“29 ശസ്ത്രക്രിയകൾ, പേര് മാറ്റാൻ നിർദ്ദേശം, എല്ലാ വിജയത്തിനും കാരണം ഭാര്യ ശാലിനി”- അജിത്കുമാർ

എക്കാലത്തും അറിയപ്പെടുന്ന തമിഴ് നടന്മാരിലൊരാളാണ് അജിത് കുമാർ എന്ന തല. റേസിങ് താരം കൂടിയായ അജിത്തിന് നിരവധി ആരാധകരുമുണ്ട്. അടുത്തിടെ ഒരു അഭിമുഖത്തിൽ തന്റെ കരിയറിനെക്കുറിച്ചും തനിക്ക് ലഭിച്ച പ്രശസ്തിയ്ക്കു പിന്നിലെ കഷ്ടപ്പാടുകളെക്കുറിച്ചും താരം സംസാരിക്കുകയുണ്ടായി. സിനിമാരംഗത്തെ തൻ്റെ ആദ്യകാലങ്ങളിൽ തനിക്ക് ശരിയായി തമിഴ് സംസാരിക്കാൻ പോലും ആവില്ലായിരുന്നെന്ന് അദ്ദേഹം പറയുന്നു. ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യയോട് സംസാരിക്കവേ ആയിരുന്നു അജിത്തിന്റെ പരാമർശം.
"എനിക്ക് ഭാഷ ശരിയായി സംസാരിക്കാൻ കഴിഞ്ഞിരുന്നില്ല. എൻ്റെ തമിഴിന് ഒരു പ്രത്യേക ഉച്ചാരണമുണ്ടായിരുന്നു. പക്ഷേ ഞാൻ നന്നായി പരിശ്രമിച്ചു.”
കരിയറിന്റെ തുടക്കത്തിൽ പേര് മാറ്റണമെന്ന് പലരും നിർദ്ദേശിച്ചിരുന്നതായും അദ്ദേഹം വെളിപ്പെടുത്തി. "അത്ര സാധാരണമല്ലാത്ത പേരായതുകൊണ്ട് തുടക്കത്തിൽ പേര് മാറ്റാൻ എന്നോട് പലരും ആവശ്യപ്പെട്ടിരുന്നു. പക്ഷെ, എനിക്ക് മറ്റൊരു പേര് വേണ്ടെന്ന് ഞാൻ നിർബന്ധം പിടിച്ചു."
ഇന്ന് കാണുന്നതെല്ലാം തൻ്റെ കഠിനാധ്വാനത്തിൻ്റെ ഫലമാണെന്നദ്ദേഹം കൂട്ടിച്ചേർത്തു. ശരിയായ ടീമിനെ കണ്ടെത്തുകയും വിജയിക്കാനുള്ള അതിയായ ആഗ്രഹം ഉണ്ടാകുകയും ചെയ്യുന്നത് തൻ്റെ അഭിനയത്തിനും റേസിങ് കരിയറിനും ഒരുപോലെ പ്രധാനമാണെന്ന് അദ്ദേഹം വാദിച്ചു. "ഞാൻ എല്ലാറ്റിലും എൻ്റെ ഹൃദയവും ആത്മാവും നൽകി. ഒരുപാട് വെല്ലുവിളികൾ ഉണ്ടായിരുന്നു അതെല്ലാം ഞാൻ അതിജീവിച്ചു. റേസിങ്ങിൻ്റെ കാര്യത്തിൽ പോലും. റേസിങ് ഒരു കരിയറാക്കാൻ ആഗ്രഹിക്കുന്ന 19 വയസ്സുള്ള ഒരാളെപ്പോലെ കഠിനമായി ഞാൻ പ്രയത്നിച്ചു. എൻ്റെ കൂടെ പ്രവർത്തിക്കുന്ന സംവിധായകർ, നിർമ്മാതാക്കൾ, സാങ്കേതിക വിദഗ്ധർ എന്നിവരുടെ കാര്യത്തിൽ ഞാൻ വളരെ ഭാഗ്യവാനാണ്. ഞാൻ അവരിൽ നിന്ന് ഒരുപാട് കാര്യങ്ങൾ പഠിക്കുന്നു." തൻ്റെ സിനിമാ ജീവിതത്തിൻ്റെ ഭാഗമായി 29 ശസ്ത്രക്രിയകൾക്ക് വിധേയനായിട്ടുണ്ടെന്നും അദ്ദേഹം ഇതോടൊപ്പം വെളിപ്പെടുത്തി.
