കോടതിയിൽ അലറിവിളിച്ച് കുട്ടിയുടെ അമ്മയും ബന്ധുക്കളും; വണ്ടിപ്പെരിയാർ പീഡനക്കേസ് പ്രതിയെ വെറുതെവിട്ടു

പ്രതി അർജുൻ
പ്രതി അർജുൻ

അച്ഛനും അമ്മയ്ക്കും പതിനാല് വർഷം കാത്തിരുന്നുകിട്ടിയ സൗഭാഗ്യമായിരുന്നു ആ കുഞ്ഞ്. ലയത്തിലെ എല്ലാവർക്കും പ്രിയപ്പെട്ടവൾ. ‘അവളെ കൊന്നുകളഞ്ഞില്ലേ, എന്റെ മോളെ കൊന്നത് സത്യമാ, ഇപ്പോൾ എന്ത് നീതിയാണ് കിട്ടിയത്...’ എന്ന് ആ അമ്മ മനസ്സുരുകി നിലവിളിച്ചപ്പോൾ മൂകരായി നോക്കിനിൽക്കാനേ കോടതിക്കുമായുള്ളൂ. 
വണ്ടിപ്പെരിപ്പെരിയാറിൽ ആറുവയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി അർജുനെ കോടതി വെറുതെ വിടുമ്പോൾ കോടതി വരാന്തയിൽ അലമുറയിട്ടു കരയുകയായിരുന്നു ആ അമ്മ. “അവനെ ഞങ്ങൾ വെറുതെ വിടില്ല. ഞാൻ പെറ്റ മോളാ. നാട്ടുകാർക്കു മുഴുവൻ അറിയാം അവനാ ചെയ്തതെന്ന്, എന്നിട്ടുമവനെ വെറുതെ വിട്ടു. അവൻ സന്തോഷത്തോടെ ജീവിക്കാൻ പോവുകയാണ്”- പൊട്ടിക്കരഞ്ഞുകൊണ്ട് അമ്മ പറഞ്ഞുകൊണ്ടേയിരുന്നു. “പ്രതി എല്ലാവരെയും വിലയ്ക്കു വാങ്ങി, എന്റെ ഭർത്താവ് അവനെ വകവരുത്തി ജയിലിൽ പോവും”-കോടതിയുടെ പടിക്കെട്ടിലിരുന്ന് അമ്മ വിലപിച്ചു. ‘ഇനിയവർക്ക് കുഞ്ഞുങ്ങളില്ല. നിങ്ങൾക്കെല്ലാവർക്കും കുഞ്ഞുങ്ങളുള്ളതല്ലേ.. സങ്കടം തോന്നുകയില്ലേ’- ഒപ്പമുണ്ടായിരുന്ന മറ്റൊരു സ്ത്രീ പറഞ്ഞു. വിധി കേട്ടുനിന്നവരിലെല്ലാം ഒരുപക്ഷേ ഇതേ വികാരം തന്നെയാവും ഉണ്ടായിട്ടുണ്ടാവുക.  പ്രതിക്ക് കനത്ത ശിക്ഷ ലഭിക്കുമെന്ന് പ്രതീക്ഷിച്ചാണ് അമ്മയും അച്ഛനും ബന്ധുക്കളുമടക്കം കോടതിയിലെത്തിയത്. എല്ലാ തെളിവുകളും കൃത്യമായി സമർപ്പിച്ചിരുന്നതായി പോലീസും അറിയിച്ചിരുന്നു. പക്ഷേ, നാടിനെ നടുക്കിയ കൊലപാതകത്തിൽ പ്രതിയെ വെറുതെ വിട്ടപ്പോൾ കണ്ടുനിന്നവരും ഞെട്ടി. എവിടെയാണ്, ആർക്കാണ് പിഴച്ചുപോയതെന്ന് ഇനിയും വ്യക്തമായിട്ടില്ല.
എല്ലാ സംവിധാനങ്ങളെയും പ്രതി വിലയ്ക്കുവാങ്ങിയെന്നും തന്റെ ഭർത്താവ് സ്വന്തം നിലയ്ക്ക് നീതി നടപ്പാക്കുമെന്നൊക്കെ പറയുമ്പോൾ നീതിയിൽ അത്രകണ്ട് വിശ്വാസം നഷ്ടപ്പെട്ടിരിക്കാം ആ അമ്മയ്ക്ക്. 

