ഒരു ലിപ്സ്റ്റിക്കിന്റെ പേരില്‍ എങ്ങനെയാണ് ജോലി നഷ്ടപ്പെടുന്നത്?

പ്രതീകാത്മകചിത്രം / Shutterstock
പ്രതീകാത്മകചിത്രം / Shutterstock

ലിപ്സ്റ്റിക്കും ജോലിയും തമ്മില്‍ എന്താണ് ബന്ധം? പ്രഥമദൃഷ്ട്യാ ബന്ധമൊന്നുമില്ലെങ്കിലും, അത് ഒരു സ്ഥലംമാറ്റത്തിനുവരെ കാരണമായേക്കുമെന്ന് ചെന്നൈ സ്വദേശിനി എസ്.ബി മാധവി പറയും. സംഭവമിങ്ങനെ. 

ഗ്രേറ്റര്‍ ചെന്നൈ കോര്‍പ്പറേഷനിലെ ആദ്യ വനിതാ ദഫേദാറാണ് മാധവി. ലിപ്സ്റ്റിക് ധരിച്ചായിരുന്നു അവര്‍ ജോലിക്കെത്തിയിരുന്നത്. മേയറുടെ ഔദ്യോഗികപരിപാടിക്കെത്തുമ്പോള്‍ ലിപ്സ്റ്റിക് ഉപയോഗിക്കരുതെന്ന് മാധവിയോട് പറഞ്ഞിരുന്നുവത്രേ. എന്നാല്‍ അവരത് അനുസരിച്ചില്ല. മാത്രമല്ല, ലിപ്സ്റ്റിക് വിലക്കിക്കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് കാണിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. 'ലിപ്സ്റ്റിക് ഉപയോഗിക്കരുതെന്ന് നിങ്ങള്‍ എന്നോട് ആവശ്യപ്പെട്ടു. അത് ഞാനനുസരിച്ചില്ല. അതൊരു നിയമലംഘനമാണെങ്കില്‍ അതുമായി ബന്ധപ്പെട്ട രേഖകള്‍ കാണിക്കണം', കാരണംകാണിക്കല്‍ നോട്ടീസിന് അവര്‍ മറുപടി നല്‍കി. അതുകഴിഞ്ഞ് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ സ്ഥലംമാറ്റിയെന്നാണ് അവരുടെ ആരോപണം. മന്ത്രിമാരും എംബസി ഉദ്യോഗസ്ഥരും സ്ഥിരം വരുന്ന ഓഫീസാണെന്നും അതുകൊണ്ട് കടുംനിറങ്ങളിലുള്ള സാരിയോ ലിപ്സ്റ്റിക്കോ ധരിക്കരുതെന്ന് മേയറുടെ പി.എ എപ്പോഴും പറഞ്ഞിരുന്നുവെന്ന് മാധവി ആരോപിക്കുന്നു. കോര്‍പ്പറേഷനിലെ മണലി സോണിലേക്കാണ് അവരെ മാറ്റിയത്. 

എന്നാല്‍, ഫാഷന്‍ ഷോയില്‍ പങ്കെടുത്തതാണ് പ്രധാനപ്രശ്‌നമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഇത്തരം കടുംനിറത്തിലുള്ള ലിപ്സ്റ്റിക് ഇടരുതെന്ന് തന്റെ പേഴ്‌സണല്‍ അസിസ്റ്റന്റ് മാധവിയോട് ആവശ്യപ്പെട്ടതായും മേയര്‍ മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍, പിന്നീട് കോര്‍പ്പറേഷന്‍ തന്നെ വാര്‍ത്താക്കുറിപ്പിറക്കി. കൃത്യസമയത്ത് ജോലിക്കെത്താത്തതാണ് സ്ഥലംമാറ്റത്തിനുള്ള കാരണമായി അതില്‍ ചെന്നൈ കോര്‍പ്പറേഷന്‍ പറയുന്നത്.

