'സഹോദരിയില്‍ പിറക്കുന്ന കുഞ്ഞ് ശുദ്ധമായ രക്തം'; സഹോദരന്‍മാരെ വിവാഹം കഴിച്ച ക്ലിയോപാട്ര

സുന്ദരിയെന്നും തന്ത്രശാലിയെന്നും ലോകം വിളിച്ച ഭരണാധികാരിയാണ് ക്ലിയോപാട്ര. ഈജിപ്തിലെ ടോളമിക് രാജവംശത്തിലെ സജീവമായിരുന്ന അവസാനത്തെ ഫറവോ. ഈജിപ്തിലെ രാജകുടുംബങ്ങള്‍ തുടര്‍ന്നുപോന്ന ആചാരപ്രകാരം ക്ലിയോപാട്ര സ്വന്തം സഹോദരനെ വിവാഹം ചെയ്തിരുന്നുവെന്നത് ആധുനികലോകത്തിന് കൗതുകമാണ്. സഹോദരങ്ങള്‍ക്കു പുറമെ, പെണ്‍മക്കളെയും അവർ വിവാഹം ചെയ്തിരുന്നു. അങ്ങനെയൊരു ആചാരം നിലനില്‍ക്കാനുള്ള കാരണങ്ങളിലേക്ക്.
പിതാവിന്റെ മരണശേഷം 17-കാരിയായ ക്ലിയോപാട്രയ്ക്കും പത്തുവയസ്സുള്ള സഹോദരന്‍ ടോളമി 13-ാമനും അലക്‌സാണ്ട്രിയയുടെ ഭരണച്ചുമതല കൈമാറിക്കിട്ടി. രണ്ടുമക്കളും ഒന്നിച്ചുഭരിക്കണമെന്നത് പിതാവിന്റെ താത്പര്യമായിരുന്നു. രാജകീയ രക്തബന്ധം കഴിയുന്നത്ര ശുദ്ധിയോടെ നിലനിര്‍ത്തണമെന്ന് കരുതുന്ന പാരമ്പര്യമാണ് ഈജിപ്തിലുണ്ടായിരുന്നത്. അതുകൊണ്ടുതന്നെ ഫറോണിക് പാരമ്പര്യപ്രകാരം ക്ലിയോപാട്ര സഹോദരനും സഹ ഭരണാധികാരിയുമായ ടോളമി 13-ാമനെ വിവാഹം ചെയ്തു. പക്ഷേ, ഏറെനാള്‍ ഇരുവര്‍ക്കും പൊരുത്തപ്പെട്ട് മുന്നോട്ടുപോവാനായില്ല. ഭരണത്തില്‍ രണ്ടിലൊരാളെന്ന നിലയില്‍ മല്‍പ്പിടുത്തമായി പിന്നെ. ടോളമി പതിമൂന്നാമന്റെ പേര് ഔദ്യോഗിക രേഖകളില്‍ നിന്ന് ഒഴിവാക്കുകയും നാണയങ്ങളില്‍ ക്ലിയോപാട്രയുടെ മുഖം മാത്രം പ്രത്യക്ഷപ്പെടുകയും ചെയ്തു.
സംയുക്ത ഭരണം സംഭവിക്കാന്‍ സാധ്യതയില്ലാത്ത അന്തരീക്ഷം. അധികാരം പങ്കിടാന്‍ ക്ലിയോപാട്രയ്ക്ക് ഉദ്ദേശ്യമില്ലെന്ന് സഹോദരന് പെട്ടെന്നുതന്നെ ബോധ്യപ്പെട്ടു. ഇതോടെ സഹോദരന്‍ ക്ലിയോപാട്രയെ അലക്‌സാണ്ട്രിയ കൊട്ടാരത്തില്‍ നിന്ന് പുറത്താക്കി. പിന്നീട് തിരികെയെത്തിയ ക്ലിയോപാട്ര റോമാ സാമ്രാജ്യ ചക്രവര്‍ത്തി ജൂലിയസ് സീസറുമായി ചേര്‍ന്ന് അലക്‌സാണ്ട്രിയയുടെ ഭരണം പിടിച്ചത് ചരിത്രം. ഇളയ സഹോദരനെയും ക്ലിയോപാട്ര വിവാഹം ചെയ്തിരുന്നു. മൂത്ത സഹോദരന്‍ നൈല്‍ നദിയില്‍ മുങ്ങിമരിച്ചപ്പോള്‍ ഇളയ സഹോദരനെ ക്ലിയോപാട്ര വിഷംകൊടുത്ത് കൊന്നു. (ബി.സി. 51 മുതല്‍ 30 വരെയായിരുന്നു ക്ലിയോപാട്രയുടെ ഭരണം)
