കരീനയുടെ സെറ്റിലുണ്ടായ ക്രൂരകൊലപാതകം; മൃതദേഹത്തിന്റെ തല ഇപ്പോഴും കണ്ടെത്തിയിട്ടില്ല

കരീന കപൂർ, മീനാക്ഷി ഥാപ്പ | PTI, Instagram
കരീന കപൂർ, മീനാക്ഷി ഥാപ്പ | PTI, Instagram

കരീന കപൂറിന്റെ കരിയറിലെ ഏറ്റവും ശ്രദ്ധേയമായ സിനിമകളിലൊന്നാണ് 2012-ൽ റിലീസായ 'ഹീറോയിൻ'. അർജുൻ രാംപാൽ, റൺദീപ് ഹൂഡ എന്നിവരാണ് സിനിമയിൽ മറ്റു പ്രധാനവേഷങ്ങൾ ചെയ്തത്. മധുർ ഭണ്ഡാർക്കറാണ് സിനിമ നിർമിച്ചതും തിരക്കഥയെഴുതിയതും. യുടിവി മോഷൻ പിക്‌ചേഴ്‌സിനൊപ്പം ചേർന്ന് നിർമിച്ചതും മധുർ തന്നെ. 35 കോടിക്ക് നിർമിച്ച ചിത്രം നേടിയത് 57 കോടിയാണ്. പക്ഷേ സിനിമ അന്ന് ചർച്ച ചെയ്യപ്പെട്ടത് ഒരു കൊലപാതകത്തിന്റെ പേരിലാണ്. സിനിമയേക്കാൾ സിനിമാറ്റിക്കായ ഒരു കൊലപാതകം.

ഡെഹ്‌റാഡൂണിൽ ജനിച്ച മീനാക്ഷി ഥാപ്പ സിനിമയിൽ അഭിനയിക്കണെന്ന മോഹവുമായിട്ടാണ് മുംബൈയിലേക്ക് വരുന്നത്. 2011-ൽ '404' എന്ന ചിത്രത്തിലൂടെയാണ് ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നത്. തൊട്ടുപിന്നാലെയാണ്‌ 'ഹീറോയിൻ' എന്ന ചിത്രത്തിൽ അഭിനയിക്കാനുള്ള അവസരം ലഭിക്കുന്നത്. അതുപക്ഷേ അവരുടെ മരണത്തിലേക്കുള്ള വഴിയായി മാറുകയും ചെയ്തു.

സിനിമയുടെ ചിത്രീകരണത്തിനിടയിൽവെച്ചാണ് അമിത് ജയ്‌സ്വാൾ, കാമുകിയായ പ്രീതി സുരിൻ എന്നിവരെ മീനാക്ഷി പരിചയപ്പെടുന്നത്. അവരും സിനിമയിൽ അഭിനയിക്കാനെത്തിയതായിരുന്നു. അതിനൊപ്പം മോഡൽ കോർഡിനേറ്റർമാരും. വളരെ പെട്ടെന്ന് തന്നെ ഇരുവരും മീനാക്ഷിയുമായി അടുത്തു. ആ സംസാരത്തിനിടയിൽ അവർ സമ്പന്നകുടുംബത്തിൽനിന്നാണെന്നൊരു തോന്നൽ ഇരുവർക്കുമുണ്ടായി. മീനാക്ഷി വഴി പണമുണ്ടാക്കാമെന്നും ഇരുവരും തീരുമാനിച്ചു. തട്ടിക്കൊണ്ടുപോയി 15 ലക്ഷം മോചനദ്രവ്യം ആവശ്യപ്പെടാമെന്നും അവർ ഉറപ്പിച്ചു.

ഗൊരഖ്പൂരിൽ ഒരു മോഡലിങ് അസൈൻമെന്റ് ഉണ്ടെന്ന് അമിത്തും പ്രീതിയും മീനാക്ഷിയെ വിശ്വസിപ്പിച്ചു. ഡെഹ്‌റാഡൂണിൽനിന്ന് മുംബൈയിലെത്തിയിട്ട് രണ്ടുമാസമേ ആയിരുന്നുള്ളൂ മീനാക്ഷി. അധികമാരെയും പരിചയവുമില്ല. അപ്പോഴാണ് അവസരം തന്നെ തേടിയെത്തുന്നത്. പരിചയമുള്ളവരാണ് വിളിക്കുന്നതും. അതുകൊണ്ട് മീനാക്ഷിക്ക് സംശയമൊന്നും തോന്നിയില്ല.

