'ഞങ്ങൾക്കിപ്പോൾ പകലിനെപ്പോലും പേടിയാണ്', അന്ന് ആ കുട്ടികൾ പറഞ്ഞു’; ചെന്താമരയ്ക്ക് ഇരട്ട ജീവപര്യന്തം

ഞങ്ങൾ ആരോട് എന്ത് തെറ്റുചെയ്തു?
ഒരാളെ കൊല്ലാനുള്ള അധികാരം ഈ ഭൂമിയിൽ ആർക്കാണ് ഉള്ളത്?അയാൾ പുറത്തുള്ളപ്പോൾ വെളിയിലിറങ്ങാൻ ഞങ്ങൾക്ക് ഭയമാണ്! ആദ്യം അമ്മ, പിന്നീട് അച്ഛനും മുത്തശ്ശിയും. പിന്നെ ഞങ്ങൾ എങ്ങനെ ഭയക്കാതെ പുറത്തിറങ്ങും? ഞങ്ങൾക്കിപ്പോൾ പകലിനെപ്പോലും പേടിയാണ്?
സ്വന്തം അച്ഛനും അമ്മയും മുത്തശ്ശിയും നഷ്ടപ്പെട്ട അഖിലയുടെയും അതുല്യയുടെയും വാക്കുകളാണ്. ചെന്താമരയുടെ ക്രൂരതയിലായിരുന്നു ഇരുവർക്കും സ്വന്തം മാതാപിതാക്കളെ നഷ്ടപ്പെട്ടത്. ചെന്താമരയ്ക്ക് ഇരട്ട ജീവപര്യന്തം ശിക്ഷ ലഭിച്ചതോടെ ഇരുവർക്കും ആശ്വാസമുണ്ട്. മാസങ്ങൾക്കുമുമ്പ് ഇരുവരും ചെന്താമരയുടെ ക്രൂരകൃത്യങ്ങളെക്കുറിച്ച് ഗൃഹലക്ഷ്മിയോട് സംസാരിച്ചപ്പോൾ.
അമ്മ, അച്ഛൻ, മുത്തശ്ശി. എന്തിനായിരുന്നു ചെന്താമര ഇവരെ അരുംകൊല ചെയ്തത്. എന്തായിരുന്നു അയാളുടെ സ്വഭാവസവിശേഷത?
അതുല്യ: ക്രൂരതനിറഞ്ഞ മുഖവുമായാണ് അയാളുടെ നടത്തം. ആരോടും ചിരിച്ചതായി കണ്ടിട്ടില്ല. ആരെ കണ്ടാലും തലതാഴ്ത്തിപോകും. ഞങ്ങളുടെ വീടിന്റെ തൊട്ടടുത്താണ് അയാളുടെ വീടും. ഒറ്റയ്ക്കിരിക്കുമ്പോൾ ലൈറ്റ് ഇടുകയേയില്ല. വാതിലടച്ച് കിടക്കുന്നത് കാണുമ്പോൾ നമ്മൾ വിചാരിക്കും ആ വീട്ടിൽ ആരുമുണ്ടായിരിക്കില്ല എന്ന്. എന്നാൽ, രഹസ്യമായി നിരീക്ഷിക്കുകയാണ് അയാൾ ചെയ്തുകൊണ്ടിരുന്നത്. ഞങ്ങളുടെ വീട്ടിലേക്ക് തുറക്കുന്ന ജനാലയിലൂടെ ഇടയ്ക്കിടെ നിരീക്ഷിക്കുന്നത് കണ്ടിട്ടുണ്ട്. മുന്നിലെ വാതിൽ എപ്പോഴും പൂട്ടിയിടും. വരവും പോക്കുമെല്ലാം വീടിന്റെ പിന്നിലുള്ള വാതിലിലൂടെയായിരിക്കും. വല്ലാത്തൊരു പ്രകൃതമായിരുന്നു അയാളുടേത്. ആരുമായും സംസാരിക്കില്ല, കടക്കാരോട് മാത്രമേ സംസാരിക്കുകയുള്ളൂ, സമീപത്തായി അയാൾക്ക് ബന്ധുക്കൾ ഉണ്ട്. അവരോട് മാത്രമേ ചെന്താമര ബന്ധം പുലർത്തിയിരുന്നുള്ളൂ.
അഖില: സ്വന്തം ഭാര്യയെപ്പോലും അയാൾക്ക് സംശയമായിരുന്നു. അയാളുടെ ഭാര്യ പഞ്ചായത്ത് എ.ഡി.എസ് ആയിരുന്നു. അവർ മറ്റുള്ളവരോട് സംസാരിക്കുന്നതൊന്നും ഇയാൾക്ക് ഇഷ്ടമായിരുന്നില്ല. അമ്മയുമായി നല്ല സൗഹൃദമായിരുന്നു അവർക്ക്. അമ്മയടക്കം ചില സ്ത്രീകളെയും തൊഴിലുറപ്പ് പണിക്ക് എടുക്കരുതെന്ന് അയാൾ ഭാര്യയോട് പറഞ്ഞിരുന്നതായി കേട്ടിട്ടുണ്ട്. അജിതയെ വേണ്ട, പുഷ്പയെ വേണ്ട, സജിതയെ വേണ്ട എന്നൊക്കെ. അത് അവരെക്കൊണ്ട് സാധ്യമാവുകയില്ലല്ലോ. ആർക്കൊക്കെ തൊഴിൽ നൽകണമെന്ന് തീരുമാനിക്കേണ്ടത് പഞ്ചായത്തല്ലേ.