ഒസിരിസും ഐസിസും- വിവാഹിതരായ ദൈവസഹോദരങ്ങള്‍
പുരാതന ഈജിപ്തുകാരുടെ ദൈവങ്ങളാണ് ഐസിസും ഒസിരിസും. ഇവര്‍ സഹോദരീസഹോദരന്മാരായിരുന്നു. പരസ്പരം ഇണകളും. ഒസിരിസിന്റെയും ഐസിസിന്റെയും സ്‌നേഹം ഐക്യത്തിന്റെയും ശക്തിയുടെയും പ്രതീകമാണ്. 'ഈജിപ്തിലെ രാജാക്കന്‍മാരെ ദൈവത്തിന്റെ അവതാരങ്ങളായിട്ടാണ് കണക്കാക്കിയിരുന്നത്. അതുകൊണ്ടുതന്നെ ഒസിരിസിനെയും ഐസിസിനെയും പോലെ സഹോദരങ്ങള്‍ തമ്മില്‍ വിവാഹംചെയ്യുന്ന ആചാരം അവര്‍ പിന്തുടര്‍ന്നുപോന്നു. ദൈവങ്ങളായതുകൊണ്ട് രാജാക്കന്മാര്‍ക്കും രാജ്ഞിമാര്‍ക്കും മാത്രമുള്ള ഒരു ശീലം.'-പ്രശസ്ത ഈജിപ്‌തോളജിസ്റ്റ് സാഹി ഹവാസ് പറയുന്നു.
വെറും ആചാരം മാത്രമായിരുന്നില്ല ഇതിനു പിന്നിലെ കാരണം. സഹോദരവിവാഹം മതവിശ്വാസങ്ങളിലും രാഷ്ട്രീയ തന്ത്രങ്ങളിലും സാമൂഹിക മാനദണ്ഡങ്ങളിലും ആഴത്തില്‍ വേരൂന്നിയതായിരുന്നു. പുരാതന ഈജിപ്തില്‍, എല്ലാത്തിലും മതമുണ്ടായിരുന്നു. ഭൂമിയിലെ ഭരണാധികാരികളും ദൈവിക പ്രതിനിധികളുമെന്ന നിലയില്‍ ഫറവോമാര്‍ അതിന്റെ കേന്ദ്രവും. തിരഞ്ഞെടുപ്പുകളും വ്യക്തിബന്ധങ്ങളും പോലും വിശ്വാസത്തിലൂന്നിമാത്രം. ഫറവോമാരെ സംബന്ധിച്ചിടത്തോളം, ഈ ദൈവിക ബന്ധം അനുകരിക്കുക അവരുടെ കര്‍ത്തവ്യമാണ്. ആചാരങ്ങള്‍ ലംഘിക്കപ്പെട്ടാല്‍ അരാജകത്വം വരുമെന്നും ദൈവങ്ങളും മനുഷ്യരും തമ്മിലുള്ള സന്തുലിതാവസ്ഥ തടസ്സപ്പെടുമെന്നും അവര്‍ കരുതി. ആരാധനാകേന്ദ്രങ്ങളില്‍ ഫറവോമാരെയും രാജ്ഞിമാരെയും ദൈവിക രൂപങ്ങളില്‍ ചിത്രീകരിക്കുന്ന രീതിയും അന്നുണ്ടായിരുന്നു.
വിവാഹത്തിനു പിന്നിലെ രാഷ്ട്രീയം
ദൈവമെന്ന സ്ഥാനം കൊണ്ടുമാത്രം ഫറവോമാര്‍ ഭരണത്തില്‍ സുരക്ഷിതരായിരുന്നില്ല. രാജകുടുംബത്തിനകത്തുനിന്നും പുറത്തുനിന്നും അട്ടിമറി അവരെപ്പോഴും ഭയന്നു. ഇങ്ങനെയൊരു പശ്ചാത്തലത്തില്‍ സഹോദരിയെ വിവാഹം ചെയ്യുക ഏറ്റവും നല്ലൊരു രാഷ്ട്രീയതന്ത്രമാണ്. പലവിധ നേട്ടങ്ങളുള്ള ഒരു കൗശലം. ഒന്നാമതായി, ഇങ്ങനെയുള്ള ബന്ധങ്ങളില്‍ പിറക്കുന്ന കുഞ്ഞുങ്ങളുടെ അനന്തരാവകാശം ആരും ചോദ്യംചെയ്യില്ല.
