കമല ഹാരിസ് എന്ന മകള്‍ക്കായി ഈ കൊച്ചു തമിഴ് ഗ്രാമം പ്രാര്‍ഥിക്കുന്നു

ഫോട്ടോ: AFP
ഫോട്ടോ: AFP

യു.എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായി കമല ഹാരിസ് എത്തുമെന്ന് തന്നെയാണ് ഇപ്പോള്‍ വിശ്വസിക്കപ്പെടുന്നത്. ജോ ബൈഡന്‍ പിന്‍മാറിയശേഷം നടത്തിയ സര്‍വേയില്‍ എതിര്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിനേക്കാള്‍ നേരിയ മുന്‍തൂക്കവും കമലയ്ക്കാണ്. 

ഇതറിഞ്ഞതോടെ ഇങ്ങ് തമിഴ്‌നാട്ടിലെ തിരുവാരൂര്‍ ജില്ലയിലുള്ള കൊച്ചുഗ്രാമമായ തുളസേന്ദ്രപുരം ആഘോഷത്തിമര്‍പ്പിലാണ്. കമലയുടെ അമ്മ ഡോ.ശ്യാമളയുടെ അച്ഛനായ പി.വി.ഗോപാലന്‍ ഇവിടെയുള്ള അഗ്രഹാരത്തിലാണ് ജനിച്ചുവളര്‍ന്നത്. നയതന്ത്ര ഉദ്യോഗസ്ഥനായ അദ്ദേഹം പിന്നീട് ഡല്‍ഹിയിലേക്ക് മാറി. അതുകഴിഞ്ഞ് ചെന്നൈയിലായിരുന്നു വിശ്രമജീവിതം. മുത്തച്ഛന്‍ മരിക്കുന്നതുവരെ അമ്മയോടൊപ്പം കമല മുടങ്ങാതെ ചെന്നൈയിലെത്തിയിരുന്നു. അമ്മ മരിച്ചപ്പോള്‍ അനുജത്തി മായയ്‌ക്കൊപ്പം അമ്മയുടെ ചിതാഭസ്മം നിമജ്ജനം ചെയ്യാനും കമല ഇന്ത്യയിലെത്തിയിരുന്നു. എന്നാല്‍, അഞ്ചുവയസ്സുള്ളപ്പോഴാണ് കമല അവസാനമായി ഈ ഗ്രാമത്തിലെത്തിയത്.  

ക്ഷേത്രത്തിനുമുന്നില്‍ വെച്ചിരിക്കുന്ന കമല ഹാരിസിന്റെ ഫ്‌ളക്‌സ് / ഫോട്ടോ: AFP

കമല തന്നെയാകും അടുത്ത അമേരിക്കന്‍ പ്രസിഡന്റെന്നാണ് പ്രദേശവാസികളുടെ വിശ്വാസം. അതിനായി ഇവിടെയുള്ള ധര്‍മശാസ്താക്ഷേത്രത്തില്‍ പ്രത്യേക പൂജകളും പ്രാര്‍ഥനകളും നടത്തുന്നു. വരുന്നവര്‍ക്കെല്ലാം മധുരപലഹാരങ്ങള്‍ വിതരണം ചെയ്യുന്നുമുണ്ട്. കമലയ്ക്ക് ആശംസകള്‍ അര്‍പ്പിച്ചുകൊണ്ടുള്ള ബാനറുകളും ഇവിടെ കാണാം. വിജയത്തിനായി സമൂഹസദ്യയും ഇവര്‍ നടത്തി. ഈ ഗ്രാമത്തിന്റെ മകളെന്നാണ് ഇവിടെയുള്ളവര്‍ കമലയെ വിശേഷിപ്പിക്കുന്നത്.  

കമലയുടെ അമ്മയുടെ അനുജത്തി സരള ഇപ്പോള്‍ ചെന്നൈയിലാണ് താമസം. എങ്കിലും അവര്‍ മിക്കപ്പോഴും കമലയ്ക്കുവേണ്ടി ഇവിടുത്തെ ക്ഷേത്രത്തില്‍ പ്രത്യേകപൂജകള്‍ നടത്താറുണ്ട്. കമല വിജയിച്ചാല്‍ വമ്പന്‍ ആഘോഷപരിപാടികളാണ് ഇവര്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. 

കമല യു.എസ് വൈസ് പ്രസിഡന്റായപ്പോള്‍ വീടിനുമുന്നില്‍ പ്രത്യേക കോലം തയ്യാറാക്കിയവര്‍ / ഫോട്ടോ: AP

മുമ്പ് കമല അമേരിക്കന്‍ വൈസ് പ്രസിഡന്റായപ്പോഴും ഇവിടുത്തെ ആളുകള്‍ അത് സ്വന്തം വിജയംപോലെയാണ് കൊണ്ടാടിയത്. പടക്കംപൊട്ടിച്ചും നൃത്തം ചെയ്തും മധുരപലഹാരങ്ങള്‍ വിതരണം നടത്തിയും അവരത് കൊണ്ടാടി. സ്ത്രീകള്‍ വീട്ടുമുറ്റത്ത് പ്രത്യേക കോലങ്ങള്‍ വരച്ചു. 

മന്നാര്‍ഗുഡിയില്‍നിന്ന് ഏഴുകിലോമീറ്റര്‍ ദൂരത്തിലാണ് തുളസേന്ദ്രപുരം. വളരെ ചെറിയൊരു ഗ്രാമമാണിത്. 2020-ലെ കണക്കുകള്‍ പ്രകാരം 350-ഓളം പേരാണ് ഇവിടെ താമസിക്കുന്നത്. ഒരുകാലത്ത് വളരെ സജീവമായിരുന്ന അഗ്രഹാരങ്ങള്‍ പലതും ഒഴിഞ്ഞുകിടക്കുന്നു. പലരും ചെന്നൈയിലേക്കും മറ്റുചിലര്‍ വിദേശത്തേക്കും ചേക്കേറി. കൃഷിയാണ് ഇവിടത്തുകാരുടെ പ്രധാന വരുമാനമാര്‍ഗം.  


 

Content Highlights: Thulasendrapuram, through kamala harris' ancestral village