‘ആളുകൾ നോക്കിനിൽക്കെ എങ്ങനെ ചുംബിക്കും, വിജയിക്കും അതേ വികാരം തന്നെയായിരുന്നു’

തെലുങ്ക് സിനിമാ ലോകത്തെ പ്രിയതാരങ്ങളായ വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും ഫെബ്രുവരി 26-ന് വിവാഹിതരാകുകയാണ്. അവരുടെ പ്രണയവും വിവാഹവുമെല്ലാം വാർത്തകളിൽ നിറയുകയാണ്. വിവാഹക്കാര്യം ഇരു താരങ്ങളും സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കുകയും ചെയ്തിരുന്നു. ഉദയപൂരിൽ നിന്ന് 25 കിലോമീറ്റർ അകലെയുള്ള അതിമനോഹരമായ ഐടിസി മെമന്റോസ് ഹോട്ടലിലാണ് വിവാഹ ചടങ്ങുകൾ നടക്കുന്നത്.
വിവാഹ വാർത്തകൾക്കിടയിൽ രശ്മികയുടെ പഴയൊരു അഭിമുഖം ഇപ്പോൾ വീണ്ടും ശ്രദ്ധനേടുകയാണ്. 'ഗീത ഗോവിന്ദം' എന്ന ചിത്രത്തിൽ വിജയുമൊത്തുള്ള തന്റെ ആദ്യത്തെ ഓൺസ്ക്രീൻ ചുംബനത്തെക്കുറിച്ച് രശ്മിക അന്ന് പറഞ്ഞത് ഇങ്ങനെ:"എന്റെ ആദ്യത്തെ ഓൺസ്ക്രീൻ ചുംബനം ഗീത ഗോവിന്ദത്തിലായിരുന്നു. എന്നെ സംബന്ധിച്ച് ചുംബനം എന്നത് വളരെ വ്യക്തിപരവും സ്വകാര്യവുമായ ഒന്നാണ്. ഇരുന്നൂറോളം ആളുകൾ നോക്കിനിൽക്കെ അത് എങ്ങനെ ചെയ്യുമെന്ന് ഞാൻ ആലോചിച്ചു. വിജയിക്കും അതേ വികാരം തന്നെയായിരുന്നു. അതൊരു സാങ്കേതികമായ കാര്യമാണ്. സിനിമയിലെ കഥാപാത്രത്തിന് അത് ആവശ്യമാണെങ്കിൽ മാത്രം ചെയ്യുക എന്നതാണ് എന്റെ രീതി."
ഗീത ഗോവിന്ദത്തിൽ വിവാഹിതരായ ദമ്പതികളായിട്ടാണ് അഭിനയിച്ചത് എന്നതുകൊണ്ട് ആ രംഗം അനിവാര്യമായിരുന്നുവെന്നും എന്നാൽ തനിക്ക് അതൊരു വലിയ ഞെട്ടലായിരുന്നുവെന്നും രശ്മിക കൂട്ടിച്ചേർത്തു. താരജോഡികൾ തങ്ങളുടെ വിവാഹവിവരങ്ങൾ ഔദ്യോഗികമായി സ്ഥിരീകരിച്ചെങ്കിലും ഒരുപാടു രഹസ്യസ്വഭാവം സൂക്ഷിക്കുന്നുണ്ട്.
ആരവല്ലി പർവതനിരകളിൽ ഒറ്റപ്പെട്ട സ്ഥലത്ത് സ്ഥിതി ചെയ്യുന്ന അതിമനോഹരമായ ഐടിസി മെമന്റോസാണ് വിവാഹവേദി. 117 സ്വകാര്യ വില്ലകളും സ്വന്തമായി ഹെലിപാഡും നദിയും തടാകവും ഈ റിസോർട്ടിനുള്ളിലുണ്ട്. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളുമായി നൂറോളം പേർ മാത്രമേ ചടങ്ങിൽ പങ്കെടുക്കൂ. വലിയ സിനിമാ താരങ്ങളെ പ്രതീക്ഷിക്കുന്നില്ലെങ്കിലും തെലങ്കാനയിലെ ചില രാഷ്ട്രീയ നേതാക്കളും ഏതാനും സംവിധായകരും അതിഥി പട്ടികയിലുണ്ട്. ആരാധകർ സ്നേഹത്തോടെ വിളിക്കുന്ന 'വിരോഷ്' (VIROSH) എന്ന പേര് സ്വീകരിച്ചുകൊണ്ട് കഴിഞ്ഞ ഞായറാഴ്ചയാണ് ഇരുവരും സംയുക്ത പ്രസ്താവനയിലൂടെ വിവാഹവാർത്ത സ്ഥിരീകരിച്ചത്.
കഴിഞ്ഞ വർഷം ഒക്ടോബർ 3-ന് ഹൈദരാബാദിലെ വിജയുടെ വസതിയിൽ വെച്ചായിരുന്നു ഇവരുടെ വിവാഹനിശ്ചയം നടന്നത്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Explore the viral interview of Rashmika Mandanna recalling her first on-screen kiss with Vijay Deverakonda in `Geetha Govindam` ahead of their wedding.