വിരാടും അനുഷ്‌കയും ആവശ്യപ്പെട്ടത് പാമ്പ് വൈനും പാമ്പ് മാംസവും ചേർക്കുന്ന സൂപ്പ്; ഷെഫിന്റെ വക ട്വിസ്റ്റ്

വിരാട് കോലിയും അനുഷ്‌ക ശർമയും, ഫാ / PTI, Instagram
വിരാട് കോലിയും അനുഷ്‌ക ശർമയും, ഫാ / PTI, Instagram

വീഗൻ ഡയറ്റ് പിന്തുടരുന്നയാളാണ് വിരാട് കോലി. ഒരു വിവാഹവാർഷികദിനത്തിൽ വിരാടും അനുഷ്‌ക ശർമയും തിരഞ്ഞെടുത്തത് ഒരു നോൺവെജ് വിഭവവും. അതെങ്ങനെ അനുഷ്‌കയ്ക്കും വിരാടിനും വേണ്ടി മാറ്റിയെന്ന് വിശദീകരിക്കുകയാണ് സെലിബ്രിറ്റി ഷെഫ് ഹർഷ് ദീക്ഷിത്ത്.

2019-ലാണ് സംഭവം. വിരാട്-അനുഷ്‌ക ദമ്പതികളുടെ രണ്ടാം വിവാഹവാർഷികമാണത്. അവർ ആവശ്യപ്പെട്ടത് ഫാ (pho) എന്ന നോൺവെജ് വിഭവവും. ഒടുവിൽ ഹർഷ് അതിനൊരു വമ്പൻ ട്വിസ്റ്റ് കൊടുത്തു. ''വിയറ്റ്‌നമീസ് വിഭവങ്ങളിൽ പാമ്പ് വൈനും പാമ്പ് മാംസവും കൂടുതലായുണ്ടാവും. മാത്രമല്ല ഫാ തയ്യാറാക്കുന്ന ബ്രോത്തിൽ ചിക്കനും ബീഫുമുണ്ടാവും. സസ്യാഹാരം മാത്രം കഴിക്കുന്നവർക്ക് അതെങ്ങനെ കൊടുക്കും. ആ സമയത്താണെങ്കിൽ രണ്ടുപേരും ഗ്ലൂട്ടൻ-ഫ്രീ ഭക്ഷണം മാത്രമാണ് കഴിക്കുന്നത്'', ഹർഷ് ഓർക്കുന്നു.

അങ്ങനെയാണ് അത് മറ്റൊരു രീതിയിൽ തയ്യാറാക്കാൻ തീരുമാനിക്കുന്നത്. ''പടവലങ്ങയാണ് ഞങ്ങൾ പകരം തിരഞ്ഞെടുത്തത്. അതിൽ പീനട്ട്, തേങ്ങ, മല്ലിയില, ടോഫു എന്നിവ ചേർത്ത് സ്‌മോക്ക് ചെയ്തു. ഒപ്പം കശുവണ്ടി, മഷ്‌റൂം, മുളക് എന്നിവയും ചേർത്തു. ഇഞ്ചി-മല്ലി-ഇഞ്ചിപ്പുല്ല് എന്നിവയുടെ ബ്രോത്തും. അവരുടെ ഡയറ്റിന്റെ പരിമിതിക്കുള്ളിൽ നിന്നുകൊണ്ട് ഭക്ഷണം തയ്യാറാക്കുക എന്നതായിരുന്നു ആശയം. സംഭവം രസകരമായിരുന്നു'', ഹർഷ് പറയുന്നു.

പക്ഷേ, വളരെയധികം സമ്മർദത്തിൽനിന്നുകൊണ്ടാണ് താനന്നത് തയ്യാറാക്കിയതെന്നും ഹർഷ് വെളിപ്പെടുത്തുന്നു. ''ഏറെ തിരക്കുള്ള ദിവസങ്ങളായിരുന്നു അത്. ഒരു ശനിയാഴ്ചയാണ് വിരാടിനും അനുഷ്‌കയ്ക്കും ഭക്ഷണം തയ്യാറാക്കണമെന്ന് എനിക്ക് കോൾ വരുന്നത്. അന്ന് രാത്രി തന്നെ മെനു അയച്ചുകൊടുത്തു. ബുധനാഴ്ച രാത്രിയാണ് അവർ ഡിന്നർ കഴിക്കാൻ വരികയെന്നും മാനേജർ പറഞ്ഞിരുന്നു. പക്ഷേ, എന്തൊക്കെയാണ് വേണ്ടതെന്ന് പറയുന്നത് ബുധനാഴ്ച ഉച്ചയ്ക്കാണ്. ചുരുങ്ങിയ സമയമേ കിട്ടിയുള്ളൂ''. ആ സമയത്തിനുള്ളിൽ ഒരു ഫൈവ് കോഴ്‌സ് ഡിന്നർ ഹർഷ് തയ്യാറാക്കി.

വിയറ്റ്‌നാമിന്റെ തനത് വിഭവമാണ് ഫാ (pho). റൈസ് നൂഡിൽസ്, ഹെർബ്‌സ്, ചിക്കൻ, പാമ്പിന്റെ വൈൻ എന്നിവയൊക്കെ ചേർന്ന സൂപ്പാണത്. പരമ്പരാഗത ഫായിൽ ചിക്കനൊപ്പം പാമ്പിൻമാംസവും ബീഫുമുണ്ടാവും. വിയറ്റ്‌നാമിൽ സ്ട്രീറ്റ് സ്റ്റാളുകളിലും റസ്റ്റോറന്റിലുമെല്ലാം ഇതുണ്ടാവും. ഏറെ ജനപ്രിയവിഭവം കൂടിയാണ് ഫാ. ഡിസംബർ 12 വിയറ്റ്‌നാമുകാർ 'ഫാ ദിനം' ആയി ആചരിക്കുകയും ചെയ്യുന്നു.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: celebrity chef reveals how he veganized a traditional vietnamese snake wine and meat soup for virat kohli & anushka sharma