സ്ത്രീകളുടെ പ്രൊഫഷണലിസവും അവരുടെ ജോലി ചെയ്യാനുള്ള കഴിവും ഫിസിക്കല്‍ അപ്പിയറന്‍സുമായി ബന്ധപ്പെട്ടിരിക്കുന്നുണ്ടോ എന്ന ചോദ്യമാണ് ഈ സംഭവം ഉയര്‍ത്തുന്നത്. എന്തായാലും അതിനുപിന്നാലെ ഒട്ടേറെ ചര്‍ച്ചകളാണ് നടന്നുകൊണ്ടിരിക്കുന്നത്. ചിലര്‍ക്ക് ലിപ്സ്റ്റിക്കും മേക്കപ്പും ആത്മവിശ്വാസമാണ് നല്‍കുന്നത്. ചിലര്‍ക്ക് അതൊന്നുമില്ലാത്തതാണ് ആത്മവിശ്വാസം. 

2016-ല്‍ ബ്രിട്ടീഷ് അഭിനേത്രി നിക്കോള തോര്‍പ്പിന് സംഭവിച്ചതും ഇതുതന്നെ. ഒരു ഔട്ട്‌സോഴ്‌സിങ് കമ്പനി വഴിയാണ് താത്കാലിക റിസപ്ഷനിസ്റ്റായി ജോലി കിട്ടിയത്. ഒരുദിവസം താത്കാലിക സൂപ്പര്‍വൈസര്‍ നിക്കോളയെ വിളിച്ചുപറഞ്ഞത്, 'ഫ്‌ളാറ്റ് ഷൂസ് ഓഫീസില്‍ അനുവദനീയമല്ല. ഹീല്‍സ് ഇടണമെന്നാണ്'. അവരത് നിരസിച്ചതോടെ, ശമ്പളം പോലും കൊടുക്കാതെ പിരിച്ചുവിട്ടു.

അതോടെ നിക്കോള ഒരു ഓണ്‍ലൈന്‍ പെറ്റീഷന്‍ തയ്യാറാക്കാന്‍ തുടങ്ങി. 48 മണിക്കൂറിനുള്ളില്‍ ഒന്നര ലക്ഷത്തിലേറെ പേരാണ് അതില്‍ ഒപ്പിട്ടത്. മാധ്യമങ്ങളില്‍ അതിനെക്കുറിച്ച് വാര്‍ത്ത വന്നു. പാര്‍ലമെന്റിലും ചര്‍ച്ച നടന്നു. ഒടുവില്‍ കമ്പനിക്ക് തങ്ങളുടെ നിയമം തന്നെ പിന്‍വലിക്കേണ്ടിവന്നു.  

2003-ല്‍ ഡാര്‍ലിന്‍ ജെസ്‌പേഴ്‌സണ്‍ എന്ന യുവതിയെ ഒരു മദ്യശാലയില്‍നിന്ന് പുറത്താക്കിയതും മേക്കപ്പിടാന്‍ വിസമ്മതിച്ചതിന്റെ പേരിലാണ്. 20 വര്‍ഷത്തോളം അവിടെ ജോലി ചെയ്തിരുന്നയാളാണ് ഡാര്‍ലിന്‍. പെട്ടെന്നാണ് മേക്കപ്പ് നിര്‍ബന്ധമാക്കിക്കൊണ്ടുള്ള ഉത്തരവ് വന്നത്. വിസമ്മതിച്ചതിന്റെ പേരില്‍ അവര്‍ക്ക് അവിടുന്ന് പുറത്തുപോകേണ്ടിവന്നു.  

