26-ന് വിവാഹം, അടുത്തമാസം റിസപ്ഷൻ, വിജയ് ദേവരകൊണ്ടയുടെയും രശ്മിക മന്ദാനയുടെയും വിവാഹക്ഷണക്കത്ത്

രശ്മിക മന്ദാന, വിജയ് ദേവരകൊണ്ട
രശ്മിക മന്ദാന, വിജയ് ദേവരകൊണ്ട

വിജയ് ദേവരകൊണ്ടയുടെയും രശ്മിക മന്ദാനയുടെയും വിവാഹ ക്ഷണക്കത്താണ്, ഇപ്പോൽ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഇന്നലെയാണ് കത്ത് ഓൺലൈനിൽ പ്രത്യക്ഷപ്പെട്ടത്. കത്തിൽ പറഞ്ഞതനുസരിച്ച്, ഫെബ്രുവരി 26-ന് ലളിതമായ ചടങ്ങുകളോടെ ഇരുവരും വിവാഹിതരാകും. തുടർന്ന് മാർച്ച് 4-ന് ഹൈദരാബാദിൽ ഗംഭീരമായ റിസപ്ഷൻ നടക്കും. ബഞ്ചാര ഹിൽസിലെ താജ് കൃഷ്ണയിൽ വൈകുന്നേരം 7 മണി മുതലായിരിക്കും റിസപ്ഷൻ എന്നാണ് റിപ്പോർട്ട്.

വിവാഹ ക്ഷണക്കത്തിലെ വരികൾ ഇങ്ങനെയാണ്: "ഞങ്ങളുടെ ജീവിതത്തിലെ ഒരു വലിയ നിമിഷത്തെക്കുറിച്ച് പങ്കുവെക്കാനും അതിൽ ഭാഗമാകാൻ നിങ്ങളെ ക്ഷണിക്കാനുമാണ് ഞാൻ ഇത് എഴുതുന്നത്. കുടുംബങ്ങളുടെ സ്നേഹത്തോടും അനുഗ്രഹത്തോടും കൂടി, 26.02.26-ന് ചെറിയൊരു ചടങ്ങിലൂടെ രശ്മികയും ഞാനും വിവാഹിതരാവുകയാണ്. ഞങ്ങളുടെ ജീവിതയാത്രയുടെ ഭാഗമായവർക്കൊപ്പം അത് പങ്കുവെക്കുന്നത് വലിയ കാര്യമാണ്. ഞങ്ങളുടെ വെഡ്ഡിങ് റിസപ്ഷനിൽ ഞങ്ങളെ അനുഗ്രഹിക്കാൻ നിങ്ങളെ സ്നേഹപൂർവ്വം ക്ഷണിക്കുന്നു. 2026 മാർച്ച് 04 ബുധനാഴ്ച  വൈകുന്നേരം 7 മുതൽ, ഹൈദരാബാദ് താജ് കൃഷ്ണ, ബഞ്ചാര ഹിൽസിലാണ് റിസപ്ഷൻ. ഒത്തുകൂടി ആഘോഷിക്കാൻ ഞങ്ങൾ കാത്തിരിക്കുന്നു. സ്നേഹപൂർവ്വം, വിജയ് (രശ്മികയ്ക്കും എനിക്കും വേണ്ടി)."

ഈ കത്തിനെക്കുറിച്ച് വലിയ ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും, വിജയോ രശ്മികയോ ഇതിന്റെ ആധികാരികത ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ഈയിടെ 'ദി ഹോളിവുഡ് റിപ്പോർട്ടറുമായുള്ള' സംഭാഷണത്തിൽ വിവാഹത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങളെക്കുറിച്ച് രശ്മിക പറഞ്ഞത് ഇങ്ങനെയാണ്: "വിവാഹ വാർത്ത സ്ഥിരീകരിക്കാനോ നിഷേധിക്കാനോ ഞാൻ ആഗ്രഹിക്കുന്നില്ല. അതിനെക്കുറിച്ച് സംസാരിക്കേണ്ട സമയം വരുമ്പോൾ ഞങ്ങൾ സംസാരിക്കും."

2018-ലെ സൂപ്പർ ഹിറ്റ് ചിത്രം 'ഗീത ഗോവിന്ദ'ത്തിലൂടെയാണ് വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും ആദ്യമായി പ്രേക്ഷക ഹൃദയം കീഴടക്കിയത്. പിന്നീട് 2019-ൽ 'ഡിയർ കോമ്രേഡി'നായി ഇവർ വീണ്ടും ഒന്നിച്ചു. ഈ രണ്ട് ചിത്രങ്ങളിലെയും ഇവരുടെ മികച്ച കെമിസ്ട്രി ഇവർ പ്രണയത്തിലാണെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾക്ക് കാരണമായി.

വർഷങ്ങളായി ഇരുവരും തങ്ങളുടെ സ്വകാര്യ ജീവിതത്തെക്കുറിച്ച് മൗനം പാലിക്കുകയാണ്. പലപ്പോഴും പൊതുപരിപാടികളിലും സോഷ്യൽ മീഡിയയിലും ഇവർ ഒന്നിച്ചു പ്രത്യക്ഷപ്പെടാറുണ്ടെങ്കിലും, ഡേറ്റിങ് വാർത്തകൾ ഇതുവരെ സ്ഥിരീകരിക്കുകയോ തള്ളിക്കളയുകയോ ചെയ്തിട്ടില്ല.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Viral wedding invitation for Vijay Deverakonda and Rashmika Mandanna. Get details on their February 26th wedding and March 4th reception in Hyderabad.