അവർ അമിത്തിനും പ്രീതിക്കുമൊപ്പം ഗൊരഖ്പൂരിലേക്ക് പുറപ്പെട്ടു. പിന്നീടവരെ ജീവനോടെ ആരും കണ്ടിട്ടില്ല. മാർച്ച് 12-ന് അവർക്കൊപ്പം പോയ മീനാക്ഷിയുടെ ഒരു വിവരവും പിന്നീട് കുടുംബത്തിന് ലഭിച്ചില്ല. അതിനിടെ മീനാക്ഷിയെ മോചിപ്പിക്കണമെങ്കിൽ 15 ലക്ഷം രൂപ നൽകണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഒരു ഫോൺ മീനാക്ഷിയുടെ അമ്മയെ തേടിയെത്തി. പണം തന്നില്ലെങ്കിൽ മീനാക്ഷിയെ ഭീഷണിപ്പെടുത്തി അശ്ലീലചിത്രങ്ങളിൽ അഭിനയിപ്പിക്കുമെന്നും അമ്മയെ ഭീഷണിപ്പെടുത്തി. അമ്മ കൈയിലുണ്ടായിരുന്ന 60,000 രൂപ എത്തിച്ചുകൊടുത്തു. അതിനുശേഷവും മീനാക്ഷിയെ കുറിച്ച് അറിവൊന്നുമില്ല. പിന്നാലെ കുടുംബം പോലീസിൽ പരാതി നൽകി.

ഏകദേശം ഒരു മാസത്തോളം കഴിഞ്ഞു. മീനാക്ഷിയെ കാണാതായതിനുപിന്നിൽ അമിത്തും പ്രീതിയുമുണ്ടെന്ന് പോലീസിന് ഉറപ്പാണ്. പക്ഷേ അതിനാവശ്യമായ തെളിവുകളൊന്നുമില്ല. അതിനിടെയാണ് മുംബൈയിലുള്ള ഒരു എ.ടി.എമ്മിൽനിന്ന് മീനാക്ഷിയുടെ എ.ടി.എം കാർഡ് ഉപയോഗിച്ച് പണം പിൻവലിച്ചതായി പോലീസ് മനസ്സിലാക്കുന്നത്. ആ അന്വേഷണം എത്തിച്ചത് അമിത്തിലും പ്രീതിയിലുമാണ്. പരിശോധനയിൽ മീനാക്ഷിയുടെ സിംകാർഡും അവരുടെ കൈയിൽനിന്ന് കണ്ടെത്തി.

അലഹബാദിൽനിന്നുള്ളവരാണ് ഇരുവരും. ജയ്‌സ്വാൾ വിവാഹിതനുമായിരുന്നു ആ സമയത്ത്. ഇവരുടെ പ്രണയത്തെക്കുറിച്ച് ഭാര്യയറിഞ്ഞപ്പോഴാണ് നാടുവിട്ട് മുംബൈയിലെത്തുന്നത്. പണമുണ്ടാക്കാനുള്ള കുറുക്കുവഴിയാണ് മീനാക്ഷിയിലെത്തിക്കുന്നതും.

ചോദ്യംചെയ്തപ്പോൾ ഇരുവരും കുറ്റം സമ്മതിച്ചു. പണം ലഭിക്കാതായപ്പോൾ ഗൊരഖ്പൂരിലെ ഒരു ഹോട്ടൽമുറിയിൽവെച്ച് മീനാക്ഷിയെ ശ്വാസംമുട്ടിച്ച് കൊന്നതായി അവർ വെളിപ്പെടുത്തി. എന്നിട്ട് ശരീരത്തിൽനിന്ന് തല വെട്ടിമാറ്റി. മൃതദേഹം അലഹാബാദിലെ സുരിന്റെ കുടുംബവീടിന് സമീപമുള്ള സെപ്റ്റിക് ടാങ്കിലിട്ടു. തല മാത്രം ഒരു ബാഗിലിട്ട് കൂടെ കൊണ്ടുവരികയും ചെയ്തു. അവിടുന്ന് തിരിച്ച് മുംബൈയിലേക്കുള്ള യാത്ര ബസ്സിലായിരുന്നു. ആ യാത്രയ്ക്കിടയിൽ എവിടെയോ ആ ബാഗ് ഉപേക്ഷിച്ചതായും പ്രതികൾ പറഞ്ഞു.

അന്വേഷണത്തിനൊടുവിൽ ഗൊരഖ്പൂരിലെ ഒരു വീടിന്റെ സെപ്റ്റിക് ടാങ്കിൽ നിന്ന് തല വേർപെട്ട നിലയിൽ നടിയുടെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി. പക്ഷേ തല എവിടെയാണിട്ടതെന്ന് ഓർമയില്ലെന്നും അമിത്തും പ്രീതിയും വെളിപ്പെടുത്തി. അതൊരിക്കലും കണ്ടെത്താൻ കഴിഞ്ഞതുമില്ല.

കേസ് കോടതിയിലെത്തിയപ്പോൾ 'അപൂർവങ്ങളിൽ അപൂർവം' എന്നാണ് കോടതി വിശേഷിപ്പിച്ചത്. ഇരുവർക്കും ജീവപര്യന്തം തടവുശിക്ഷ വിധിക്കുകയും ചെയ്തു.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: The tragic murder of struggling actress Meenakshi Thapa during the 2012 production of the film 'Heroine'. The perpetrators were co-actors Amit Jaiswal and Preeti Surin who plotted a kidnapping for ransom.