'പട്ടാളക്കാര്‍ രാത്രി വയലിലേക്ക് കൊണ്ടുപോയ അമ്മ ജീവനോടെ തിരിച്ചുവരാന്‍ ഞങ്ങള്‍ കാത്തിരുന്നു'

രണ്ടാംലോകയുദ്ധക്കാലത്തെ യു.എസ്. പട്ടാളം | Photo: AFP
രണ്ടാംലോകയുദ്ധക്കാലത്തെ യു.എസ്. പട്ടാളം | Photo: AFP

അമേരിക്കന്‍ പട്ടാളക്കാര്‍ അമ്മയെ ക്രൂരമായി ബലാത്സംഗം ചെയ്‌തെന്ന കാര്യം എയ്മി ഡ്യുപ്രെ ആരോടും തുറന്നുപറഞ്ഞിരുന്നില്ല. അമ്മയുമത് രഹസ്യമാക്കിവെച്ചു. നാടുമുഴുവന്‍ അമേരിക്കന്‍ 'രക്ഷകരെ' വാഴ്ത്തുമ്പോള്‍ പീഡിപ്പിക്കപ്പെട്ട സ്ത്രീയോട് ലോകം കരുണ കാണിക്കില്ലെന്ന ബോധ്യമുണ്ടായിരുന്നു. ഫ്രാന്‍സിലെ നോര്‍മാണ്ടിയാണ് എയ്മിയുടെ നാട്. ആ ഇരുണ്ട ദിനങ്ങള്‍ കഴിഞ്ഞ് 80 വര്‍ഷം പിന്നിടുമ്പോള്‍ അമ്മയുടെ മനസ്സിനും ശരീരത്തിനും ആഘാതമായ ദുരനുഭവം തുറന്നുപറയുകയാണ് എയ്മി. 

രണ്ടാം ലോകയുദ്ധം നടക്കുന്ന സമയം. യൂറോപ്പിനെ നാസി ജര്‍മ്മനിയുടെ പിടിയില്‍ നിന്ന് മോചിപ്പിക്കാനുള്ള ദൗത്യവുമായി ദശലക്ഷത്തോളം യുഎസ്, ബ്രിട്ടീഷ്, കനേഡിയന്‍, ഫ്രഞ്ച് സൈനികര്‍ ഫ്രാന്‍സിലെ നോര്‍മാണ്ടി തീരത്തിറങ്ങി. ഫ്രാന്‍സിന്റെ മോചനമായിരുന്നു ആദ്യലക്ഷ്യം. പിന്നെ പഠിഞ്ഞാറന്‍ മേഖലയിലെ വിജയമുറപ്പിക്കലും. തങ്ങളുടെ രക്ഷകരെത്തിയെന്ന് മുഴുവന്‍ ഫ്രഞ്ചുകാരും ആനന്ദിച്ച നിമിഷം. എയ്മിക്ക് അന്ന് 19 വയസ്സാണ്. നാടിന്റെ 'വിമോചകര്‍' വരുന്നത് കണ്ട് എല്ലാവരെയും പോലെ എയ്മിയുടെ കുടുംബവും സന്തോഷിച്ചു. ബ്രിട്ടാനിയിലെ ഒരു ഗ്രാമത്തില്‍ താമസിക്കുകയായിരുന്നു അവരന്ന്.  

