'ഷെഫാലിയുടെ മരണത്തിനുപിന്നിൽ ബ്ലാക് മാജിക്; അവളെ തൊടുമ്പോൾ തന്നെ മനസ്സിലാവുമായിരുന്നു'

നടിയും മോഡലുമായ ഷെഫാലി ജരിവാല 2025 ജൂണിലാണ് മരിച്ചത്. അവരുടെ മരണത്തിനുശേഷം സൗന്ദര്യവർധകചികിത്സയുമായി ബന്ധപ്പെട്ട് ചർച്ചകൾ സജീവമായിരുന്നു. ഷെഫാലി വാർധക്യം തടയുന്നതിനുള്ള ചികിത്സകൾ വർഷങ്ങളായി നടത്തിയിരുന്നുവെന്ന് അന്ന് പറയപ്പെട്ടു. ഗ്ലൂട്ടാത്തിയോൺ ചികിത്സയ്ക്കാണ് അവർ പ്രധാനമായും വിധേയയായത്. അതിനിടെ ഒരു ചടങ്ങിന്റെ ഭാഗമായി ഉപവസിച്ചിരുന്നുവെന്നും അതിനിടയിലും ആന്റി ഏജിങ് ചികിത്സയുടെ ഭാഗമായുള്ള കുത്തിവെപ്പുകൾ എടുത്തിരുന്നുവെന്നുമുള്ള വിവരങ്ങൾ അന്ന് പുറത്തുവന്നു. അതിനിടെയാണ് ഹൃദയാഘാതമുണ്ടാവുന്നത്. എന്നാൽ ഇതിനെതിരെ ഷെഫാലിയുടെ ഭർത്താവും നടനുമായ പരാഗ് ത്യാഗി അന്നുതന്നെ രംഗത്തെത്തി.
''ഇത് സത്യമല്ല. ഈ ആന്റി ഏജിങ് മരുന്നുകൾ ഏതൊക്കെയെന്ന് ഞാൻ ചോദിക്കട്ടെ. അവൾ അന്ന് ഉപവസിച്ചു, പക്ഷേ പൂജ കഴിഞ്ഞ് ഭക്ഷണം കഴിച്ചു, പിന്നെ ഉറങ്ങി, വീണ്ടും ഭക്ഷണം കഴിച്ചു. അവൾ ഭക്ഷണം കഴിക്കാതിരുന്നിട്ടൊന്നുമില്ല. ഈ ഉപവാസ കഥ എവിടെ നിന്നാണ് വന്നതെന്ന് എനിക്കറിയില്ല''.
ഷെഫാലിയുടെ മരണശേഷവും ഇടയ്ക്കിടെ സോഷ്യൽമീഡിയയിൽ അവരുടെ ഓർമകൾ പങ്കുവെക്കാറുണ്ട് പരാഗ് ത്യാഗി. ഇപ്പോൾ ഞെട്ടിക്കുന്നൊരു വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് അദ്ദേഹം. ഭാര്യയുടെ മരണത്തിനുമുമ്പ് ബ്ലാക് മാജിക് നടത്തിയിരിക്കാമെന്നാണ് അദ്ദേഹം പറയുന്നത്. നടനും ഹിന്ദി ബിഗ് ബോസ് 13-ാം സീസണിലെ മത്സരാർഥിയുമായിരുന്ന പാരസ് ഛാബ്രയുടെ പോഡ്കാസ്റ്റിൽ സംസാരിക്കവെയാണ് ഇക്കാര്യം അദ്ദേഹം വെളിപ്പെടുത്തിയത്.
''പലരും ഇത്തരം കാര്യങ്ങളിൽ വിശ്വസിക്കുന്നില്ല, പക്ഷേ എനിക്കതിൽ വിശ്വാസമുണ്ട്. എനിക്ക് അക്കാര്യം അനുഭവപ്പെടുക മാത്രമല്ല, അത് സംഭവിച്ചിട്ടുണ്ടെന്ന് എനിക്ക് ഏകദേശം ഉറപ്പാണ്. ദൈവമുള്ളിടത്ത് തിന്മയും ഉണ്ട്. സത്യം പറഞ്ഞാൽ, ആളുകൾ സ്വന്തം കഷ്ടപ്പാടുകളിൽ അസ്വസ്ഥരാകുന്നില്ല; മറ്റുള്ളവരുടെ സന്തോഷത്തിലാണ് അവർ അസ്വസ്ഥരാകുന്നത്. ആരാണ് അത് ചെയ്തതെന്ന് എനിക്ക് പറയാനാവില്ല, പക്ഷേ ആരെങ്കിലും തീർച്ചയായും അങ്ങനെ ചെയ്തിട്ടുണ്ട്'', പരാഗ് ഉറപ്പിച്ചുപറയുന്നു.
''പലപ്പോഴും എന്തോ കുഴപ്പമുണ്ടെന്ന് എനിക്ക് തോന്നി. ഒന്നല്ല, രണ്ടുതവണ എനിക്കിത് അനുഭവപ്പെട്ടു. ആദ്യം വലിയ കുഴപ്പമില്ലാതെ അത് പോയി. പക്ഷേ രണ്ടാമത്തെ തവണ കാര്യങ്ങൾ കുഴപ്പത്തിലായി. എന്തിനാണെന്നോ എന്താണെന്നോ എനിക്കറിയില്ല. ഞാൻ ഭക്തിയോടെ ഇരിക്കുമ്പോൾ, എന്തോ ശരിയല്ലെന്ന് എനിക്ക് മനസ്സിലാകും. എനിക്ക് കൃത്യമായ ലക്ഷണങ്ങൾ വിശദീകരിക്കാൻ കഴിയില്ല. അധികം വിശദാംശങ്ങളിലേക്ക് കടക്കാൻ താത്പര്യവുമില്ല. പക്ഷേ ഷെഫാലിയെ സ്പർശിച്ചാൽ തന്നെ എന്തോ കുഴപ്പമുണ്ടെന്ന് എനിക്ക് മനസ്സിലാകും. ഇത്തവണ അത് കൂടുതൽ തീവ്രമായി തോന്നി. അതിനാൽ അവൾക്കുവേണ്ടിയുള്ള പ്രാർത്ഥനകൾ ഞാൻ വർധിപ്പിച്ചു. എന്നിട്ടും അവളെ രക്ഷിക്കാൻ കഴിഞ്ഞില്ല. ആരെങ്കിലും എന്തെങ്കിലും ചെയ്തിട്ടുണ്ടെന്ന് എനിക്ക് നൂറു ശതമാനവും അറിയാം'', പരാഗ് വെളിപ്പെടുത്തുന്നു.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Shefali Jariwala`s husband, Parag Tyagi, reveals shocking claims of black magic possibly behind her death. Learn more about the alleged spiritual attack