മെലാനി സ്റ്റാര്‍ക്ക് എന്ന യുവതിക്ക് ജോലി നഷ്ടപ്പെട്ടത് മേക്കപ്പിടാത്തതിന്റെ പേരിലാണ്. ഒരു ബ്രിട്ടീഷ് ഡിപ്പാര്‍ട്ട്‌മെന്റിലായിരുന്നു ജോലി. കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍ കമ്പനി ഒരു ലേഡീസ് ഡ്രസ് കോഡ് കൊണ്ടുവന്നു. അതില്‍ പറയുന്ന നിബന്ധനകളിങ്ങനെ: 'എല്ലാസമയത്തും ഫുള്‍ മേക്കപ്പ് ഉണ്ടാവണം. ബേസ്, ബ്ലഷര്‍, ഫുള്‍ ഐസ്, ലിപ്സ്റ്റിക്, ലിപ് ലൈനര്‍, ഗ്ലോസ് എന്നിവ എല്ലാ സമയത്തുമിടണം'. 

മെലാനി ഇതിന് വിസമ്മതിച്ചു. അവര്‍ 'ദ ഗാര്‍ഡിയന്‍' പത്രത്തിനോട് അതിനെക്കുറിച്ച് പ്രതികരിച്ചു, ''അത് തികച്ചും അപമാനകരമായിരുന്നു. ഒരു യൂണിഫോം ധരിക്കണമെന്ന് ആവശ്യപ്പെടുന്നതുപോലെയല്ല ഇത്. ഇതെന്റെ മുഖമാണ്. മേക്കപ്പ് നിങ്ങളുടെ മുഖം മുഴുവനായി മാറ്റും. മറ്റൊരു വ്യക്തിയായി മാറും''. 

അമേരിക്കന്‍ പത്രപ്രവര്‍ത്തകയും ടെലിവിഷന്‍ പ്രൊഡ്യൂസറുമായ ജെറലിന്‍ ലൂകസ് എഴുതിയ പുസ്തകമാണ്, 'why i wore lipstick to my mastectomy'. അതിലവര്‍ പറയുന്നുണ്ട് വെറുമൊരു ലിപ്സ്റ്റിക് അവരെ എത്രത്തോളം ധൈര്യശാലിയാക്കിയെന്ന്. 27-ാമത്തെ വയസ്സിലാണ് അവര്‍ക്ക് സ്തനാര്‍ബുദം ബാധിക്കുന്നത്. 28-ാമത്തെ വയസ്സില്‍ ശസ്ത്രക്രിയയ്ക്ക് വിധേയയാവുകയും ചെയ്തു. കറുത്ത ഉടുപ്പും ചുവന്ന ലിപ്സ്റ്റിക്കുമിട്ടാണ് അവര്‍ ശസ്ത്രക്രിയയ്ക്ക് പോയത്. ശസ്ത്രക്രിയയുടെ സമയത്ത് കരുത്ത് ലഭിക്കാനാണത്രേ അങ്ങനെ ചെയ്തത്. പിന്നീട് ആ അനുഭവം അവര്‍ പങ്കുവെച്ചു. 

''മാസ്‌ടെക്ടമിക്ക് പോവുമ്പോള്‍ ഞാന്‍ ലിപ്സ്റ്റിക് ധരിച്ചു. ആറുമണിക്കൂറിനുശേഷമാണ് എനിക്ക് ബോധം വരുന്നത്. എന്റെ മുഖത്തുള്ള ഓക്‌സിജന്‍ മാസ്‌ക് മാറ്റി നഴ്‌സ് ചോദിച്ചു, 'നിങ്ങളുടെ ലിപ്സ്റ്റിക് ഇത്രനേരവും നിന്നോ?' ഞാന്‍ ധരിച്ച ലിപ്സ്റ്റിക് അത്രനേരവും നീണ്ടുനിന്നെന്ന് കേട്ടപ്പോള്‍ അദ്ഭുതമായി. അതൊരു ചെറിയ വിജയമായിരുന്നു. അതെനിക്ക് തന്നെ പ്രതീക്ഷ വളരെ വലുതാണ്, ഇനിയും ലിപ്സ്റ്റിക് ധരിക്കാനാവുമെന്ന ആശ്വാസം''.

Content Highlights: wearing lipstick and its consequences