അംബാനി കുടുംബത്തിനായി ദിവസവുമുണ്ടാക്കുന്നത് 4000 റോട്ടികൾ; ഷെഫിന്റെ ശമ്പളം 2 ലക്ഷം രൂപ

മുകേഷ് അംബാനി, നിതാ അംബാനി / PTI
മുകേഷ് അംബാനി, നിതാ അംബാനി / PTI

ലോകത്തിലെ തന്നെ എണ്ണപ്പെട്ട കോടീശ്വരൻമാരിലൊരാളായ മുകേഷ് അംബാനിയെ സംബന്ധിച്ചതെല്ലാം എപ്പോഴും വാർത്തയാകാറുണ്ട്. ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള സ്വകാര്യവസതികളിലൊന്നാണ് അംബാനി കുടുംബത്തിന്റെ 'ആന്റ്‌ലിയ'. ഭൂചലനങ്ങളെ വരെ ചെറുക്കാനുള്ള കരുത്ത് ഈ വീടിനുണ്ടെന്നാണ് പറയപ്പെടുന്നത്.

കൂടാതെ ഒമ്പത് എലിവേറ്ററുകൾ, ചെറിയ സിനിമാ തിയേറ്റർ, മൂന്ന് ഹെലിപ്പാഡുകൾ എന്നിവയും ഇവിടെയുണ്ട്. 27 നിലകളിലായിട്ടാണ് വീട് നിർമിച്ചിരിക്കുന്നത്. ഇതിൽ ആറുനിലകൾ കാർ പാർക്കിങ്ങിനു മാത്രമായിട്ടാണുള്ളത്. രണ്ടുനിലകളിൽ ജിം, രണ്ടുനിലകളിൽ അതിഥികൾക്കുള്ള താമസസൗകര്യം, മൂന്നുനിലകളിലായി മെയിന്റൻസ്-കൺട്രോൾ റൂം, നാലുനിലകളിലായി അംബാനി കുടുംബവും...ഇങ്ങനെയാണ് വീടൊരുക്കിയിരിക്കുന്നത്.

ഇപ്പോൾ ആന്റ്‌ലിയയിലെ മറ്റൊരു വിശേഷമാണ് കൗതുകമാവുന്നത്. കുറച്ചുദിവസങ്ങളായി സോഷ്യൽമീഡിയയിൽ കറങ്ങിനടക്കുകയാണ് അംബാനി കുടുംബത്തിന്റെ ഭക്ഷണശീലങ്ങളും, അവിടെയുണ്ടാക്കുന്ന ചപ്പാത്തികളുടെ എണ്ണവും.

ആഡംബരവീടാണെങ്കിലും, ഇവിടെയുള്ളവർ വളരെ ലളിതമായ ഭക്ഷണരീതികളാണത്രേ പിന്തുടരുന്നത്. മുകേഷും ഭാര്യ നിതയും ഉൾപ്പെടെയുള്ളവരെല്ലാം സസ്യാഹാരികളാണ്. ഇവിടുത്തെ പ്രഭാതഭക്ഷണം വളരെ ലഘുവായതാണ്. മുകേഷ് അംബാനി സാധാരണയായി പപ്പായ ജ്യൂസും ഇഡ്ഡലി-സാമ്പാർ എന്നിവ കഴിച്ചാണ് ഒരുദിവസം ആരംഭിക്കുന്നത്. നിതാ അംബാനിയാണെങ്കിൽ പഴങ്ങളും, ഡ്രൈഫ്രൂട്ട്‌സും, ഫ്രഷ് ജ്യൂസുമാണ് രാവിലെ കഴിക്കാൻ ഇഷ്ടപ്പെടുന്നത്.

ഉച്ചഭക്ഷണത്തിന് ഗുജറാത്തി രീതിയിൽ പാകംചെയ്ത പരിപ്പ്, ചോറ്, പച്ചക്കറികൾ, റോട്ടി, സൂപ്പ് എന്നിവയാണ് കുടുംബം തിരഞ്ഞെടുക്കുന്നത്. അതെല്ലാം പോഷകസമ്പന്നമാണെന്ന് ഉറപ്പുവരുത്തുകയും ചെയ്യുന്നു. ഡിന്നറിന് മില്ലറ്റ് റോട്ടികളാണ് കുടുംബം കൂടുതലായും ഇഷ്ടപ്പെടുന്നത്. ഒപ്പം ഗുജറാത്തി രീതിയിൽ പാചകം ചെയ്ത പച്ചക്കറികളും സലാഡുകളും. അവർക്കേറെ ഇഷ്ടപ്പെട്ട സേവ് പൂരി ആഴ്ചയിലൊരിക്കൽ കഴിക്കും. ജങ്ക് ഫുഡ് മാസത്തിലൊരിക്കലും.

മറ്റൊരു കൗതുകകരമായ വസ്തുത കൂടിയുണ്ട്. ആന്റ്‌ലിയയിൽ ഒരുദിവസം മാത്രം 4000-ത്തോളം റോട്ടികളാണത്രെ ഉണ്ടാക്കുന്നത്. ഡ്രൈവർമാർ, സുരക്ഷാ ഉദ്യോഗസ്ഥർ, സഹായികൾ, മറ്റ് സ്റ്റാഫ് എന്നിവർ ഉൾപ്പെടെയുള്ള 600-നടുത്ത് വരുന്ന ജീവനക്കാർക്ക് കൂടിയാണ് ഇത്രയും റോട്ടികളുണ്ടാക്കുന്നത്. ഇവിടുത്തെ ചീഫ് ഷെഫിന് മാസം 2 ലക്ഷമാണ് ശമ്പളമായി ലഭിക്കുന്നതെന്നും ഈ റിപ്പോർട്ടുകളിൽ പറയുന്നു.

രുചിയിലും ഗുണനിലവാരത്തിലും സ്ഥിരത നിലനിർത്തുക, ഒരു ടീമിനെ കൈകാര്യം ചെയ്യുക, ശുചിത്വ മാനദണ്ഡങ്ങൾ ഉറപ്പാക്കുക, എല്ലാ ദിവസവും ഭക്ഷണം കൃത്യസമയത്ത് എത്തുന്നുണ്ടെന്ന് ഉറപ്പാക്കുക...എന്നിവയാണ് ഷെഫിന്റെ ജോലി. എന്നാൽ, ഈ കണക്കുകളിലും വിവരങ്ങളിലും ഔദ്യോഗികസ്ഥിരീകരണമൊന്നുമില്ല.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: The Ambani family follows a strictly vegetarian diet focusing on Gujarati cuisine. Approximately 4,000 to 6,000 rotis are prepared daily to feed both the family and 600+ staff members.