വിവാഹങ്ങള്‍ പുറത്തുനിന്നായാല്‍ കിരീടം കൈക്കലാക്കാന്‍ കുടുംബത്തിനകത്തുതന്നെ കലഹമുണ്ടാകാനോ യുദ്ധംപോലും പൊട്ടിപ്പുറപ്പെടാനോ സാധ്യതയുണ്ട്. ഫറവോയ്ക്ക് സഹോദരിയില്‍ പിറക്കുന്ന കുഞ്ഞിനെയാണ് ഏറ്റവും ശുദ്ധമായ രക്തമായി കണക്കാക്കിയിരുന്നത്. അത് തര്‍ക്കങ്ങളില്ലാതെ നേരിട്ട് കുഞ്ഞിനെ കിരീടത്തിന് അവകാശിയുമാക്കുന്നു. ഫറവോ സ്വന്തം കുടുംബത്തില്‍ തന്നെ അധികാരം നിലയുറപ്പിക്കുന്നു.
സാധാരണക്കാരുടെ ആചാരം
സാധാരണജനങ്ങള്‍ ചില പ്രത്യേകസന്ദര്‍ഭങ്ങളില്‍ സഹോദരവിവാഹങ്ങള്‍ നടത്തിയിരുന്നു. പക്ഷേ, ആചാരമായിരുന്നില്ല. കാലവും വിശ്വാസവുമടക്കം അതിന്റെ കാരണങ്ങളും വ്യത്യസ്തമായിരുന്നു. റോമാക്കാര്‍ ഈജിപ്ത് നിയന്ത്രിച്ചിരുന്ന കാലത്താണ് പൊതു ജനങ്ങള്‍ക്കിടയില്‍ സഹോദരവിവാഹങ്ങള്‍ പതിവായി നടന്നിരുന്നത്. പുരാതന രേഖകള്‍ പരിശോധിച്ച ശാസ്ത്രജ്ഞര്‍ പറയുന്നത് റോമാക്കാരുടെ വരവിനു മുമ്പ് സാധാരണക്കാര്‍ക്കിടയില്‍ ഇങ്ങനെയൊരു പതിവില്ലായിരുന്നു എന്നാണ്. അതേസമയം, അടുത്ത ബന്ധമുള്ള കുടുംബങ്ങളില്‍ നിന്നും അകന്ന കുടുംബങ്ങളില്‍ നിന്നുമെല്ലാം വിവാഹം കഴിച്ചിരുന്നു. ഫറവോമാരുടെ ആചാരങ്ങള്‍ ചിലപ്പോഴൊക്കെ സാധാരണക്കാര്‍ അനുകരിക്കാറുമുണ്ട്.
രാജകുടുംബത്തിലെ ജനിതകവൈകല്യങ്ങള്‍
അടുത്ത ബന്ധുക്കള്‍ വിവാഹം ചെയ്യുമ്പോള്‍ ആ ബന്ധത്തില്‍ ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് ജനിതകവൈകല്യങ്ങളുണ്ടാകാം. തലമുറകളായി, ഈ രീതി തുടരുകയാണെങ്കില്‍ അപകടസാധ്യത കൂടുകയും ചെയ്യും. ഈജിപ്ഷ്യന്‍ രാജകുടുംബങ്ങളിലെ ചില അംഗങ്ങള്‍ക്ക് ഇത്തരം ആരോഗ്യപ്രശ്‌നങ്ങളുണ്ടായിരുന്നതായി ചരിത്ര രേഖകളും പുരാവസ്തുപഠനങ്ങളും സൂചിപ്പിക്കുന്നു. ഉദാഹരണത്തിന്, ഏറ്റവും പ്രശസ്തനായ ഫറവോമാരില്‍ ഒരാളായ തൂത്തന്‍ഖാമന് ഒന്നിലധികം ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായി ശാരീരിക അവശിഷ്ടങ്ങളുടെ പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്.
തൂത്തന്‍ഖാമന്റെ വൈകല്യങ്ങള്‍
ശാരീരികവെല്ലുവിളികൾ നേരിട്ട ഫറവോയായിരുന്നു തൂത്തന്‍ഖാമന്‍. കുടുംബത്തിനകത്തുള്ളവര്‍ തന്നെ പരസ്പരം വിവാഹിതരായതാവാം തൂത്തന്‍ഖാമൻ വൈകല്യങ്ങളോടെ ജനിക്കാന്‍ കാരണമായതെന്ന് ഒരു കൂട്ടം ശാസ്ത്രജ്ഞര്‍ വിശ്വസിക്കുന്നു. മലേറിയ, ജനിതകപരമായ അസ്ഥിരോഗം തുടങ്ങിയവ അദ്ദേഹത്തിനുണ്ടായിരുന്നെന്ന് തൂത്തന്‍ഖാമന്റെ മമ്മിയില്‍ നടത്തിയ പഠനത്തില്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഊന്നുവടിയുപയോഗിച്ച് നടന്ന വ്യക്തിയായിരുന്നുവെന്നും. മാതാപിതാക്കള്‍ സഹോദരീസഹോദരന്മാരായിരുന്നുവെന്നും ചരിത്രരേഖകൾ പറയുന്നു. ഹ്രസ്വകാല ഭരണമായിരുന്നു തൂത്തന്‍ഖാമന്റേത്.
