്ചതായി ഞാൻ കരുതുന്നു! ഇന്ന് നിങ്ങൾക്ക് ഇരട്ടി ആഘോഷം''.

തൃഷയുടെ ഇൻസ്റ്റഗ്രാം സ്റ്റോറി ഷെയർ ചെയ്തുകൊണ്ട് നടി രാധിക ശരത്കുമാർ ഇങ്ങനെ എഴുതി, ''Happy Birthday, whatte a gift''. ഈ രണ്ട് ആശംസകളിലൂടെയും താരങ്ങൾ എന്താണ് ഉദ്ദേശിക്കുന്നതെന്ന് എല്ലാവർക്കും പെട്ടെന്ന് തന്നെ മനസ്സിലായി.

തമിഴ്‌നാട്ടിലെ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്ന ദിവസം തന്നെ തൃഷയുടെ ജൻമദിനം എന്നത് സോഷ്യൽമീഡിയയിൽ ഞായറാഴ്ച രാത്രി മുതലേ ആഘോഷിക്കപ്പെട്ടിരുന്നു. പിന്നാലെ മത്സരിച്ച രണ്ടുമണ്ഡലങ്ങളിലും വിജയ് ജയിക്കുകയും കൂടി ചെയ്തതോടെ അതവർക്ക് ഇരട്ടിമധുരമായി.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Vijay's TVK party emerged as the single largest party in the 2026 Tamil Nadu assembly elections with 108 seats. Trisha's birthday on May 4th coincided with the election results, leading to widespread social media speculation. Celebrities like Lakshmi Manchu and Radikaa Sarathkumar linked the election victory to Trisha's birthday celebrations.