എവറസ്റ്റിലെ ഗ്രീൻബൂട്ട്‌സ് എന്നറിയപ്പെടുന്ന മൃതദേഹം; 30 വർഷങ്ങൾക്കുശേഷം താഴേക്കെത്തുമോ?

മഞ്ഞുമൂടിക്കിടക്കുന്ന എവറസ്റ്റ് കൊടുമുടി (Mount Everest). സഞ്ചാരികളുടെ സ്വപ്‌നമാണിവിടം. എന്നെങ്കിലുമൊരിക്കൽ അവിടെ ചെല്ലണമെന്ന് ആഗ്രഹിക്കാത്തവർ ചുരുക്കമായിരിക്കും. എന്നാൽ, പർവതത്തിലൂടെ മുകളിലേക്ക് കയറുന്നവരെ എതിരേൽക്കുന്നത് മഞ്ഞിൽ പുതഞ്ഞുകിടക്കുന്ന മൃതദേഹങ്ങളും പല അവശിഷ്ടങ്ങളുമായിരിക്കും.
2024-ൽ മാത്രം 85 ടൺ മാലിന്യമാണ് സാഗർമാത പൊല്യൂഷൻ കൺട്രോൾ കമ്മിറ്റി ഇവിടെനിന്നും നീക്കിയത്. നേപ്പാൾ സൈന്യവും ഈ പ്രവർത്തനത്തിനൊപ്പം ചേർന്നിരുന്നു. അവർ നീക്കിയത് 11 ടൺ മാലിന്യവും നാല് മൃതദേഹങ്ങളും ഒരു അസ്ഥികൂടവുമാണ്. 55 ദിവസംകൊണ്ടാണ് അവരത് താഴേക്കെത്തിച്ചത്. 2019 മുതലുള്ള ഈ മാലിന്യനിർമാർജ്ജനപ്രവർത്തനങ്ങളിലൂടെ 115 ടൺ മാലിന്യവും 14 മൃതദേഹങ്ങളും അവർ താഴെയെത്തിച്ചു. ഓരോ വർഷം കൂടുന്തോറും എവറസ്റ്റ് കയറാനെത്തുന്നവരുടെ എണ്ണം കൂടുകയാണ്. അതിനനുസരിച്ച് അവിടെ മാലിന്യങ്ങളും കൂടുന്നു. ഇനിയും 50 ടണ്ണിലേറെ മാലിന്യവും 200 മൃതദേഹങ്ങളും എവറസ്റ്റിലുണ്ടെന്നാണ് കണക്കുകൂട്ടൽ.
എവറസ്റ്റ് കീഴടക്കാനെത്തുന്നവരുടെ എണ്ണം കൂടുന്നുവെങ്കിലും, അതിലേറെ പേർക്കും മുകളിലേക്കെത്താൻ പറ്റുന്നില്ലെന്നതാണ് യാഥാർഥ്യം. ശക്തമായ കാറ്റ്, മോശം കാലാവസ്ഥ, മുകളിലേക്ക് കയറുമ്പോൾ ഓക്‌സിജൻ കുറയുന്നത് തുടങ്ങിയവയാണ് ഇതിനുള്ള കാരണമായി മാറുന്നത്. പലരും പാതിവഴിയിൽവെച്ച് മരണത്തിന് കീഴടങ്ങുന്നു. മരണം കാത്തുകിടക്കുന്നവരെ കണ്ടാലും, ആർക്കുമൊന്നും ചെയ്യാൻ പറ്റാത്ത അവസ്ഥ.
പലപ്പോഴും എവറസ്റ്റ് കീഴടക്കാനെത്തുന്നവർക്ക് വഴികാട്ടിയാകുന്നത് ഇവിടെയുള്ള മൃതദേഹങ്ങളാണ്. അതിലേറ്റവും കൂടുതലാളുകൾ കണ്ടിട്ടുള്ളത് ഗ്രീൻ ബൂട്ട്‌സ് (Green Boots) എന്നറിയപ്പെടുന്ന മൃതദേഹമാണ്. ഒരു ഗുഹയ്ക്കരികിൽ ചെരിഞ്ഞുകിടക്കുന്ന രീതിയിലാണ് ആ മൃതദേഹമുള്ളത്. ബ്രൗൺനിറത്തിലുള്ള ജാക്കറ്റും നിയോൺ ഗ്രീൻനിറത്തിലുള്ള ബൂട്ട്‌സുമാണ് ധരിച്ചിട്ടുള്ളത്. അതുകൊണ്ടാണ് ഗ്രീൻ ബൂട്ട്‌സ് എന്ന് പേരുവന്നതും.
