18 കോടിക്ക് ഷാരൂഖ് വാങ്ങിയ മന്നത്ത്; ഇന്നതിന്റെ മൂല്യം 300 കോടി, നവീകരണത്തിന് 25 കോടിയും

മന്നത്തിന്റെ ടെറസിൽ ഷാരൂഖ് ഖാൻ / PTI
മന്നത്തിന്റെ ടെറസിൽ ഷാരൂഖ് ഖാൻ / PTI

ലോകത്തിലെ തന്നെ ഏറ്റവും സമ്പന്നനായ താരങ്ങളിലൊരാളാണ് ഷാരൂഖ് ഖാൻ. റിപ്പോർട്ടുകൾ പ്രകാരം കിങ് ഖാന്റെ ആസ്തി 12,400 കോടി രൂപയിലേറെയാണ്. സിനിമയ്ക്കപ്പുറത്തേക്ക് ഒരു വലിയ സാമ്രാജ്യം തന്നെ കെട്ടിപ്പടുത്തിട്ടുണ്ട് ഷാരൂഖ്. ഷാരൂഖിനെ മറ്റുള്ളവരിൽനിന്ന് വ്യത്യസ്തനാക്കുന്നത് എന്താണെന്ന് അടുത്തിടെ ഒരു പോഡ്കാസ്റ്റിൽ സെലിബ്രിറ്റി വെൽത്ത് മാനേജർ ദീപക് ഹിറോ വസിറാനി വിവരിക്കുന്നു.

ഷാരൂഖിന്റെ വിജയം ആകസ്മികമല്ല, തന്ത്രപരമാണെന്നും ദീപക് പറയുന്നു. ''ഷാരൂഖ് ഖാൻ ഒരു ബിസിനസുകാരനാണ്, അദ്ദേഹം നന്നായി വായിക്കുന്നുണ്ട്, ബിസിനസ് മനസ്സിലാക്കുന്നു. ഒരു യുഗത്തിൽ ഒരേയൊരു ഷാരൂഖ് മാത്രമേ സംഭവിക്കുകയുള്ളൂ''.

ഷാരൂഖിന്റെ പണം താനല്ല കൈകാര്യം ചെയ്യുന്നതെന്നും ദീപക് തുറന്നുപറയുന്നു. ''ഞാൻ അദ്ദേഹത്തിന്റെ പണം കൈകാര്യം ചെയ്യുന്നില്ല. അതിനുകഴിഞ്ഞെങ്കിൽ എന്ന് ആഗ്രഹിക്കുന്നുണ്ട്. എപ്പോഴെങ്കിലും അതിനു കഴിയുമായിരിക്കാം. പക്ഷേ അദ്ദേഹം പല കാര്യങ്ങളിലും വൈവിധ്യം പുലർത്തുന്നയാളാണെന്നും എനിക്കറിയാം. 18 കോടിക്ക് ഷാരൂഖ് മന്നത്ത് എന്ന വീട് വാങ്ങിയത് ഓർമയുണ്ട്. ഇന്നതിന്റെ വില 300 കോടി രൂപയാണ്''.

ഇതെല്ലാം ബുദ്ധിപരമായ നീക്കമാണെന്നാണ് ദീപക്കിന്റെ അഭിപ്രായം. ട്വന്റി20 ക്രിക്കറ്റ് ടീമായ 'കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സി'ന്റെ ഉടമകളിലൊരാൾ കൂടിയാണ് ഷാരൂഖ്. അതിനെക്കുറിച്ച് ദീപക് പറയുന്നതിങ്ങനെ, ''അദ്ദേഹം ആ ക്രിക്കറ്റ് ടീമിനെ 'x' തുകയ്ക്ക് വാങ്ങി. ഇന്നത് ഏകദേശം 40, 50x ആണ്. അത്ര മടങ്ങായി മാറി''.

ടീമിന്റെ മൂല്യം ഏകദേശം 300 കോടി രൂപയായിരുന്നപ്പോഴാണ് ഷാരൂഖ് 55 ശതമാനം ഓഹരികൾ സ്വന്തമാക്കിയത്. 2026 ജനുവരിയിലെ റിപ്പോർട്ടുകൾ പ്രകാരം അദ്ദേഹം തന്റെ ഓഹരികൾ വീണ്ടും 35 ശതമാനം വർദ്ധിപ്പിക്കാൻ ആലോചിക്കുകയാണ്. അങ്ങനെയെങ്കിൽ അതിന് 4000 കോടി രൂപയാണ് ഷാരൂഖിന് ചെലവ് വരുന്നത്.

മന്നത്തിന്റെ പ്രവേശനകവാടം / PTI

ഷാരൂഖിന്റെ വീടുകളുടെ കാര്യം നോക്കുകയാണെങ്കിൽ ആളുകൾക്ക് ഏറെ പരിചിതം മന്നത്ത് ആണ്. ആറുനിലകളിലായിട്ടുള്ള വീടാണിത്. ഒന്നിൽ കൂടുതൽ ലിവിങ് ഏരിയ, കുട്ടികൾക്കായുള്ള പ്ലേ റൂം, ജിംനേഷ്യം, ലൈബ്രറി, പേഴ്സണൽ ഓഡിറ്റോറിയം, തിയേറ്റർ, സ്വകാര്യ ബാർ, എലിവേറ്ററുകൾ...ഇങ്ങനെ ഒട്ടനവധി സൗകര്യങ്ങളുമുണ്ട്.

നിലവിൽ മന്നത്തിൽ നവീകരണപ്രവർത്തനങ്ങൾ നടക്കുകയാണ്. നിലവിൽ പാലി ഹില്ലിലുള്ള അപാർട്ട്‌മെന്റിൽ വാടകയ്ക്ക് താമസിക്കുകയാണ് ഷാരൂഖും കുടുംബവും. നാലുനിലകളിലായുള്ള അപാർട്ട്‌മെന്റിൽ 24 ലക്ഷം രൂപയാണ് വാടക. അതിനൊപ്പം തൊട്ടടുത്ത് ജീവനക്കാർക്കായൊരു അപാർട്ട്‌മെന്റും വാടകയ്‌ക്കെടുത്തിട്ടുണ്ട്. 25 കോടിയാണ് വീടിന്റെ പണികൾക്കായി മാറ്റിവെച്ചിരിക്കുന്നത്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Shah Rukh Khan's net worth is reported to be over ₹12,400 crores., His iconic home 'Mannat' was purchased for ₹18 crores and is now valued at ₹300 crores. He is recognized as a strategic businessman beyond his acting career.