വിനോദയാത്രയ്ക്കും കിട്ടും ഇന്‍ഷുറന്‍സ് പരിരക്ഷണം;പരമാവധി 180 ദിവസമാണ് മിക്ക പോളിസികളുടെയും കാലാവധി

#കെ.കെ ജയകുമാര്‍ (പേഴ്‌സണല്‍ ഫിനാന്‍സ് അനലിസ്റ്റ് ആന്‍ഡ് എന്‍ട്രപ്രണര്‍ഷിപ്പ് മെന്റര്‍)
പ്രതീകാത്മകചിത്രം/ shutter stock
പ്രതീകാത്മകചിത്രം/ shutter stock

അവധിക്കാലമായി. മലയാളികള്‍ മുമ്പെങ്ങുമില്ലാത്ത വിധം ഉല്ലാസയാത്രകള്‍ നടത്തിതുടങ്ങിയിരിക്കുന്നു. സമ്പത്തുണ്ടാക്കുന്നതുപോലെ പ്രധാനമാണ് അതുപയോഗിച്ച് ജീവിതത്തില്‍ സന്തോഷനിമിഷങ്ങള്‍ ഉണ്ടാക്കുക എന്നതും. വര്‍ഷത്തിലൊരിക്കലെങ്കിലും കുടംബവുമൊന്നിച്ച് യാത്രചെയ്യുന്നതും വീട് വിട്ട് താമസിക്കുന്നതും ജീവിത സംഘര്‍ഷങ്ങള്‍ ലഘൂകരിക്കാന്‍ നല്ലതാണ്. പതിവ് പരിസരങ്ങളില്‍ നിന്ന മാറി നിന്ന് ജീവിതത്തെയും അതിലെ പ്രതിസന്ധികളെയും നോക്കികാണാന്‍ ഇത് അവസരം നല്‍കുന്നു. ഏറ്റവും പ്രിയപ്പെട്ടവര്‍ക്കൊപ്പം നിത്യജീവിതത്തിന്റെ പരിമുറക്കങ്ങളില്ലാതെ കുറച്ചുസമയം ചിലവിടേണ്ടതും എല്ലാവര്‍ക്കും ആവശ്യവുമാണ്.

ആവശ്യത്തിന് പണമുള്ള കുടുംബങ്ങളും ലഘുസമ്പാദ്യത്തിലൂടെ പണം സ്വരുക്കൂട്ടുന്ന കുടുംബങ്ങളുമൊക്കെ ഇന്ന് രാജ്യത്തിനകത്തും വിദേശത്തും ഉല്ലാസയാത്ര ചെയ്യുന്നുണ്ട്. ലഘുസമ്പാദ്യം സ്വരുക്കൂട്ടി ഉല്ലാസ യാത്രകള്‍ നടത്തുന്നവര്‍ യാത്രയ്ക്കിടയില്‍ ഉണ്ടായേക്കാവുന്ന അധികപണച്ചെലവിന് ഇന്‍ഷുറന്‍സ് സംരക്ഷണം തേടുന്നത് ഉചിതമാണ്. ട്രാവല്‍ ഇന്‍ഷുറന്‍സ് പോളിസികള്‍ ഇത്തരം സേവനങ്ങള്‍ നല്‍കാനായി ആവിഷ്‌ക്കരിക്കപ്പെട്ടവയാണ്. യാത്രയ്ക്കിടയിലുണ്ടാകുന്ന മോഷണം, അപകടങ്ങള്‍, അസുഖം മുതലായവമൂലം ഉണ്ടായേക്കാവുന്ന ആശുപത്രി ചിലവ് തുടങ്ങിയവയ്ക്ക് ഇത്തരം പോളിസികളില്‍ നിന്ന സംരക്ഷണം ലഭിക്കും. യാത്ര ഏതുമാര്‍ഗത്തിലൂടെയും ആയിക്കൊള്ളട്ടെ. ട്രാവല്‍ പോളിസി ഉണ്ടെങ്കില്‍ സംരക്ഷണം ലഭിക്കും. 

