മിതമായ അളവിൽ മദ്യപിക്കാം; ഈ വാദം എത്രത്തോളം ശരിയാണ്?

എഐ നിർമിതചിത്രം
എഐ നിർമിതചിത്രം

ചെറിയ അല്ലെങ്കിൽ മിതമായ അളവിൽ മദ്യം കഴിക്കുന്നത് കുഴപ്പമില്ലെന്ന തരത്തിലുള്ള ചർച്ചകൾ കുറേനാളായിട്ടുണ്ട്. മിതമായ മദ്യപാനം വലിയ പ്രശ്‌നങ്ങളുണ്ടാക്കില്ലെന്നാണ് അതിനെ അനുകൂലിക്കുന്നവരുടെ വാദം. എന്നാൽ, അതിന് ശാസ്ത്രീയമായ വശങ്ങളൊന്നും തന്നെയില്ല.

ഇപ്പോഴിതാ കുറച്ച് കഴിക്കുന്നതുകൊണ്ട് കുഴപ്പമില്ല എന്ന വാദങ്ങളെ പൂർണമായി തള്ളിക്കളയാൻ പറ്റിയ അവലോകനവുമായി വന്നിരിക്കുകയാണ് 'ജേണൽ ഓഫ് ഹെപ്പറ്റോളജി'യിൽ പ്രസിദ്ധീകരിച്ച ലേഖനം. പൂർണമായും അപകടരഹിതമായ മദ്യപാനം എന്നൊന്നില്ലെന്ന് ലേഖനം വെളിപ്പെടുത്തുന്നു.

മദ്യപാനത്തെയും ആരോഗ്യഫലങ്ങളെയും കുറിച്ചുള്ള തെളിവുകൾ പരിശോധിച്ചാണ് ഇത്തരമൊരു നിഗമനത്തിൽ പഠനമെത്തിയത്. അമിതമായ മദ്യപാനത്തിലൂടെ അപകടസാധ്യതകൾ വർധിക്കുമെന്നും പഠനം പറയുന്നു. ലോകാരോഗ്യസംഘടന ഉൾപ്പെടെയുള്ള പൊതുജനാരോഗ്യസംഘടനകളുടെ കണ്ടെത്തലുകളുമായി യോജിച്ചുപോവുന്നതാണിത്. ആദ്യമായി മദ്യപിക്കുമ്പോൾ തന്നെ ആരോഗ്യത്തിന് ദോഷങ്ങൾ സംഭവിച്ചുതുടങ്ങുമെന്നാണിത് പറയുന്നത്.

2019-ലെ ലോകാരോഗ്യസംഘടനയുടെ കണക്കുകൾ പ്രകാരം 2.6 ദശലക്ഷം പേരാണ് മദ്യപാനം മൂലം മരിക്കുന്നത്. ലോകജനസംഖ്യയുടെ 7 ശതമാനം, അതായത് 15 വയസ്സിനുമുകളിലുള്ള 400 ദശലക്ഷം ആളുകൾ മദ്യാസക്തിയുമായി ജീവിച്ചുവെന്നും ലോകാരോഗ്യസംഘടന പറയുന്നു. കുറഞ്ഞ അളവിൽ മദ്യം കഴിക്കുന്നത് പോലും ആരോഗ്യത്തിന് ഹാനികരമാണ്. ഈ കണക്കുകളെയെല്ലാം സാധൂകരിക്കുന്ന പഠനങ്ങളാണ് 'ജേണൽ ഓഫ് ഹെപ്പറ്റോളജി' പുറത്തുവിട്ടിരിക്കുന്നത്.

അമിതമായ മദ്യപാനം വളരെ ദോഷകരമാണെന്നും 'സുരക്ഷിതമായ മദ്യപാനം' എന്നൊന്നില്ലെന്നും ലേഖനം വിലയിരുത്തുന്നു. മദ്യത്തിന്റെ അളവ് കൂടുന്നതിനനുസരിച്ച് അപകടസാധ്യതകൾ കൂടുമെങ്കിലും, ചില ആരോഗ്യപ്രശ്‌നങ്ങൾ വർധിക്കാൻ തുടക്കത്തിലേയുള്ള മദ്യപാനവും കാരണമാകുന്നുവെന്നും ലേഖനം കണ്ടെത്തി.

പ്രായം, ലിംഗഭേദം, ജനിതകശാസ്ത്രം, നിലവിലുള്ള ആരോഗ്യസ്ഥിതികൾ, മദ്യപാന രീതികൾ എന്നിവയുൾപ്പെടെ ഒന്നിലധികം ഘടകങ്ങളെ ആശ്രയിച്ച് അപകടസാധ്യത വ്യത്യാസപ്പെടുന്നുവെന്നും അതിൽ പറയുന്നു.

(Statutory Warning: മദ്യപാനം ആരോഗ്യത്തിന് ഹാനികരം)

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Journal of Hepatology study confirms no amount of alcohol is truly safe. Health risks begin even with low levels of consumption. WHO reports 2.6 million annual deaths linked to alcohol.