അന്റാര്‍ട്ടിക്കയിലെ ബ്ലഡ് വാട്ടര്‍ഫാള്‍; ശാസ്ത്രലോകത്തിന്റെ തീരാക്കൗതുകം

കണ്ണെത്താദൂരത്തോളം തൂവെള്ള മഞ്ഞുപുതച്ച അന്റാര്‍ട്ടിക്ക. ആ വെണ്മയുടെ നടുക്കാണ് ചോരചുവപ്പ് നിറമുള്ള ബ്ലഡ് വാട്ടര്‍ഫാള്‍. ചുടു ചോര പോലെ നിലയ്ക്കാത്ത ആ നീരൊഴുക്ക് ടെയ്ലര്‍ ഗ്ലേസിയറില്‍ നിന്നും ബോണി ലേക്കിലേക്ക് നിര്‍ത്താതെ ഒഴുകുന്നു. കണ്ടെത്തിയ അന്ന് മുതല്‍ ശാസ്ത്രജ്ഞന്മാരെ കുഴപ്പിക്കുന്ന ഈ നീരുറവ സഞ്ചാരികള്‍ക്ക് കൗതുകമാണ്.
1911-ൽ ഓസ്ട്രേലിയക്കാരനായ തോമസ് ഗ്രിഫിത് ടെയ്ലര്‍ എന്ന ജിയോളജിസ്റ്റാണ് ആദ്യമായി ഈ വെള്ളച്ചാട്ടം കണ്ടെത്തുന്നത്. അന്നുമുതല്‍ക്ക് ഈ ചുവപ്പ് നിറത്തിന്റെ കാരണം തേടി ശാസ്ത്രജ്ഞന്മാരെത്തി. ആദ്യ നിഗമനം ചുവപ്പ് നിറമുള്ള ആല്‍ഗകളുടെ സാന്നിധ്യമാണ് എന്നായിരുന്നു. അവിടുത്തെ കാലാവസ്ഥയില്‍ ആല്‍ഗകള്‍ ജീവിക്കുമോ എന്ന മറുചോദ്യവും ഉയര്‍ന്നു. നിരവധി പഠനങ്ങള്‍ക്ക് ശേഷം ആല്‍ഗയല്ല ചുവപ്പിന് കാരണം എന്ന് കണ്ടെത്തി.
പിന്നീടാണ് ജലത്തിലെ ഉയര്‍ന്ന ഇരുമ്പിന്റെ അംശം ശാസ്ത്രജ്ഞന്മാരുടെ ശ്രദ്ധയില്‍ പെടുന്നത്. നൂറ്റാണ്ടുകളായി ഗ്ലേസിയറിനടിയില്‍ പെട്ടുകിടക്കുന്ന ഉയര്‍ന്ന ഇരുമ്പിന്റെ അളവുള്ള വെള്ളം ഇവിടെയുള്ള വിടവിലൂടെ പുറത്തുവരുന്നു. പുറത്തെത്തുന്ന ഈ ജലത്തിന് ഓക്‌സിജന്റെ സാന്നിധ്യത്തില്‍ ഓക്‌സിഡേഷന്‍ സംഭവിക്കുന്നതാണ് ചുവപ്പ് നിറത്തിന് കാരണം.
അന്റാര്‍ട്ടിക്കയിലെ മൈനസ് താപനിലയിലും ചുവപ്പ് വെള്ളം ഒഴുകുന്നതെങ്ങനെ എന്നതായിരുന്നു അടുത്ത ചോദ്യം. സീറോ ഡിഗ്രി കഴിഞ്ഞാല്‍ സ്വാഭാവികമായും ജലം ഐസ് ആകണമല്ലോ. ഇതിനുള്ള ഉത്തരം ലളിതമായിരുന്നു. കടല്‍ വെള്ളത്തിന്റെ ഇരട്ടി സാന്ദ്രതയില്‍ ഈ ചുവപ്പന്‍ വെള്ളത്തില്‍ ഉപ്പിന്റെ ലവണാംശം കലര്‍ന്നിട്ടുണ്ട്. അതുകൊണ്ട് സീറോ പിന്നിട്ടാലും വെള്ളം തണുത്തുറയില്ല.
ഈ വെള്ളച്ചാട്ടം ഏതാനും ബാക്ടീരിയകളുടെ ആവാസസ്ഥലം കൂടിയാണ്. ഓക്‌സിജനോ സൂര്യപ്രകാശമോ ഇല്ലാതെ ഈ ചുവപ്പ് വെള്ളത്തിനുള്ളില്‍ കഴിയുന്ന ബാക്ടീരിയകളിലാണ് ഇപ്പോള്‍ ശാസ്ത്രലോകത്തിന്റെ ശ്രദ്ധ.
Content Highlights: the mysterious natural red colour water fall in antartica