ഭര്‍ത്താവിനെ കൊന്ന് മമ്മിയാക്കി, മരണശേഷം കുപ്രസിദ്ധയായ ലീ

മാഡ് ലീ എന്ന അപരനാമത്തിലാണ് ലീ ആന്‍ സബൈന്‍ നാട്ടുകാര്‍ക്കിടയില്‍ അറിയപ്പെട്ടത്. അവരുടെ ഉജ്ജ്വലവും ഭ്രാന്തവുമായ വ്യക്തിത്വവും പെരുമാറ്റവുമൊക്കെയായിരുന്നു പേരിനുകാരണം. കാണുന്നവരെയെല്ലാം 'ഡാര്‍ലിങ്' എന്നാണ് അഭിസംബോധന ചെയ്തിരുന്നത്. 74-ാം വയസ്സില്‍ അര്‍ബുദം ബാധിച്ച് മരിച്ച ലീ പിന്നീട് കുപ്രസിദ്ധയായ കഥയാണിത്. മരണശേഷം തന്നെ ലോകമറിയുമെന്ന് ജീവിച്ചിരിക്കെ തന്നെ ഉറപ്പുണ്ടായിരുന്നു ലീക്ക്. അതുകൊണ്ടുതന്നെ അണിഞ്ഞൊരുങ്ങി നില്‍ക്കുന്ന സുന്ദരമായ ചിത്രങ്ങള്‍ ഒരു പ്രൊഫഷണല്‍ ഫോട്ടോഗ്രാഫറെ വിളിച്ചുവരുത്തി പകര്‍ത്തിവെച്ചു. പിന്നീട് അവരുടെ പദ്ധതിപോലെ കാര്യങ്ങള്‍ നടക്കുകയും ചെയ്തു.
ജോണിന്റെ തിരോധാനം
വര്‍ഷം 1997. ബ്രിട്ടനിലെ വെയില്‍സിലുള്ള ബഡ്ഡൗവിലെ വീട്ടില്‍ നിന്ന് 67-കാരനായ അക്കൗണ്ടന്റ് ജോണ്‍ സബൈന്‍ പെട്ടെന്നൊരു ദിവസം അപ്രത്യക്ഷനായി. ഭര്‍ത്താവ് തന്നിഷ്ടപ്രകാരം തന്നെ ഉപേക്ഷിച്ചുപോയെന്ന് ഭാര്യ ലീ ആന്‍ എല്ലാവരോടും സങ്കടം പറഞ്ഞു. അദ്ദേഹത്തിന്റെ തിരോധാനത്തിനു പിന്നിലെ യഥാര്‍ഥകാരണം മറയ്ക്കാന്‍ ലീക്ക് അതിലും മികച്ചൊരു മാര്‍ഗമുണ്ടായിരുന്നില്ല. അവര്‍ എല്ലാവരെയും അങ്ങനെ വിശ്വസിപ്പിച്ചിരുന്നതിനാല്‍ തിരോധാനം സംബന്ധിച്ച് പോലീസ് കേസ് പോലുമുണ്ടായില്ല.
അങ്ങനെ വര്‍ഷങ്ങള്‍ കടന്നുപോയി. ലീയുടെ പെരുമാറ്റത്തില്‍ അസ്വാഭാവികതകളൊന്നും സുഹൃത്തുക്കള്‍ക്കോ നാട്ടുകാര്‍ക്കോ തോന്നിയില്ല. ഊര്‍ജസ്വലതയോടെ ലീ ജീവിച്ചു. ജോണിന്റെ പെന്‍ഷനും കൈപ്പറ്റി. വര്‍ഷങ്ങള്‍ പോകെ ലീക്ക് തലച്ചോറില്‍ അര്‍ബുദം ബാധിച്ചു. താന്‍ മരിക്കുമെന്ന് ഏറെക്കുറെ ഉറപ്പായ ലീ മരണശേഷം കൈവരാനുള്ള കുപ്രസിദ്ധി മുമ്പേ കണ്ടു. മാധ്യമങ്ങളില്‍ പ്രചരിക്കാന്‍ പോവുന്ന തന്റെ ചിത്രങ്ങള്‍ നല്ലതായിരിക്കണം, അതില്‍ താന്‍ മനോഹരിയായിരിക്കണം എന്നെല്ലാം ലീക്ക് നിര്‍ബന്ധമുണ്ടായിരുന്നു. അങ്ങനെ ഒരു പ്രൊഫഷണല്‍ ഫോട്ടോഗ്രാഫറെ വീട്ടിലേക്ക് വിളിച്ചുവരുത്തി. ജൂലിയറ്റ് എന്ന ഫോട്ടോഗ്രാഫറെത്തി. കിടപ്പുമുറിയില്‍ നിന്നും തോട്ടത്തില്‍ നിന്നും സമീപമുള്ള പാര്‍ലറില്‍ നിന്നുമായി ചിത്രീകരണം പൂര്‍ത്തിയാക്കി.