എയ്മി | AFP

അധികം വൈകിയില്ല, 1944 ഓഗസ്റ്റ് 10-ന് വൈകുന്നേരം, രണ്ട് അമേരിക്കന്‍ സൈനികര്‍ കുടുംബത്തിന്റെ ഫാമിലേക്ക് വന്നു. 'അവര്‍ മദ്യപിച്ചിരുന്നു, അവര്‍ക്ക് ഒരു പെണ്ണിനെ വേണം'. ഇപ്പോള്‍ 99 വയസ്സുള്ള എയ്മി എ.എഫ്.പിക്കു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ഈ സംഭവത്തെപ്പറ്റി അമ്മയെഴുതിയ കുറിപ്പും അവര്‍ കൊണ്ടുവന്നിരുന്നു. ഒന്നും മറന്നിട്ടില്ലെന്ന് കുറിപ്പില്‍ അമ്മയെഴുതി. പട്ടാളക്കാര്‍ എങ്ങനെയാണ് തന്റെ ഭര്‍ത്താവിന്റെ ദിശയിലേക്ക് വെടിയുതിര്‍ത്തതെന്നും, ഭര്‍ത്താവിന്റെ തൊപ്പിയില്‍ ദ്വാരങ്ങള്‍ വന്നതെന്നും മകള്‍ എയ്മിയെ എങ്ങനെയാണവര്‍ സമീപിച്ചതെന്നുമെല്ലാം.  

അവര്‍ മകളെ ആക്രമിച്ചേക്കുമെന്ന ഭീതി ആ അമ്മയെ പൊതിഞ്ഞിരുന്നു. ഒടുവില്‍ മകളെ രക്ഷിക്കാന്‍ ജിഐകള്‍ എന്നും വിളിക്കപ്പെട്ട അമേരിക്കന്‍ പട്ടാളക്കാര്‍ക്കൊപ്പം പോവാന്‍ അമ്മയ്ക്ക് സമ്മതിക്കേണ്ടിവന്നു. 'അവരെന്നെ ഒരു വയലിലേക്ക് കൊണ്ടുപോയി, നാല് തവണ വീതം ബലാത്സംഗം ചെയ്തു.' അമ്മയെഴുതി- കത്തുവായിച്ചപ്പോള്‍ എയ്മിയുടെ ശബ്ദമിടറി. ഒരു ദിവസംപോലുമില്ല ഇതിനെപ്പറ്റി ചിന്തിക്കാത്തതെന്ന് അവര്‍ പറഞ്ഞു. 'എന്നെ രക്ഷിക്കാന്‍ അമ്മ സ്വയം ത്യജിക്കുകയായിരുന്നു, രാത്രിയില്‍ അവര്‍ ബലാത്സംഗം ചെയ്യാന്‍ കൊണ്ടുപോയ അമ്മ ജീവനോടെ തിരിച്ചുവരുമോ, അതോ അമ്മയെ വെടിവച്ചു കൊല്ലുമോ എന്നറിയാതെ ഞങ്ങള്‍ കാത്തിരുന്നു.'-എയ്മി പറഞ്ഞു.

ഒറ്റപ്പെട്ട സംഭവമായിരുന്നില്ല ഇത്. 1944 ഒക്ടോബറില്‍, നോര്‍മാണ്ടിക്ക് വേണ്ടിയുള്ള പോരാട്ടം ജയിച്ചശേഷം, ഫ്രഞ്ച് സ്ത്രീകളെ ബലാത്സംഗം ചെയ്തതിന് 152 സൈനികരെ യു.എസ് അധികാരികള്‍ വിചാരണ ചെയ്തു. യഥാര്‍ഥത്തില്‍ 1944-നും 1946-നുമിടയില്‍ ആയിരക്കണക്കിന് ബലാത്സംഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാതെ പോയിട്ടുണ്ടെന്ന് അമേരിക്കന്‍ ചരിത്രകാരിയായ മേരി ലൂയിസ് റോബര്‍ട്ട്‌സ് പറയുന്നു. മിക്ക സ്ത്രീകളും ഒന്നും പുറത്തുപറഞ്ഞില്ല. മാനഹാനിയായിരുന്നു കാരണം. അമേരിക്കയുടെ വിജയം എല്ലാവരും ആഘോഷിക്കുമ്പോള്‍ ചില സ്ത്രീകള്‍ ഇങ്ങനെയും ജീവിച്ചു.   