തൻ്റെ എല്ലാ വിജയങ്ങൾക്കും കാരണം ഭാര്യ ശാലിനിയാണെന്നും അദ്ദേഹം പറഞ്ഞു. "ഞാൻ കൂടെ ജീവിക്കാൻ എളുപ്പമുള്ള ഒരാളാണെന്ന് കരുതുന്നില്ല. ഞാൻ അവരെ ഒരുപാട് വിഷമഘട്ടങ്ങളിലൂടെ കടത്തിവിട്ടിട്ടുണ്ട്, പക്ഷേ അവർ എനിക്ക് വലിയ പിന്തുണ നൽകി. കുട്ടികൾ ഉണ്ടാകുന്നതുവരെ, എൻ്റെ റേസുകൾക്ക് അവൾ എൻ്റെ കൂടെ യാത്ര ചെയ്യുമായിരുന്നു. അവളുടെ പിന്തുണയില്ലാതെ ഇതൊന്നും സാധ്യമാകുമായിരുന്നില്ല."
പ്രശസ്തികൾക്കിടയിലും കുടുംബത്തോടൊപ്പമുള്ള വിലപ്പെട്ട സമയം ഉൾപ്പെടെ ഒരുപാട് കാര്യങ്ങൾ ത്യജിക്കാൻ നാം നിർബന്ധിതരാക്കുമെന്ന് അജിത് ഓർമിപ്പിച്ചു. "ഞാൻ മിക്കവാറും സമയത്തും എൻ്റെ വീട്ടിൽ ഒതുങ്ങിക്കൂടുകയാണ്. ആരാധകർ നൽകുന്ന എല്ലാ സ്നേഹത്തിനും ഞാൻ നന്ദിയുള്ളവനാണ്, പക്ഷേ അതേ സ്നേഹം കാരണം, എനിക്ക് എൻ്റെ കുടുംബത്തോടൊപ്പം പുറത്തുപോകാൻ കഴിയാറില്ല. എനിക്ക് എൻ്റെ മകനെ സ്കൂളിൽ കൊണ്ടുവിടാൻ കഴിയില്ല. വളരെ മാന്യമായി, എന്നോട് അവിടെ നിന്ന് പോകാൻ ആവശ്യപ്പെട്ട സന്ദർഭങ്ങളുണ്ട്. സൗകര്യങ്ങളുടെയും നല്ല ജീവിതശൈലിയുടെയും കാര്യത്തിൽ, പ്രശസ്തി നിങ്ങൾക്ക് ഒരുപാട് നേട്ടമുണ്ടാക്കിത്തരും, എന്നാൽ പ്രാധാന്യമുള്ള കാര്യങ്ങൾ അത് നിങ്ങളിൽ നിന്ന് എടുത്തുകളയുന്നു.”
ഈ വര്‍ഷം 'വിടാമുയര്‍ച്ചി', 'ഗുഡ് ബാഡ് അഗ്ലി' എന്നീ ചിത്രങ്ങളിലാണ് അജിത്തിനെ അവസാനമായി കണ്ടത്. പുതിയ സിനിമകള്‍ പ്രഖ്യാപിച്ചിട്ടില്ല.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi
Content Highlights: Tamil superstar Ajith Kumar opens up about his early struggles with Tamil cinema industry.