നാഗ ചൈത്യ-ശോഭിത വിവാഹം; ക്ഷണക്കത്തിനൊപ്പം തിളങ്ങുന്ന ഈ പാവകളുടെ കഥ

നാഗ ചൈതന്യയുടെയും ശോഭിത ധുലിപാലയുടെയും വിവാഹചര്ച്ചകളിലാണ് ടോളിവുഡ്. അതിനിടെ തനിക്കേറെ അടുപ്പമുള്ളവര്‍ക്കായി ശോഭിത തയ്യാറാക്കിയ ക്ഷണക്കത്ത് ചര്‍ച്ചയാവുകയാണ്. ഫില്‍റ്റര്‍ കോഫി കിറ്റ്, ആന്ധ്ര സ്പെഷല്‍ ചമ്മന്തിപ്പൊടി, മധുലപലഹാരങ്ങള് എന്നിവയടങ്ങുന്ന ഒരു കിറ്റിനൊപ്പമാണ് ക്ഷണക്കത്തുള്ളത്. അടുത്ത കൂട്ടുകാരും ബന്ധുക്കളുമടങ്ങുന്ന 100 പേര്‍ക്കാണ് ശോഭിത ഈ സ്പെഷല്‍ ക്ഷണക്കത്ത് നല്‍കുന്നത്. ആന്ധ്രയുടെ സ്വന്തം കൊണ്ടപ്പള്ളി പാവകളുമുണ്ട് ഈ ക്ഷണക്കത്ത് കിറ്റിനൊപ്പം.
അതിലേറ്റവും ശ്രദ്ധയാകര്ഷിക്കപ്പെട്ടതും ഈ പാവകളിലേക്ക് തന്നെ. ആന്ധ്രയിലെ ഒരു കൊച്ചുപട്ടണമാണ് കൊണ്ടപ്പള്ളി. വിജയവാഡയില്‍നിന്ന് 16 കിലോമീറ്റര്‍ ദൂരം. ബൊമ്മല കോളനി എന്നും ഈ സ്ഥലം അറിയപ്പെടുന്നു. അവിടുന്നാണ് ഈ പരമ്പരാഗത കളിപ്പാട്ടങ്ങള്‍ നിര്‍മിക്കപ്പെടുന്നത്. കളിപ്പാട്ടനിര്മാണത്തില് 400 വര്‍ഷത്തെ പാരമ്പര്യം അവകാശപ്പെടാനുള്ള സ്ഥലമാണിത്. നവരാത്രിയാഘോഷങ്ങളില് ബൊമ്മക്കൊലു ഒരുക്കാനും കൊണ്ടപ്പള്ളി കളിപ്പാട്ടങ്ങള്‍ വെക്കാറുണ്ട്.
കൊണ്ടപ്പള്ളി മലനിരകളില്‍ ധാരാളമായി കാണുന്ന തെല്ല പൊനികി എന്ന പ്രത്യേകതരം കട്ടികുറഞ്ഞ മരത്തിലാണ് പാവ നിര്‍മിക്കുന്നത്. ഈ മരം പ്രത്യേകതരത്തില്‍ ചൂടാക്കി, നനവ് മുഴുവന്‍ ഉണക്കിക്കളയും. എന്നിട്ടാണ് പാവനിര്മാണത്തിനായി ഉപയോഗിക്കുന്നത്. ആദ്യം തന്നെ ഓരോ മരക്കഷണങ്ങളില്‍നിന്ന് പാവകളുടെ ഓരോ ഭാഗങ്ങളായി ഭംഗിയായി കൊത്തിയെടുക്കുകയാണ് ചെയ്യുന്നത്. പുളിയുടെ കുരു കൊണ്ടുള്ള പൊടിയും ഈര്‍ച്ചപ്പൊടിയും വെള്ളത്തില്‍ യോജിപ്പിച്ചാണ് ഓരോ ഭാഗങ്ങളും ഒട്ടിച്ചുവെക്കുന്നത്.
പണ്ടുകാലത്ത് കല്ലുകളും, പലതരം വേരുകളും, ഔഷധസസ്യങ്ങളുമൊക്കെയാണ് പാവയ്ക്ക് നിറം കൊടുക്കാനായി ഉപയോഗിച്ചിരുന്നത്. ഇപ്പോള്‍ അതിനുപകരം വെജിറ്റബിള്‍ ഡൈ, ഇനാമല്‍ പെയിന്റ് തുടങ്ങിയവയാണ്.
പുരാണങ്ങളിലെ രൂപങ്ങളും ഗ്രാമീണജീവിതങ്ങളുമൊക്കെയാണ് പാവയില്‍ കൊത്തിയെടുക്കുന്നത്. കൂടാതെ ആനകള്‍, മയിലുകള്‍, കാളവണ്ടി, തത്തകള്‍ തുടങ്ങിയ കൊണ്ടപ്പള്ളി പാവകളും ഇവിടെനിന്ന് പുറംനാടുകളിലേക്ക് കടക്കുന്നു. അതിനൊപ്പം ഡാന്‍സിങ് ഡോളും കൊണ്ടപ്പള്ളിയുടെ പ്രത്യേകതയാണ്. 500 രൂപ മുതലാണ് ഒരു പാവയ്ക്ക് വില വരുന്നത്.
ഒരു കുടുംബം മുഴുവന്‍ ചേര്‍ന്നാണ് കൊണ്ടപ്പള്ളി പാവകളുണ്ടാക്കുന്നത്. അതാണ് മറ്റൊരു പ്രത്യേകത. ഒരുകാലത്ത് വന്‍ ഡിമാന്റുണ്ടായിരുന്ന പാവനിര്‍മാണ മേഖല ഇന്ന് തകര്‍ച്ചയിലാണ്. ഒരുപാട് സമയമെടുത്താണ് ഒരു പാവ നിര്‍മിക്കുന്നത്. പക്ഷേ, അതിനൊത്ത ലാഭം കിട്ടാറുമില്ല. അതാണ് ഈ മേഖലയെ തളര്‍ത്തുന്ന പ്രധാനപ്രശ്നം.
Content Highlights: traditional kondapalli toys in naga chaitanya-sobhita dhulipala wedding hamper