ഇത്തരം പോളിസിയില്‍ ഇനി പറയുന്നവയ്ക്ക പ്രധാനമായും കവറേജ് ലഭിക്കും.
1. യാത്രയ്ക്ക ഇടയിലുണ്ടാകുന്ന അപകടത്തെതുടര്‍ന്നുള്ള അംഗവൈകല്യം, മരണം, ചികില്‍സ
2. പ്രകൃതിക്ഷോഭം മൂലമുണ്ടാകുന്ന അപകടം, മരണം
3. യാത്രയ്ക്കിടയില്‍ വിലപിടിച്ച വസ്തുക്കള്‍ മോഷണം പോയാല്‍, നഷ്ടപ്പെട്ടാല്‍
4. വിമാനയാത്രയ്ക്കിടയില്‍ ബാഗേജ് നഷ്ടപ്പെട്ടാല്‍, അതുമൂലം ഉണ്ടാകുന്ന അധിക ചെലവ്,
5.വിദേശരാജ്യത്ത് വെച്ച് അസുഖം ഉണ്ടായാല്‍ ചികില്‍സാചെലവ്,
6. പാസ്‌പോര്‍ട്ട പോലുള്ള രേഖകള്‍ നഷ്ടപ്പെടുന്നതുമൂലമുള്ള പണച്ചെലവ്

പരമാവധി 180 ദിവസമാണ് മിക്ക പോളിസികളുടെയും കാലാവധി. ഈ കാലയളവിലെ യാത്രയ്ക്ക മാത്രമാണ് ഇന്‍ഷുറന്‍സ് സംരക്ഷണം ലഭിക്കുക. അതായ്ത് യാത്ര നടത്താന്‍ ഉദ്ദേശിക്കുമ്പോള്‍ മാത്രം ഇത്തരം പോളിസികളില്‍ ചേര്‍ന്നാല്‍ മതി. പ്രീമിയം ഒറ്റത്തവണ അടച്ചാണ് പോളിസിയില്‍ ചേരേണ്ടത്. വ്യക്തിക്ക് മാത്രമായോ കുടംബത്തിന് മൊത്തത്തിലോ പോളിസിയില്‍ ചേരാം. സ്ഥിരമായി യാത്രചെയ്യുന്നവര്‍, വിദ്യാര്‍ത്ഥികള്‍, മുതിര്‍ന്ന പൗരന്മാര്‍ തുടങ്ങിയവര്‍ക്കായി പ്രത്യേക ട്രാവല്‍ പോളിസികളും ലഭിക്കും. പോളിസിയില്‍ ചേര്‍ന്നശേഷം യാത്രയ്ക്കായി വാഹനത്തില്‍ കയറുന്ന സമയം മുതല്‍ പോളിസികവറേജ് ആരംഭിക്കും. ക്ലെയിം ഉണ്ടായാല്‍ അപേക്ഷയോടൊപ്പം ബന്ധപ്പെട്ട രേഖകള്‍ സമര്‍പ്പിക്കണം. അതുകൊണ്ട് യാത്രയ്ക്കിയില്‍ ഉണ്ടാകുന്ന എല്ലാ ചിലവുകള്‍ക്കും ബില്‍ വാങ്ങിയിരിക്കണം.  പോളിസി എടുക്കുമ്പോള്‍ നിലവിലുള്ള അസുഖങ്ങള്‍ക്ക് കവറേജ് ലഭിക്കില്ല. യാത്രയ്ക്കിടയില്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിനെത്തുടര്‍ന്നുണ്ടാകുന്ന അപകടത്തിനോ നഷ്ടത്തിനോ കവറേജ് ലഭിക്കില്ല. മദ്യം, മയക്കുമരുന്ന് തുടങ്ങിയവ ഉപയോഗിച്ചതിനെതുടര്‍ന്നുണ്ടാകുന്ന അസുഖങ്ങള്‍ക്കോ അപകടങ്ങള്‍ക്കോ കവറേജ് ലഭിക്കില്ല എന്ന കാര്യവും പ്രത്യേകം ഓര്‍ക്കുക.

Content Highlights: travel insurance benefits for vacation