കൊലപാതകം 2021-ൽ
2021 ജൂണ് 30-നാണ് ചുരുക്കുളം എസ്റ്റേറ്റിലെ മുറിക്കുള്ളില് ആറുവയസ്സുകാരിയെ തൂങ്ങിയനിലയില്‍ കണ്ടെത്തിയത്. വീട്ടിൽ അമ്മയുടെ ഷാൾ എടുത്തു കളിക്കുന്ന ശീലം കുട്ടിക്കുണ്ടായിരുന്നതിനാൽ ആദ്യഘട്ടത്തിൽ അങ്ങനെയെന്തെങ്കിലും അപകടം പിണഞ്ഞതാവാമെന്നാണ് വീട്ടുകാർ കരുതിയത്. എന്നാൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നപ്പോൾ മാത്രമാണ് കുട്ടി പീഡനത്തിന് ഇരയായിരുന്നുവെന്നും നടന്നത് കൊലപാതകമാണെന്നും കുടുംബംപോലുമറിയുന്നത്.

പീഡിപ്പിച്ചത് മൂന്നു വർഷത്തോളം
ലയത്തിൽ വെച്ച് മൂന്നുവർഷത്തോളമായി അർജുൻ കുട്ടിയെ പീഡിപ്പിച്ചിരുന്നുവെന്നാണ് അന്വേഷണം നടത്തിയ പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞത്. മാതാപിതാക്കള്‍ പകൽ ജോലിക്കു പോകുന്നവരാണ്. ഈ സമയം മുതലെടുത്താണ് പ്രതി വീട്ടിലെത്തിയത്. പീഡനത്തിനിടെ അബോധാവസ്ഥയിലായിപ്പോയ കുട്ടിയെ കൊന്ന് കെട്ടിത്തൂക്കുകയായിരുന്നുവെന്നും അർജുൻ ഇക്കാര്യം സമ്മതിച്ചെന്നും അന്ന് പോലീസ് പറഞ്ഞു. വണ്ടിപ്പെരിയാർ സി.ഐ. ആയിരുന്ന ടി.ഡി. സുനിൽ കുമാറിൻറെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ചത്. 2021 സെപ്റ്റംബർ 21-നാണ് കുറ്റപത്രം സമർപ്പിച്ചത്. കൊലപാതകം, ബലാത്സംഗം, പോക്സോ നിയമത്തിലെ വിവിധവകുപ്പുകൾ എന്നിവ ചുമത്തി. കട്ടപ്പന അതിവേഗ കോടതിയിലായിരുന്നു വിചാരണ. പട്ടികജാതി, പട്ടികവർഗ്ഗ പീഡന നിരോധന നിയമത്തിലെ വകുപ്പുകൾ പ്രതിക്കെതിരെ ചുമത്തണമെന്ന് പെൺകുട്ടിയുടെ അച്ഛൻ ഹൈക്കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ രണ്ടു പേരും എസ്.സി. വിഭാഗക്കാരായതിനാൽ കോടതി ഇതനുവദിച്ചില്ല. കഴുത്തിൽ ഷാൾ കുരുങ്ങിയാണ് പെൺകുട്ടി മരിച്ചതെന്ന് വരുത്തിത്തീർക്കാൻ പരമാവധി ശ്രമം പ്രതിഭാഗത്തുനിന്നുണ്ടായി. കേസ് നീട്ടിക്കൊണ്ടുപോവാൻ പലതവണ ശ്രമം നടന്നു. കുറ്റപത്രം സമർപ്പിച്ച് രണ്ടു വർഷത്തിനുശേഷമാണ് വിധിവരുന്നത്. 

യഥാർഥപ്രതി മറ്റെവിടെയോയെന്ന് പ്രതിഭാഗം 
അർജുനെതിരായ തെളിവുകളും സാക്ഷികളെയുമൊക്കെ കെട്ടിച്ചമച്ചതാണെന്നാണ് പ്രതിഭാഗം അഭിഭാഷകൻ കോടതിയിൽ പറഞ്ഞത്. കേസുതന്നെ കെട്ടിച്ചമച്ചതാണെന്നും. അർജുൻ കുറ്റക്കാരനല്ലെന്നും യഥാർഥ പ്രതി വേറെവിടെയോ ആണെന്നും പോലീസാണ് കണ്ടെത്തേണ്ടതെന്നും അഭിഭാഷകൻ പറഞ്ഞു. ഒപ്പം അർജുന് നഷ്ടപരിഹാരം നൽകണമെന്നും പുനരന്വേഷണത്തിന് പോകുമെന്നും പ്രതിഭാഗം പറയുന്നുണ്ട്. വിധിക്കെതിരേ അപ്പീൽ പോകുമെന്നാണ് പോലീസ് അറിയിച്ചിരിക്കുന്നത്. 

Content Highlights: vandiperiyar rape murder case accused arjun aquitted