കുഞ്ഞിന്റെ ജനനത്തിനു ശേഷം ഇപ്പോൾ സിനിമയിലെ അവസരങ്ങൾ തേടി പോകുന്നില്ല -സ്വര ഭാസ്‌കർ

സ്വര ഭാസ്കർ
സ്വര ഭാസ്കർ

'തനു വെഡ്സ് മനു', 'നിൽ ബട്ടേ സന്നത', 'പ്രേം രത്തൻ ധൻ പായോ' എന്നീ ചിത്രങ്ങളിലെ പ്രശംസ നേടിയ പ്രകടനങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട

നടിയാണ് സ്വര ഭാസ്‌കർ. മകൾ റാബിയയുടെ ജനനത്തിനു ശേഷം ജീവിതം ആകെ മാറിയെന്ന്‌ വെളിപ്പെടുത്തുകയാണ് നടിയിപ്പോൾ. താൻ ഒരുകാലത്ത് ചെയ്തിരുന്നതുപോലെ ഇപ്പോൾ സിനിമയിലെ അവസരങ്ങൾ തേടി പോകുന്നില്ലെന്ന് പറയുകയാണ് അഭിനയരംഗത്തെ മികച്ച പ്രകടനങ്ങൾക്ക് പേരുകേട്ട ഈ നടി. 2023-ലാണ് സ്വരയ്ക്കും പങ്കാളി ഫഹദ് അഹമ്മദിനും ആദ്യത്തെ കുഞ്ഞ് ജനിക്കുന്നത്. അതിനുശേഷം പൂർണ്ണമായ ശ്രദ്ധ കുഞ്ഞിന്റെ പരിചരണത്തിലേക്ക് മാറിയെന്ന് അവർ തുറന്നുപറയുന്നു.

മാതൃത്വം ഒരുതരം വ്യക്തിത്വ പ്രതിസന്ധി കൊണ്ടുവന്നുവെന്ന് സ്വര ഭാസ്‌കർ പറഞ്ഞു. 'ഞാൻ ഒരു വ്യക്തിത്വ പ്രതിസന്ധിയിലൂടെ കടന്നുപോയി. ഒരുപക്ഷേ എല്ലാ സ്ത്രീകളും ഇതിലൂടെ കടന്നുപോകുന്നുണ്ടാവാം. പക്ഷേ ആരും അത് നിങ്ങൾക്ക് വിശദീകരിച്ചു തരില്ല. അത് നിങ്ങൾ അനുഭവിച്ചറിയേണ്ട ഒന്നാണ്. അത് മനസ്സിലാക്കാൻ നിങ്ങളും അതിലൂടെ കടന്നുപോകണം. ഒരു അമ്മയായതിലെ ഏറ്റവും പ്രയാസമേറിയ ഭാഗം ഞാൻ ആരാണെന്ന് അറിയാതിരുന്നതാണ്. ഇതിനുമുമ്പ് ഞാൻ വളരെ അഭിലാഷങ്ങളും ലക്ഷ്യബോധവുമുള്ള ഒരു വ്യക്തിയായിരുന്നു.' ഒരു അഭിമുഖത്തിൽ അവർ പറഞ്ഞു. എപ്പോഴും സെറ്റിലോ പ്രതിഷേധങ്ങളിലോ സജീവമായിരുന്ന ഒരു നടിയിൽ നിന്ന്, വീട്ടിൽ ഒരു കുഞ്ഞുമായി ജീവിതം പൊരുത്തപ്പെടുന്ന അവസ്ഥയിലാണെന്നും അവർ പറയുന്നു. തന്റെ മുന്‍ഗണനകള്‍ എങ്ങനെ മാറിയെന്നത് അവര്‍ വ്യക്തമാക്കി.

'ഞാന്‍ സിനിമകള്‍ക്ക് പിന്നാലെ പോകുന്നില്ല, പക്ഷെ പോകണം. ഞാന്‍ സാമ്പത്തിക ഭദ്രതയാണ് ഇപ്പോള്‍ തേടുന്നത്. ഒരു രക്ഷിതാവ് എന്ന നിലയില്‍ നിങ്ങളുടെ കുട്ടിക്ക് സുരക്ഷിതമായ ഒരു വീട് നല്‍കാന്‍ ആഗ്രഹിക്കുമല്ലോ. എനിക്ക് ഇനിയും കാര്യങ്ങള്‍ ചെയ്യാന്‍ ആഗ്രഹമുണ്ട്.' അവര്‍ കൂട്ടിച്ചേര്‍ത്തു.

സ്വരയും ഭര്‍ത്താവ് ഫഹദ് അഹമ്മദും ഇപ്പോള്‍ 'പതി പത്‌നി ഓര്‍ പങ്ക' എന്ന റിയാലിറ്റി ഷോയുടെ ഭാഗമാണ്. ഈ പരിപാടി രസകരമാണെങ്കിലും, തുടക്കത്തില്‍ ഷോയില്‍ ചേരണോയെന്നതില്‍ സ്വര ഭാസ്‌കറിനും ഫഹദിനും സംശയമുണ്ടായിരുന്നു.

ഷോയുടെ അണിയറപ്രവര്‍ത്തകരോടുള്ള തന്റെ ആദ്യത്തെ ചോദ്യം എത്ര ദിവസം ഷൂട്ടിങ് ഉണ്ടാകുമെന്നായിരുന്നുവെന്ന് സ്വര ഓര്‍ത്തെടുത്തു. ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസത്തെ ഷൂട്ടിങ്ങ് എന്ന് അവര്‍ പറഞ്ഞപ്പോഴാണ് കൂടുതല്‍ കാര്യങ്ങള്‍ ചോദിച്ചറിഞ്ഞതെന്നും അവര്‍ വ്യക്തമാക്കി.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi