വസുന്ധര ദാസ് ബെംഗളൂരുവിലെ കരകൗശലമേളയിൽ, മിസ് ചെയ്യുന്നുവെന്ന് ആരാധകർ

രാവണപ്രഭു എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് പരിചിതയാണ് നടിയും ഗായികയുമായ വസുന്ധര ദാസ്. 'മൺസൂൺ വെഡ്ഡിങ്' എന്ന ചിത്രത്തിലെ അഭിനയത്തിനും അവർ ശ്രദ്ധിക്കപ്പെട്ടു. വസുന്ധരയുടെ സംഗീത ആൽബങ്ങൾ പ്രശസ്തമാണ്. അതേസമയം, അധികമൊന്നും ലൈംലൈറ്റുകളിൽ എത്താറില്ല അവർ.
അടുത്തിടെ ബെംഗളൂരുവിൽ നടന്ന 'കരിഗർ ബസാർ' കരകൗശല മേളയിൽ വസുന്ധരയെത്തിയിരുന്നു. കരകൗശലത്തോടുള്ള തന്റെ ഇഷ്ടത്തെക്കുറിച്ചും കലാകാരന്മാരുടെ ജോലിയെ പ്രശംസിച്ചുകൊണ്ടും വസുന്ധര സംസാരിക്കുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയും ചെയ്തു. മേളയിലെ നടിയുടെ സാന്നിധ്യത്തിന് വലിയ സ്വീകരണമാണ് ലഭിച്ചത്.
'ഞാനിവിടെ കരിഗർ ബസാറിലുണ്ട്. ഇവിടെയുള്ള കരകൗശല വിദഗ്ധർ അവരുടെ ഉൽപ്പന്നങ്ങൾ വിൽക്കുന്നത് കാണുന്നതിൽ സന്തോഷം. എന്റെ അമ്മയും ഞാനും ഹാൻഡ്‌ക്രാഫ്റ്റിന്റെയും ഹാൻഡ്‌വർക്കിന്റെയും വലിയ ആരാധകരാണ്, അതിനാൽ ഞങ്ങൾ എപ്പോഴും ഇവിടെ വരാറുണ്ട്. കലാകാരന്മാരെ പിന്തുണയ്ക്കണമെന്ന് ഞാൻ നിങ്ങളോടും പറയുന്നു.'- വീഡിയോയിൽ വസുന്ധര പറഞ്ഞു.
വസുന്ധരയുടെ സാന്നിധ്യം പലരെയും സന്തോഷിപ്പിച്ചു. വീണ്ടും പാട്ടുകളുമായി എത്താനാണ് ആരാധകർ വസുന്ധരയോട് കമന്റുകളിലൂടെ അഭ്യർഥിച്ചത്. നിങ്ങളുടെ പാട്ടുകൾ ഞങ്ങൾ മിസ് ചെയ്യുന്നു, ദയവായി പാടൂ.... പാട്ടുകളുള്ള റീലുകളെങ്കിലും ചെയ്യൂ. നിങ്ങൾക്ക് വളരെ വൈവിധ്യമുള്ള ശബ്ദമുണ്ട്, എപ്പോഴും സുന്ദരിയാണ് മാഡം, നിങ്ങൾ മാലാഖയെപ്പോലെ പാടുന്നു എന്നിങ്ങനെ നീളുന്നു കമന്റുകൾ.
'ഹേ റാം' (1999) എന്ന ചിത്രത്തിലൂടെയാണ് വസുന്ധര അഭിനയരംഗത്തേക്ക് കടന്നുവന്നത്. അതേസമയം, പിന്നണി ഗായികയായാണ് കരിയർ തുടങ്ങുന്നത്. 'മേം ഹൂ നാ', 'കൽ ഹോ നാ ഹോ' എന്നീ ചിത്രങ്ങളിലെ ഗാനങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി, 'ഡ്രംജാം' എന്ന സംരംഭത്തിലൂടെ സംഗീത ചികിത്സയിലേക്കും സൗണ്ട് ഹീലിങ്ങിലേക്കും വസുന്ധര കടന്നിരുന്നു. ഭർത്താവ് റോബർട്ടോ നാറെയ്‌നൊപ്പം തുടങ്ങിയ സംരംഭമാണിത്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Monsoon Wedding star Vasundhara Das makes a rare public appearance! See her at Karigar Bazaar & read fans` heartfelt reactions. Miss her songs? Click here!