പായ്ക്കറ്റ് പൊട്ടിക്കുമ്പോൾ വളർത്തുപട്ടികൾ ഓടിവരുന്നുണ്ടോ? ഉപ്പും കൊഴുപ്പും അവർക്ക് നല്ലതല്ല

AI
AI

വീട്ടിലെ ഒരംഗത്തെപ്പോലെയാണ് മിക്കവർക്കും വളർത്തുനായ്ക്കളും. അതുകൊണ്ടുതന്നെ വീട്ടിലുള്ളവർ കൂടിയിരുന്ന് ഭക്ഷണം കഴിക്കുമ്പോൾ അതിലൊരു പങ്ക് പട്ടികൾക്കും ഇട്ടുകൊടുക്കുന്നത് ഒരു ശീലമാണ്. നമ്മളെന്തെങ്കിലും കഴിക്കുമ്പോൾ അരുമകൾക്കും അത് കഴിക്കാൻ കൊതിയുണ്ടാവും, പായ്ക്കറ്റ് പൊട്ടിക്കുമ്പോഴേക്കും അവർ ഓടിവരികയും ചെയ്യും. എന്നാൽ മനുഷ്യർ കഴിക്കുന്ന ചിപ്സ് പട്ടികൾക്ക് എത്രത്തോളം അപകടമാണെന്നറിയാമോ?

ഉപ്പുള്ള, മൊരിഞ്ഞ ചിപ്സിൽ ഉയർന്ന അളവിൽ സോഡിയമുണ്ട്. മനുഷ്യരെപ്പോലെ സോഡിയം സംസ്കരിക്കാൻ നായ്ക്കളുടെ ശരീരത്തിനാവില്ല. കൂടാതെ അമിതമായ ഉപ്പ് വിഷബാധയിലേക്ക് നയിച്ചേക്കാം. ഛർദ്ദി, വിറയൽ, അല്ലെങ്കിൽ നിർജ്ജലീകരണം എന്നിവയ്ക്ക് കാരണമാകും. ഗുരുതരമായ കേസുകളിൽ, ഇത് നായയുടെ തലച്ചോറിനെയോ വൃക്കകളെയോ ബാധിച്ചേക്കാം.

വളർത്തുമൃഗങ്ങൾ ചിപ്‌സ് കഴിക്കുമ്പോൾ സംഭവിക്കുന്നത്

പൊതുവെ, ചിപ്‌സ് വിഷമുള്ളതല്ല, പക്ഷേ അതിലടങ്ങിയ ഉപ്പ്, മസാലകൾ, എണ്ണകൾ എന്നിവ മൃഗങ്ങൾക്ക് ദഹിക്കാൻ പ്രയാസമുള്ള ഘടകങ്ങളാണ്. അബദ്ധത്തിൽ ഒരു ചെറിയ കഷ്ണം കഴിക്കുന്നത് ദോഷം ചെയ്യില്ല, എന്നാൽ പതിവായോ വലിയ അളവിലോ കഴിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കും.

  • ദഹനപ്രശ്നങ്ങൾ- ഛർദ്ദി, വയറിളക്കം, വയറുവേദന.
  • അമിതമായ ദാഹം- നായ്ക്കൾക്ക് കൈകാര്യം ചെയ്യാൻ കഴിയുന്നതിനേക്കാൾ കൂടുതൽ ഉപ്പ് ചിപ്‌സിലുണ്ട്
  • പാൻക്രിയാറ്റൈറ്റിസ്- ഉയർന്ന കൊഴുപ്പുള്ള, എണ്ണമയമുള്ള ചിപ്‌സ് പാൻക്രിയാസിൻറെ വീക്കത്തിന് കാരണമാകും.
  • മസാലകൾ- ഉള്ളിയുടെയും വെളുത്തുള്ളിയുടെയും രുചിയുള്ള ചിപ്‌സ് നായയുടെ ശരീരരത്തിലെ ചുവന്ന രക്താണുക്കളെ നശിപ്പിക്കും.

പൂച്ചകളും ചിപ്‌സും

പൂച്ചകൾക്ക് സാധാരണയായി ഉപ്പുള്ള ലഘുഭക്ഷണങ്ങളോട് താത്പര്യമുണ്ടാകാറില്ല. പക്ഷേ കൗതുകംകൊണ്ട് ചിലപ്പോൾ കഴിക്കാനും സാധ്യതയുണ്ട്. പൂച്ചകളിലും ചിപ്സ് ഉള്ളിൽ ചെന്നാൽ ദഹനപ്രശ്നങ്ങൾ, ഛർദ്ദി, വയറിളക്കം തുടങ്ങിയ അവസ്ഥകളുണ്ടാവും.

എപ്പോൾ ഡോക്ടറെ കാണണം

ആവർത്തിച്ചുള്ള ഛർദ്ദി അല്ലെങ്കിൽ വയറിളക്കം, കടുത്ത ദാഹം, അടിക്കടിയുള്ള മൂത്രമൊഴിക്കൽ, അലസത അസാധാരണമായ പെരുമാറ്റം, വിറയൽ, ആടിയാടിയുള്ള നടപ്പ്, ഭക്ഷണം നിരസിക്കൽ, വീർത്തതോ വേദനയുള്ളതോ ആയ വയറ് എന്നിവയുണ്ടെങ്കിൽ ഡോക്ടറെ സമീപിക്കണം. ചിപ്‌സിന് പകരം, നായ്ക്കൾക്ക് കാരറ്റ് കഷ്ണങ്ങൾ, ആപ്പിൾ കഷ്ണങ്ങൾ (കുരുവില്ലാതെ), പ്ലെയിൻ റൈസ് കേക്കുകൾ എന്നിവ നൽകാം. പൂച്ചകൾക്ക് വേവിച്ച ചിക്കൻ, ഫ്രീസ്-ഡ്രൈ ചെയ്ത മാംസ വിഭവങ്ങൾ എന്നിവ നൽകാം. ചിപ്‌സ് വളർത്തുമൃഗങ്ങൾക്ക് കിട്ടാത്ത രീതിയിൽ സൂക്ഷിക്കുക.

(ശ്രദ്ധിക്കുക, പൊതുവായ വിവരങ്ങളാണിവ, ആരോഗ്യവിദഗ്ധന്റെ നിർദേശപ്രകാരം മാത്രം നടപടികൾ സ്വീകരിക്കുക)

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Discover dangerous human foods that can harm your dog, including ice cream, chips, milk, chocolate, and cookies. Keep your furry friend safe and healthy by avoiding these toxic treats.