ഇതാരെന്നതിനെക്കുറിച്ച് പല ഊഹങ്ങളുമുണ്ടായിരുന്നു. അതിലൊന്ന് 1996-ലെ ഹിമപാതത്തിൽ മരിച്ച സേവാങ് പൽജോർ എന്ന ഇന്ത്യക്കാരന്റേതാണെന്നതായിരുന്നു. ഇൻഡോ-ടിബറ്റൻ ബോർഡർ പോലീസിലെ കോൺസ്റ്റബിൾ ആയിരുന്നു അദ്ദേഹം. 1996 മെയ് 10-11 തീയതികളിലാണ് ദുരന്തമുണ്ടായത്. എവറസ്റ്റ് കൊടുമുടിയിൽ നിന്ന് താഴേക്ക് ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ എട്ട് പർവതാരോഹകർ ഒരു ഹിമപാതത്തിൽ അകപ്പെടുകയും മരിക്കുകയും ചെയ്തു. അതിലൊന്നാണ് ഗ്രീൻ ബൂട്ട്‌സ് എന്നും പറയപ്പെട്ടു. ആ സീസണിൽ, എവറസ്റ്റിന്റെ കൊടുമുടിയിൽ എത്താൻ ശ്രമിക്കുന്നതിനിടെ 12 പേരാണ് മരിച്ചത്.
27,900 അടി ഉയരത്തിലായിരുന്നു ആദ്യം ഗ്രീൻ ബൂട്ട്‌സ് ഉണ്ടായിരുന്നത്. മൃതദേഹം ആദ്യമായി കണ്ടെത്തുന്നതും 1996-ൽ തന്നെ. പിന്നീട് ഈ മൃതദേഹം എവറസ്റ്റിലേക്കുള്ള യാത്രയിലെ ഒരു വഴികാട്ടിയായി അറിയപ്പെട്ടു.
ആ മൃതദേഹത്തിനടുത്തുതന്നെ ഡേവിഡ് ഷാർപ് എന്ന ഇംഗ്ലീഷുകാരനും മരിച്ചുകിടക്കുന്നുണ്ട്. അദ്ദേഹം മരണത്തിലേക്ക് അടുക്കുന്നത് അന്ന് പലരും കണ്ടെങ്കിലും ആരും സഹായിച്ചില്ലെന്നത് വിവാദങ്ങൾക്കിടയാക്കിയിരുന്നു. കടുത്ത തണുപ്പിലും മഞ്ഞിലും ശ്വാസംകിട്ടാതെയാണ് അദ്ദേഹം മരിച്ചത്. ശരീരത്തിലെ താപനില അപകടകരമായി താഴ്ന്നതായിരുന്നു കാരണം. അന്ന് പലരും ഷാർപ്പിനെ കടന്നുപോയിരുന്നു. പക്ഷേ, ഷാർപ്പിന്റെ കിടപ്പ് കണ്ടപ്പോൾ അവരിലേറെ പേരും തെറ്റിദ്ധരിച്ചത് ഗ്രീൻ ബൂട്ട്‌സ് ആണെന്നായിരുന്നു. അതുകൊണ്ടാണ് ഷാർപ്പിനെ കാര്യമായി ശ്രദ്ധിക്കാതിരുന്നതെന്നും പറയപ്പെട്ടു.
2014-ൽ ഒരു ചൈനീസ് പര്യവേഷണസംഘം ആ സ്ഥലത്തുനിന്ന് ഗ്രീൻബൂട്ട്‌സിനെ മറ്റൊരിടത്തേക്ക് മാറ്റിയിരുന്നു. ഒടുവിൽ ഊഹാപോഹങ്ങൾക്ക് അറുതിവരുത്താനായി ഇൻഡോ-ടിബറ്റൻ ബോർഡർ പോലീസ് തുനിഞ്ഞിറങ്ങി. അതിന്റെ ഭാഗമായി നടത്തിയ ഡിഎൻഎ പരിശോധനയിൽ പൽജോർ അല്ലെന്നും തിരിച്ചറിഞ്ഞു. ഇന്തോ-ടിബറ്റൻ ബോർഡർ പോലീസ് സംഘത്തിലെ മറ്റൊരംഗമായ ലാൻസ് നായിക് ദോർജെ മൊറൂപ് ആണെന്നായിരുന്നു കണ്ടെത്തൽ. എന്തായാലും 2026 ഒക്ടോബറോടെ മൊറൂപ്പിന്റെ മൃതദേഹം വീണ്ടെടുത്ത് താഴെയെത്തിക്കാനുള്ള ശ്രമങ്ങളിലാണ് ഇപ്പോൾ ഇൻഡോ-ടിബറ്റൻ ബോർഡർ പോലീസ്. നീണ്ട 30 വർഷങ്ങൾക്കുശേഷം ഗ്രീൻ ബൂട്ട്‌സിനെ താഴെ എത്തിക്കാൻ പറ്റുമോ എന്നതാണ് ചോദ്യം.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Clarification of the Green Boots identity through DNA testing. The role of Everest dead bodies as navigational markers for climbers. Details on the 2026 recovery mission by the Indo-Tibetan Border Police