'എളുപ്പത്തില്‍ ലഭിക്കുന്ന സ്ത്രീകള്‍'
'എളുപ്പത്തില്‍ ലഭിക്കുന്ന' സ്ത്രീകളുള്ള ഒരു രാജ്യം സൈനികര്‍ക്ക് വാഗ്ദാനം ചെയ്ത നേതൃത്വത്തെയും മേരി കുറ്റപ്പെടുത്തുന്നു. 'യുഎസ് ആര്‍മി പത്രമായ സ്റ്റാര്‍സ് ആന്‍ഡ് സ്‌ട്രൈപ്‌സില്‍ ഫ്രഞ്ച് വനിതകള്‍ വിജയികളായ അമേരിക്കക്കാരെ ചുംബിക്കുന്ന ചിത്രങ്ങള്‍ നിറഞ്ഞിരുന്നു. ഫ്രഞ്ച് സ്ത്രീകള്‍ക്കുവേണ്ടിയാണ് തങ്ങള്‍ പോരാടുന്നതെന്ന തരത്തിലുള്ള തലക്കെട്ടുകളുമുണ്ടായിരുന്നു.

ലൈംഗികതയും വേശ്യാവൃത്തിയും ബലാത്സംഗവും, അമേരിക്കക്കാര്‍ക്ക് ഫ്രാന്‍സിന്റെ മേല്‍ ആധിപത്യം നേടാനുള്ള മാര്‍ഗംകൂടിയായിരുന്നു. പ്രത്യേകിച്ചും ഫ്രഞ്ച് പുരുഷന്മാരുടെ മേല്‍. കാരണം അവര്‍ക്ക് അവരുടെ രാജ്യത്തെയും സ്ത്രീകളെയും ജര്‍മ്മനിയില്‍ നിന്ന് രക്ഷിക്കാന്‍ കഴിഞ്ഞില്ല'-അവര്‍ കൂട്ടിച്ചേര്‍ത്തു.

ലജ്ജാകരമായ രഹസ്യം
എയ്മിയുടെ അമ്മയെ ആക്രമിച്ചവരടക്കം ഏതാനും സൈനികരെ ഫ്രഞ്ച് ഗ്രാമങ്ങളില്‍ പരസ്യമായി തൂക്കിലേറ്റിയിരുന്നു. പട്ടാളക്കാരെ ശിക്ഷിച്ചതിലും അമേരിക്കന്‍ സൈന്യം വേര്‍തിരിവു കാണിച്ചു. 'ഒരു കറുത്ത വര്‍ഗക്കാരനായ പട്ടാളക്കാരനെ വിചാരണയ്ക്ക് കൊണ്ടുവന്നുകഴിഞ്ഞാല്‍, അയാള്‍ കുറ്റവിമുക്തനാക്കാനുള്ള സാധ്യതയില്ല.

വെള്ളക്കാരായ അമേരിക്കക്കാരുടെ പ്രശസ്തി സംരക്ഷിക്കാന്‍ നിരവധി ആഫ്രിക്കന്‍-അമേരിക്കന്‍ സൈനികരെ ബലിയാടാക്കി. 1944-ലും 1945-ലും ബലാത്സംഗക്കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട 29 സൈനികരില്‍ 25 പേരും കറുത്തവര്‍ഗക്കാരായിരുന്നു'-അവര്‍ പറഞ്ഞു. 2013-ല്‍ 'വാട്ട് സോള്‍ജേഴ്സ് ഡു: സെക്സ് ആന്‍ഡ് ദി അമേരിക്കന്‍ ജിഐ ഇന്‍ വേള്‍ഡ് വാര്‍ സെക്കന്‍ഡ് ഫ്രാന്‍സ്' എന്ന പുസ്തകത്തില്‍ മേരി ഇതെല്ലാം വിശദീകരിക്കുന്നുണ്ട്. പുസ്തകത്തിനെതിരേ വ്യാപകവിമര്‍ശനമായിരുന്നു.
 

Content Highlights: they wanted a woman': french women on rapes by US soldiers