12 റോൾസ് റോയ്‌സ് കാറുകൾ; ഡോ.സി.ജെ.റോയ്‌യുടെ ഏകദേശ ആസ്തി 8300 കോടി

ഡോ.സി.ജെ.റോയ് / Facebook
ഡോ.സി.ജെ.റോയ് / Facebook

കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ ഡോ.സി.ജെ.റോയ്‌യുടെ മരണം തീർത്ത ഞെട്ടലിൽനിന്ന് മാറിയിട്ടില്ല ബിസിനസ് ലോകം. ആദായനികുതി വകുപ്പിന്റെ പരിശോധന നടന്നുകൊണ്ടിരിക്കുന്നതിനിടയിലാണ് ബംഗളൂരുവിലെ ഓഫീസിൽവെച്ച് അദ്ദേഹം സ്വയം വെടിവെച്ചു മരിക്കുന്നത്.

അതിനിടെ അദ്ദേഹത്തിന്റെ സ്വകാര്യജീവിതവും ആസ്തിയും കാറുകളുടെ ശേഖരവുമെല്ലാം ചർച്ചയാവുകയാണ്. അദ്ദേഹത്തിന്റെ ബിസിനസ് സാമ്രാജ്യം വ്യാപിച്ചുകിടക്കുന്ന ഇന്ത്യയിലും ദുബായിലുമായി ഒട്ടേറെ കാറുകളാണ് അദ്ദേഹത്തിന്റെ ഗാരിജിലുള്ളത്.

ആദ്യമായി വാങ്ങിയത് ഒരു മാരുതി കാറാണ്. എന്നാൽ പിന്നീടത് വിൽക്കേണ്ടിവന്നു. വർഷങ്ങൾക്കുശേഷം അത് തിരിച്ചുപിടിക്കണമെന്ന് അദ്ദേഹത്തിനു തോന്നി. ആ കാർ കണ്ടെത്തിക്കൊടുത്തവർക്ക് അന്ന് 10 ലക്ഷമാണ് പാരിതോഷികമായി നൽകിയത്.

അതിനുശേഷം ബുഗാട്ടി വെയ്‌റൺ, റോൾസ് റോയ്‌സ്, ഫെറാറി, ലംബോർഗിനി, ബെന്റ്‌ലി, മെക്‌ലരൻ, മെഴ്‌സിഡസ്-മേബാച്ച് തുടങ്ങിയ കാറുകൾ അദ്ദേഹം വാങ്ങി. ലോകത്തിലെ തന്നെ അപൂർവ കാറുകൾ തന്റെ ഗാരിജിലെത്തിക്കാൻ അദ്ദേഹം തീരുമാനിച്ചതിനുപിന്നിലൊരു കഥയുണ്ട്.

ചെറുപ്പത്തിൽ ഒരു കാർ ലോഞ്ചിങ് കാണാനായി കാർ ഷോറൂമിലെത്തി. നല്ല തിരക്കുണ്ടായിരുന്നു അവിടെ. ആ തിരക്കിലേക്ക് ഇടിച്ചുകയറിയ ആ സ്‌കൂൾ കുട്ടിയെ, സെക്യൂരിറ്റി പുറത്താക്കി. ''നീ വലുതായിട്ട് കാർ വാങ്ങാൻ വാ'' എന്നുപറഞ്ഞാണ് അവിടുന്ന് പുറത്താക്കിയതെന്ന് റോയ് പിന്നീട് പലപ്പോഴും പറഞ്ഞിട്ടുണ്ട്. ആ അനുഭവമാണ് ലോകത്തിലെ ഏറ്റവും ഐക്കോണിക് കാറുകൾ സ്വന്തമാക്കാനുള്ള ഊർജമായത്.

12 റോൾസ് റോയ്‌സ് കാറുകളാണ് ഇപ്പോൾ അദ്ദേഹത്തിന്റെ ഗാരിജിലുള്ളത്. 12-മത്തെ റോൾസ് റോയ്‌സ് 2025 നവംബറിലാണ് വാങ്ങിയത്. ഫാന്റം 8 എന്ന കാറായിരുന്നുവത്. കാറുകളുടെ ഇൻഷുറൻസ് പ്രീമിയമായി മാത്രം കോടികളാണ് ഓരോ വർഷവും അദ്ദേഹം അടച്ചിരുന്നത്.

മുംബൈ, ദുബായ്, ലോസ് ഏഞ്ചലിസ് എന്നിവിടങ്ങളിൽ റോയ്ക്ക് ആഡംബരവസതികളുണ്ടെന്നും പറയപ്പെടുന്നു. ഒരു പ്രൈവറ്റ് ജെറ്റും അദ്ദേഹത്തിനുണ്ട്.

കമ്പനിയുമായി ബന്ധപ്പെട്ട വിവരങ്ങൾ പ്രകാരം കോൺഫിഡന്റ് ഗ്രൂപ്പ് 150-ലധികം റിയൽ എസ്റ്റേറ്റ് പ്രോജക്ടുകളാണ് പൂർത്തിയാക്കിയത്. ഇന്ത്യയിലും യു.എ.ഇ.യിലും അമേരിക്കയിലുമായിട്ടാണത്. 2025-ലെ റിപ്പോർട്ടുകൾ പ്രകാരം കോൺഫിഡന്റ് ഗ്രൂപ്പിന്റെ ആസ്തി 2000 കോടി രൂപയാണ്. അനൗദ്യോഗിക റിപ്പോർട്ടുകൾ പ്രകാരം അദ്ദേഹത്തിന്റെ ഏകദേശ ആസ്തി 8300 കോടി രൂപയും.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Confident Group Chairman Dr. C.J. Roy tragically passed away by suicide during an income tax department investigation. His life and luxury car collection are now under scrutiny