തൂത്തന്ഖാമന് വിവാഹം ചെയ്തത് തന്റെ അര്‍ധസഹോദരിയായ അംഖേസനാമുനെയാണ്. ദമ്പതികള്‍ക്കു ജനിച്ച രണ്ടു പെണ്‍മക്കളും ചാപിള്ളയായിരുന്നു. ഇതും അടുത്ത കുടുംബ ബന്ധത്തില്‍ നിന്നുണ്ടായ ജനിതക സങ്കീര്‍ണതകള്‍ മൂലമാകാമെന്നാണ് അനുമാനം. 19-ാം വയസ്സില്‍ തൂത്തന്‍ഖാമന്‍ അന്തരിച്ചു. രോഗങ്ങള്‍ക്ക് കീഴടങ്ങിയതോ കൊലപാതകമോ ആവാം മരണകാരണമെന്ന് കരുതുന്നു. (ബിസി 1333 മുതല്‍ 1323 വരെ ഈജിപ്ത് ഭരിച്ച ചക്രവര്‍ത്തിയാണ് തൂത്തന്‍ ഖാമന്‍. ഒന്‍പതാംവയസ്സിലാണ് അധികാരത്തിലെത്തുന്നത്)
രാജവംശത്തിലെ മറ്റു ചിലരുടെ മമ്മികളിലും രോഗങ്ങളുടെയും വൈകല്യങ്ങളുടെയും ലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. പുരാതന ഈജിപ്തുകാര്‍ പാരമ്പര്യ സങ്കല്‍പ്പത്തില്‍ വിശ്വസിച്ചപ്പോള്‍ സഹോദര വിവാഹങ്ങളുടെ ആരോഗ്യപരമായ പ്രത്യാഘാതങ്ങള്‍ പൂര്‍ണ്ണമായി മനസ്സിലാക്കിയിരുന്നില്ല. ജനിതകശാസ്ത്രത്തെയും പാരമ്പര്യരോഗങ്ങളെയും കുറിച്ചുള്ള ധാരണ കുറവായിരുന്നു. മനസ്സിലാക്കിയാല്‍ തന്നെയും മതപരവും രാഷ്ട്രീയവുമായ ആവശ്യങ്ങള്‍ ഇതിനെയെല്ലാം മറികടക്കും.
ഗിസയില്‍ ഗ്രേറ്റ് പിരമിഡ് നിര്‍മിച്ച ഫറവോ ഖുഫു തന്റെ അര്‍ധസഹോദരിയായ മെറിറ്റൈറ്റ്‌സിനെ വിവാഹം കഴിച്ചതായി വിശ്വസിക്കപ്പെടുന്നു. മകന്‍ ഖഫ്രെ ഫറവോ തന്റെ സഹോദരിയെയും വിവാഹം കഴിച്ചു.
മറ്റ് പ്രാചീന സംസ്‌കാരങ്ങളില്‍ ഇങ്ങനെ ആചാരമുണ്ടോ?
പുരാതന പേര്‍ഷ്യയിലും സഹോദരവിവാഹങ്ങളുണ്ടായിരുന്നു. രാജകീയ രക്തബന്ധത്തിന്റെ ശുദ്ധി കാത്തുസൂക്ഷിക്കാനെന്ന വിശ്വാസത്തിലാണ് പേര്‍ഷ്യക്കാരും സഹോദര വിവാഹങ്ങളിലേര്‍പ്പെട്ടത്. പേര്‍ഷ്യന്‍ രാജാക്കന്മാരും സ്വയം ദൈവിക പദവിയിലുള്ളവരെന്ന് വിശ്വസിച്ചു. തെക്കേ അമേരിക്കയില്‍ അഭിവൃദ്ധി പ്രാപിച്ച ഇന്‍ക നാഗരികതയിലെ രാജകുടുംബങ്ങള്‍ക്കിടയിലും സഹോദര വിവാഹങ്ങളുണ്ടായിരുന്നു.
ഇതിനെല്ലാം വിപരീതമായിരുന്നു റോമിലെയും ഗ്രീസിലെയുമൊക്കെ പുരാതന നാഗരികതകള്‍. വിവിധ രാജകുടുംബങ്ങള്‍ തമ്മിലുള്ള വിവാഹബന്ധത്തിലൂടെ രാഷ്ട്രീയസഖ്യമാണ് അവര്‍ മുന്നില്‍ കണ്ടത്.
കടപ്പാട്-ലൈവ് സയന്‍സ്
www.historyskills.com/
Content Highlights: why did ancient egyptian pharaohs marry their sisters