താനൊരു കാബറേറ്റ് പാട്ടുകാരിയായിരുന്നെന്നും വലിയ മാസികകളില്‍ ചിത്രം പ്രസിദ്ധീകരിച്ചിട്ടുള്ള ഫാഷന്‍ മോഡലായിരുന്നെന്നുമൊക്കെ ലീ ജൂലിയറ്റിനോടു പറഞ്ഞു. വേറെയും കുറേ കാര്യങ്ങളും. പതിവുജോലി പോലൊരു ദിവസമായിരുന്നു ജൂലിയറ്റിനത്. വൃദ്ധയായ ലീ പറഞ്ഞ ചിലതൊക്കെ കള്ളമാണെന്നു തോന്നിയെങ്കിലും അവരോട് സംസാരിക്കാന്‍ ജൂലിയറ്റിന് ഒരു രസം തോന്നി. ജോലിതീര്‍ത്ത് വീട്ടിലേക്ക് പോയ ജൂലിയറ്റ് അറിഞ്ഞില്ല, താനെടുത്ത ഈ ചിത്രങ്ങള്‍ നാളെ ലോകമറിയാന്‍ പോവുകയാണെന്ന്. ഫോട്ടോഷൂട്ട് കഴിഞ്ഞ് ഏകദേശം ഒരു വര്‍ഷം കഴിഞ്ഞിരിക്കും, 2015-ല്‍ ലീ മുത്തശ്ശി മരിച്ചു. ഭര്‍ത്താവിനെ കാണാതായിട്ട് അപ്പോഴേക്കും 18 വര്‍ഷമായിരുന്നു.
മരണശേഷം രഹസ്യം പുറത്ത്
മരിക്കും വരെ ലീക്ക് മാത്രമറിയാവുന്ന രഹസ്യമായിരുന്നു അത്. ലീ വിടവാങ്ങിയ ശേഷം വീട്ടിലെ സാധനങ്ങള്‍ അടുക്കിപ്പെറുക്കി വെക്കാനെത്തിയതായിരുന്നു സുഹൃത്ത് മിഷേല്‍. ഓരോന്നും എടുത്തുവെച്ച് വരുമ്പോള്‍ തട്ടിന്‍പുറത്ത് ഒരു വലിയ പൊതി കണ്ടു. എന്താണെന്ന് ഒറ്റനോട്ടത്തില്‍ മനസ്സിലായില്ല. പ്ലാസ്റ്റിക് കവറില്‍ ചുറ്റിച്ചുറ്റി വെച്ചിരിക്കുന്ന അതെന്താണെന്ന് അറിയാന്‍ കവറുകള്‍ പൊട്ടിച്ച് പരിശോധിച്ചു. അപ്പോഴാണ് ആ ഭയാനകമായ കാഴ്ചകണ്ടത്. 18 കൊല്ലം മുമ്പ് കാണാതായ ജോണ്‍ സബൈന്റെ മമ്മിയാക്കിയതുപോലത്തെ മൃതദേഹം. ദുരൂഹമായ സംഭവത്തിന്റെ ചുരുളഴിക്കാന്‍ സൗത്ത് വെയില്‍സ് പോലീസില്‍ നിന്നുള്ള ഡിക്റ്ററ്റീവുകള്‍ സംഭവസ്ഥലത്തെത്തി. ആയുധങ്ങളുപയോഗിച്ചാണോ കൊല നടന്നതെന്നും എന്തെങ്കിലും തെളിവുകള്‍ കിട്ടുമോയെന്നും അവര്‍ പരതി.