അഞ്ചരവർഷം മുൻപ് നിങ്ങളുടെ അമ്മയെ കൊല്ലാനുള്ള കാരണമെന്തായിരുന്നു?
അഖില: ചെന്താമരയുടെത് പ്രണയവിവാഹം ആയിരുന്നു. പക്ഷേ, സംശയരോഗം കാരണം ഭാര്യയെ ചീത്തവിളിക്കുകയും മർദ്ദിക്കുകയും ചെയ്യുമായിരുന്നു. അയാളുടെ സംശയരോഗം തറച്ചുനിന്നത് ഞങ്ങളിലായിരുന്നു. അമ്മയോടായിരുന്നു ആ ചേച്ചി കാര്യങ്ങളെല്ലാം ഷെയർ ചെയ്തിരുന്നത്. അതാകാം അയാളുടെ മനസ്സിൽ പകയിരട്ടിച്ചത്.
അതുല്യ: പിന്നീടാണ് ഞങ്ങൾ അറിഞ്ഞത്. സ്വന്തം ഭാര്യയുടെ കഴുത്തിൽ കൊടുവാൾ വെച്ച് അയാൾ ഭീഷണിപ്പെടുത്തിയിരുന്ന കാര്യംപോലും. അയാളുടെ ക്രൂരതയിൽ മനംമടുത്ത് അവരും മകളും പിണങ്ങിപ്പോയി. അതിന് പിന്നിൽ അമ്മയാണെന്ന് തെറ്റിദ്ധരിച്ചാണ് അയാൾ വീട്ടിൽ ഒളിഞ്ഞിരുന്ന് ആക്രമിക്കുന്നത്. അയാളൊരു ക്രിമിനൽ സ്വഭാവമുള്ള ആളാണോയെന്ന് ഞങ്ങൾക്കാർക്കും അറിയില്ലായിരുന്നു.
അഖില: ഞാൻ ഒമ്പതാംക്ലാസിൽ ഓണപ്പരീക്ഷയ്ക്ക് പോയ ശേഷമായിരുന്നു അക്രമം. അടുത്തുള്ള കുളത്തിൽ അലക്കും കുളിയും കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് ഫ്രിഡ്ജിന്റെ മറവിൽ ഒളിച്ചിരുന്ന് ചെന്താമര അമ്മയെ വെട്ടുന്നത്. ഒരു പ്രകോപനവും ഇല്ലാതെ. അയാളെ നോക്കാൻകൂടി ഭയമായിരുന്നു. അമ്മയുടെ കൊലപാതകത്തിന് മുൻപ് നാട്ടുകാരോടൊക്കെ അയാൾ പറഞ്ഞിരുന്നു. മൂന്നുപേർ എന്റെ ലിസ്റ്റിലുണ്ട്. അവരെയെല്ലാം വകവരുത്തണം. അയാളുടെ ഇര ആരായിരുന്നുവെന്ന് ഞങ്ങൾക്ക് അറിയില്ലായിരുന്നുവല്ലോ?
അറസ്റ്റ് ചെയ്തുകൊണ്ടുപോകുമ്പോഴും ഇനിയും കൊല്ലുമെന്നാണ് അയാൾ പറഞ്ഞത്. ആ ഭയം ഞങ്ങളുടെ മനസ്സിൽനിന്ന് മാഞ്ഞിരുന്നില്ല. അയാൾ ജാമ്യത്തിലിറങ്ങുന്നത് പോത്തുണ്ടിയിൽ എത്തിയശേഷമാണ് ഞാനറിയുന്നത്. ഞായറാഴ്ച അച്ഛൻ കൊയമ്പത്തൂരിൽനിന്ന് എത്തുമ്പോൾ ഞാൻ അവിടേക്ക് പോകും. തിങ്കളാഴ്ച അച്ഛൻ തിരിച്ചുപോകുമ്പോൾ ഞാനും തറവാട്ട് വീട്ടിലേക്ക് മടങ്ങും. അമ്മ മരിച്ചശേഷം ഞങ്ങൾക്ക് അവിടെനിൽക്കാൻ ഭയമായിരുന്നു അഞ്ചരവർഷം കഴിഞ്ഞിട്ടും ഞങ്ങൾക്കുള്ളിലെ ഭയം വിട്ടുമാറിയിരുന്നില്ല. അയാൾ നാട്ടിലെത്തിയ വിവരം അറിഞ്ഞ ഉടനെ ഞാൻ ഞാൻ നെന്മാറ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. പക്ഷേ, സംഭവിക്കാനുള്ളതെല്ലാം സംഭവിച്ചു.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Two sisters share their harrowing experience after their mother, father, and grandmother were brutally murdered by their neighbor, Chentamara