വിവാഹച്ചടങ്ങിൽ ഗിറ്റാറുമായി ആഷിഖി താരം; പണത്തിനായി എന്തൊക്കെയാണ് ചെയ്യേണ്ടിവരുന്നതെന്ന് ആരാധകർ

1990-ൽ പുറത്തിറങ്ങിയ 'ആഷിഖി' അന്നത്തെ യുവാക്കളെ ഏറെ ആകർഷിച്ചു. അതിലെ നായികാനായകൻമാരായ രാഹുൽ റോയുടെയും അനു അഗർവാളിന്റെയും ഓൺസ്ക്രീൻ കെമിസ്ട്രിയും ആളുകൾ ഇഷ്ടപ്പെട്ടു. സാംസോം കി സറൂറത്, ജാനേ ജിഗർ, മേം ദുനിയാ ഭുലാ, ഏക് സനം ചാഹിയേ, നസർ കെ സാമ്നെ, തൂ മേരി സിന്ദഗി ഹേ, അബ് തേരെ ബിൻ, ധീരെ ധീരെ സെ, മേരാ ദിൽ തേരെ ലിയേ...സിനിമയുടെ പാട്ടുകളെല്ലാം ബ്ലോക്ബസ്റ്ററുകളായി. അനു അഗർവാളിനെയും രാഹുൽ റോയ് യെയും പുത്തൻ താരോദയങ്ങളായി സിനിമാലോകം വാഴ്ത്തി. എന്നാൽ, പ്രതീക്ഷിച്ചതുപോലൊന്നുമല്ല നടന്നത്. അതുപോലുള്ള അവസരങ്ങൾ അവരെ തേടിവന്നതേയില്ല.
ഇപ്പോഴിതാ രാഹുൽ റോയുടെ ഒരു വീഡിയോ വൈറലാവുകയാണ്. ബിഹാറിലെ ഒരു വിവാഹച്ചടങ്ങിൽനിന്നുള്ള ദൃശ്യങ്ങളാണത്. ആ ചടങ്ങിൽ കൈയിൽ ഗിറ്റാറും പിടിച്ച് 'സാസോം കി സറൂറത് ഹെ ജൈസെ' എന്ന പാട്ടിനനുസരിച്ച് ലിപ് സിങ് ചെയ്യുന്ന രാഹുലിനെയാണ് വീഡിയോയിൽ കാണാനാവുക. പ്രശസ്ത അധ്യാപകനായ ആർ.കെ.ശ്രീവാസ്തവയുടെ ബന്ധുവിന്റെ വിവാഹത്തിലാണ് രാഹുൽ പങ്കെടുത്തത്.
രാഹുലിന്റെ ഈ വീഡിയോ പെട്ടെന്നാണ് ആളുകൾ ഏറ്റെടുത്തത്. 'അദ്ദേഹത്തോട് സഹതാപം തോന്നുന്നു' എന്നാണ് പലരും വീഡിയോയ്ക്കുതാഴെ കമന്റിട്ടത്. ഒരുകാലത്ത് മികച്ച ഭാവിയുള്ള താരമായി വാഴ്ത്തപ്പെട്ട രാഹുൽ, ബിഹാറിലെ ഒരു ഗ്രാമത്തിൽ ഇങ്ങനെയുള്ള പ്രകടനം നടത്തുന്നത് പലരെയും വിഷമിപ്പിച്ചു. 'ഇത് ഏറെ സങ്കടകരം...പണത്തിനായി എന്തൊക്കെയാണ് ചെയ്യേണ്ടിവരുന്നത്', 'ദൈവം ആർക്കും ഇത്തരത്തിലുള്ള മോശം ദിവസങ്ങൾ കൊടുക്കരുത്'...കമന്റുകൾ നിറയുന്നു. നേരെ മറിച്ച് കമന്റിട്ടവരുമുണ്ട്. 'രൺവീർ സിങ്ങും മറ്റു ആർഭാടകല്യാണങ്ങളിൽ പങ്കെടുത്ത് പണമുണ്ടാക്കുന്നില്ലേ. അതുപോലെ തന്നെയിതും' എന്നാണ് അവർ പറയുന്നത്.
കുറേക്കാലം രാഹുലിനെക്കുറിച്ച് ഒരറിവുണ്ടായിരുന്നില്ല. 2022-ലാണ് ഒരഭിമുഖത്തിലൂടെ അദ്ദേഹം തനിക്കുണ്ടായ ഒരസുഖത്തെക്കുറിച്ച് തുറന്നുപറഞ്ഞത്. 2020-ൽ ബ്രെയിൻ സ്ട്രോക്ക് വന്നുവെന്നും അന്ന് സൽമാനാണ് സഹായിച്ചതെന്നും അദ്ദേഹം പറഞ്ഞു. ''ഒരു സിനിമയുടെ ഷൂട്ടിങ്ങിനായി ലഡാക്കിലായിരുന്നു ഞാൻ. അതിനിടയ്ക്കാണ് ബ്രെയിൻ സ്ട്രോക്ക് ഉണ്ടാവുന്നത്. അന്ന് മുംബൈയിലേക്ക് കൊണ്ടുവന്നു. കുറേ ദിവസങ്ങൾ മുംബൈയിലെ നാനാവതി ആശുപത്രിയിലെ ഐസിയുവിലായിരുന്നു. അന്ന് ബില്ലടയ്ക്കാൻ പണമില്ലാതെ ബുദ്ധിമുട്ടി. സൽമാൻ ഖാനാണ് ബില്ലുകളെല്ലാം അടയ്ക്കാൻ സഹായിച്ചത്. ആളുകൾ സൽമാനെക്കുറിച്ച് പലതും പറയും. പക്ഷേ എന്നെ സംബന്ധിച്ചിടത്തോളം അദ്ദേഹം അത്രയും നല്ലൊരു വ്യക്തിയാണ്'', രാഹുൽ പറയുന്നു.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Viral video shows `Aashiq` star Rahul Roy lip-syncing to a song at a wedding in Bihar. Fans express mixed reactions, recalling his past fame and current struggles