ഫോറന്‍സിക് പാത്തോളജിസ്റ്റ് ഡോ. റിച്ചാര്‍ഡ് ജോണ്‍സ് നടത്തിയ പോസ്റ്റ്മാര്‍ട്ടത്തില്‍ തലയ്‌ക്കേറ്റ ക്ഷതമാണ് മരണകാരണമെന്ന് മനസ്സിലായി. മൃതദേഹം പൊതിഞ്ഞ രീതി നോക്കുമ്പോള്‍ അത് 'കെമിക്കല്‍ മമ്മിഫിക്കേഷന്‍' നടത്തിയെന്നാണ് മനസിലാകുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇരയുടെ തലയിലെ മുറിവുകള്‍ക്ക് പ്രത്യേക ആകൃതിയായിരുന്നു. ഭാരമുള്ള എന്തോകൊണ്ടുള്ള ആക്രമണമാണ് നടന്നത്. വാസ്തവത്തില്‍, തവളയുടെ ആകൃതിയില്‍ കല്ലില്‍ തീര്‍ത്ത ഒരു അലങ്കാരവസ്തു ഉപയോഗിച്ച് ജോണിനെ ലീ മര്‍ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. ശേഷം ശരീരം പ്ലാസ്റ്റിക്ക്, ഷോപ്പിങ് ബാഗുകളില്‍ ചുറ്റി മമ്മിയാക്കി, ആദ്യം സ്വന്തം കട്ടിലിനടിയിലും പിന്നെ പൂന്തോട്ടത്തിലെ ഷെഡ്ഡിലും ഒടുവില്‍ തട്ടിന്‍പുറത്തും മൃതദേഹമൊളിപ്പിച്ചു. സുഹൃത്ത് മിഷേലിന് കൈമാറാനായി മാറ്റിവെച്ചിരുന്ന അലങ്കാരവസ്തുക്കളുടെ സഞ്ചിയില്‍ നിന്ന് ആ തവളപ്രതിമ അന്വേഷണസംഘം കണ്ടെത്തി.
ഞാന്‍ അറിയപ്പെടാന്‍ പോകുന്നു
മരിക്കുന്നതിന് ഏതാനും മാസങ്ങള്‍ മുമ്പ്, ലീ ഒരു ഹെയര്‍ഡ്രെസ്സറോട് ഇങ്ങനെ പറഞ്ഞു, 'ഞാന്‍ മരിച്ചശേഷം ആളുകള്‍ എന്നെക്കുറിച്ച് സംസാരിക്കാന്‍ പോകുന്നു. എനിക്ക് പ്രശസ്തയാകാം'. എന്തിന്റെ പേരിലെന്ന് ചോദിച്ചപ്പോള്‍ 'ബാഗിലുള്ള ശരീരം കാരണം' എന്ന് മറുപടിയും പറഞ്ഞു. ഹെയര്‍ഡ്രസ്സര്‍ക്ക് അപ്പറഞ്ഞത് മനസ്സിലായില്ലെങ്കിലും മൃതദേഹം കണ്ടെത്തിയശേഷം കാര്യങ്ങള്‍ വ്യക്തമായി. മരണശേഷം സത്യം ലോകമറിയണമെന്ന് ഒരുപക്ഷേ ലീ കരുതിക്കാണണം.
