‘കണ്ണൂർ സ്ക്വാഡ് പ്രചോദനമായി, അടുത്തിടെ കണ്ടതെല്ലാം മലയാളം സിനിമകൾ’; സർപ്രെെസ് വിരുന്നുമായി ആര്യൻ തിയേറ്ററുകളിലേക്ക്

ആര്യൻ മൂവി പോസ്റ്റർ,( thevishnuvishal),കണ്ണൂർ സ്ക്വാഡ് എന്ന ചിത്രത്തിലെ രംഗം(kannursquad)
ആര്യൻ മൂവി പോസ്റ്റർ,( thevishnuvishal),കണ്ണൂർ സ്ക്വാഡ് എന്ന ചിത്രത്തിലെ രംഗം(kannursquad)

2009-ൽ ‘വെന്നില കബഡി കുഴു’ എന്ന സ്പോര്‍ട്സ് ചിത്രത്തിൽ അഭിനയിച്ചുകൊണ്ടാണ് വിഷ്ണു വിശാല്‍ തന്റെ കരിയർ ആരംഭിക്കുന്നത്. അദ്ദേഹം തന്നെ നായകനും നിർമ്മാതാവുമായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ആര്യൻ. ഒക്ടോബർ 31-ന് റിലീസിനെത്തുന്ന ചിത്രത്തിന്റെ പ്രസ്സ് മീറ്റിൽ, മലയാള സിനിമയോടുള്ള തന്റെ ഇഷ്ടം തുറന്നുപറയുകയാണ് താരം. നിരവധി മലയാള സിനിമകൾ കാണുന്ന വ്യക്തിയാണ് താനെന്നും, ഫഹദ് ഫാസിലിന്റെയും ബേസിൽ ജോസഫിന്റെയുമെല്ലാം ചിത്രങ്ങൾ ഒരുപാട് കണ്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

“മലയാളത്തിന്റെ വിഷയങ്ങൾ വ്യത്യസ്തമാണ്. അടുത്തിടെ ഞാൻ കണ്ട എല്ലാ സിനിമകളും മലയാളത്തില്‍ നിന്നുള്ളതാണ്. ആർഡിഎക്സ് ഒരു ഗംഭീര ആക്ഷൻ ചിത്രമായിരുന്നു. പിന്നെ ഫഹദിന്റെ ആവേശം, ബേസിൽ ജോസഫിന്റെ ഫാലിമി, സൂക്ഷ്മദർശിനി, ടൊവിനോയുടെ ARM, ഗുരുവായൂർ അമ്പലനടയിൽ, ജയ ജയ ജയ ജയ ഹേ എന്നിങ്ങനെ സിനിമകൾ കണ്ടിട്ടുണ്ട്.”, കൂടാതെ, മമ്മൂട്ടിയുടെ കണ്ണൂർ സ്‌ക്വാഡ് കണ്ടപ്പോൾ ശരിക്കും  പ്രചോദനമായി തോന്നി. സത്യത്തിൽ, ആര്യനിലെ ചില രംഗങ്ങൾ കണ്ണൂർ സ്ക്വാഡി'ൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ചിത്രീകരിച്ചതാണ്. 

റോബി വർഗീസ് രാജ് സംവിധാനം ചെയ്ത് 2023-ൽ പുറത്തിറങ്ങിയ 'കണ്ണൂർ സ്ക്വാഡ്' യഥാർത്ഥ കഥയെ അടിസ്ഥാനമാക്കി ഒരുക്കിയതായിരുന്നു.  വാണിജ്യപരമായി ചിത്രം 100 കോടിയിലധികം രൂപ നേടി. 
പ്രവീൺ കെ സംവിധാനം ചെയ്യുന്ന 'ആര്യൻ', ഒരു സീരിയൽ കില്ലറെ തിരഞ്ഞുപോകുന്ന കഥയാണ്. ചിത്രത്തിൽ പോലീസുകാരനായാണ് വിഷ്ണു വിശാൽ വേഷമിടുന്നത്.

ഈ ഇൻവെസ്റ്റിഗേഷൻ ത്രില്ലറിന് 2018-ൽ പുറത്തിറങ്ങിയ സെെക്കോ ത്രില്ലർ ‘രാക്ഷസ’നുമായി ബന്ധമുണ്ടെന്ന തരത്തിലുള്ള ഊഹാപോഹങ്ങളെയും തള്ളിക്കളയുകയായിരുന്നു താരം. ഒപ്പം അഭിമുഖങ്ങളിൽ ‘നോട്ട് രാക്ഷസൻ’ എന്ന് പ്രിന്റ് ചെയ്ത ടീഷർട്ട് ധരിച്ചുമാണ് താരം എത്തിയത്. സിനിമയിൽ ചില സർപ്രെെസുകൾ ഒളിപ്പിച്ചുവെച്ചിട്ടുണ്ടെന്നും അത് പോസ്റ്ററിലോ, ടീസറിലോ, ട്രെയിലറിലോ കാണാൻ കഴിയില്ലെന്നും അത് ആര്യനെ രാക്ഷസനിൽ നിന്ന് വ്യത്യസ്തനാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചിത്രത്തിൽ, ശ്രദ്ധ ശ്രീനാഥ്, മാനസ ചൗധരി, സെൽവരാഘവൻ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. തമിഴിന് പുറമെ തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. വിഷ്ണു വിശാൽ സ്റ്റുഡിയോസ് നിർമ്മിക്കുന്ന 'ആര്യന്റെ' രചന നിർവഹിച്ചിരിക്കുന്നത് അദ്ദേഹത്തിന്റെ 'എഫ്ഐആർ' എന്ന ചിത്രത്തിലെ സഹപ്രവർത്തകനായ മനു ആനന്ദാണ്.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi

Content Highlights: Vishnu Vishal, promoting `Aryan`, shares his favorite Malayalam movies, and Kannur Squad, which inspired his upcoming thriller.