ജൂലിയറ്റിന്റെ ചിത്രങ്ങള്‍
കൊലപാതകവിവരം പുറത്തറിഞ്ഞതോടെ ജൂലിയറ്റ് പകര്‍ത്തിയ ലീയുടെ മനോഹരചിത്രങ്ങള്‍ വൈറലായി. ആ സംഭവത്തില്‍ തന്റെ അനുഭവം വിശദീകരിക്കുന്ന ഒരു പുസ്തകം 'ഫ്രോഗ് മര്‍ഡറര്‍' എന്ന പേരില്‍ ജൂലിയറ്റ് പ്രസിദ്ധീകരിച്ചു. ചില മനുഷ്യര്‍ ഉള്ളിപോലെയാണെന്നും അവര്‍ക്ക് നല്ല പാളികളും ചീത്ത പാളികളും ഹീനമായ പാളികളുമുണ്ടാണ്ടാവുമെന്നും ലീയെപ്പറ്റി ജൂലിയറ്റ് പറഞ്ഞു. പക്ഷേ, മറ്റുള്ളവരെ കാണിക്കണമെന്ന് സ്വയം ആഗ്രഹിക്കുന്ന പാളി മാത്രമേ അവര്‍ പുറമേ കാണിക്കൂവെന്നും.
'ലീ ബുദ്ധിമതിയും ആത്മവിശ്വാസമുള്ളവളുമായിരുന്നു. എല്ലാവരേയും 'ഡാര്‍ലിങ്' എന്ന് വിളിക്കും. പെരുമാറ്റത്തിന് പിന്നില്‍ സ്വന്തം രഹസ്യങ്ങളെല്ലാം അവര്‍ മറച്ചു. ആളുകള്‍ക്ക് എന്തെങ്കിലും മറയ്ക്കാനുണ്ടെങ്കില്‍ സാധാരണ അവര്‍ നിശബ്ദത പാലിക്കുകയും ഒരു മൂലയിലേക്ക് ഒതുങ്ങുകയുമൊക്കെയാണ് ചെയ്യാറ്. എന്നാല്‍ ലീ നേരെ മറിച്ചായിരുന്നു. മൃതദേഹം സ്വന്തം കട്ടിലിനടിയില്‍ സൂക്ഷിച്ചത് തുടര്‍ച്ചയായി അത് പൊതിഞ്ഞുകൊണ്ടിരിക്കാന്‍ ലീക്ക് സഹായകമായെന്നാണ് ജൂലിയറ്റ് കരുതുന്നത്.
അഞ്ചുകുട്ടികളെ ഉപേക്ഷിച്ച ദമ്പതിമാര്‍
മരണശേഷം ലീയുടെ ഭൂതകാലവും ചര്‍ച്ചചെയ്യപ്പെട്ടു. വെയില്‍സിലെ ഒരു ഗ്രാമത്തിലാണ് ലീ ജനിച്ചുവളര്‍ന്നത്. ഖനിത്തൊഴിലാളിയായ റൊണാള്‍ഡും മാര്‍ഗരറ്റുമാണ് മാതാപിതാക്കള്‍. അമ്മ ചെറുപ്പത്തിലേ കുടുംബത്തെ വിട്ടുപോയി. ബന്ധുക്കളുടെ വീട്ടിലും അനാഥാലയങ്ങളിലുമൊക്കെയായിട്ടാണ് ലീ വളര്‍ന്നത്. 17-ാം വയസ്സില്‍ ലണ്ടനിലെ സെയിന്റ് മേരീസ് ആശുപത്രിയില്‍ ജോലിക്കെത്തിയപ്പോഴാണ് ജോണിനെ പരിചയപ്പെടുന്നത്. പിന്നീട് വിവാഹിതരായ ഇരുവര്‍ക്കും അഞ്ച് മക്കളുണ്ട്. 60-കളില്‍ കുടുംബം ന്യൂസിലാന്‍ഡിലേക്ക് കുടിയേറി. അഞ്ചു മക്കളെയും പല സമയങ്ങളിലായി ദമ്പതിമാര്‍ ഉപേക്ഷിക്കുകയും വില്‍ക്കുകയും ചെയ്‌തെന്നും പിന്നീട് ഓസ്‌ട്രേലിയയിലേക്ക് പോയെന്നും പറയപ്പെടുന്നു. അവിടെ മറ്റൊരു ഐഡന്റിറ്റിയില്‍ ദീര്‍ഘകാലം ജീവിച്ചെന്നും.
Content Highlights: uk woman killed her husband and hid his body for 18 Years.