ഹൃദയാഘാത ചികിത്സയ്ക്കിടെ അനസ്‌തേഷ്യ നിരസിച്ച സുസ്മിത സെന്‍; കാരണമിതാണ്

1994-ലെ മിസ് യൂണിവേഴ്സും, നടിയും സംരംഭകയുമായ സുസ്മിത സെന്‍, ഹിന്ദി സിനിമാ ലോകത്തെ ഏറ്റവും പ്രചോദനം നല്‍കുന്ന വ്യക്തിത്വങ്ങളില്‍ ഒരാളാണ്. റെനെയുടെയും അലീഷ സെന്നിന്റെയും സിംഗിള്‍ മദര്‍ എന്ന നിലയില്‍, രക്ഷാകര്‍തൃത്വത്തെയും സ്ത്രീത്വത്തെയും കുറിച്ചുള്ള അവരുടെ കാഴ്ചപ്പാടുകള്‍ ആരാധകര്‍ക്ക് എപ്പോഴും പ്രചോദനം നല്‍കിയിട്ടുണ്ട്.
സേഫ്എഡ്യൂക്കേറ്റിന്റെ സ്ഥാപകയായ ദിവ്യ ജെയിനുമായി അടുത്തിടെ നടന്ന ഒരു അഭിമുഖത്തില്‍, നടി രക്ഷാകര്‍തൃത്വത്തെക്കുറിച്ചും, ഹൃദയാഘാതം നേരിട്ടതിനെക്കുറിച്ചും മനസ്സ് തുറന്നു. 2023 ഫെബ്രുവരി 27-നാണ് സുസ്മിതയ്ക്ക് ഹൃദയാഘാതമുണ്ടായത്. എന്നാല്‍ ചിത്രീകരണം പൂര്‍ത്തിയാക്കാന്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ തന്നെ അവര്‍ സിനിമാ സെറ്റില്‍ തിരിച്ചെത്തുകയും ചെയ്തു. 'നിങ്ങള്‍ക്ക് ഹൃദയാഘാതം സംഭവിക്കുകയും അതിലുടനീളം ബോധമുണ്ടായിരിക്കുകയും ചെയ്യുമ്പോള്‍, ജീവിതത്തിന്റെ മറുപുറത്തേക്ക് നിങ്ങള്‍ എത്രമാത്രം അടുത്തു എന്ന് നിങ്ങള്‍ക്ക് മനസ്സിലാകും' നടി പോഡ്കാസ്റ്റില്‍ പങ്കുവെച്ചു.
താന്‍ അതിനെ അതിജീവിച്ചതിന് ഒരു കാരണമുണ്ടെന്നും, അതിനെക്കുറിച്ച് ദുഃഖിച്ചിരിക്കുന്നതില്‍ അര്‍ത്ഥമില്ലെന്നും അവര്‍ പറയുന്നു. 'എനിക്ക് മുന്നോട്ട് പോകാന്‍ മാത്രമേ അറിയൂ. എന്റെ മനസ്സില്‍, എല്ലാം ക്ഷണികമാണ്. ബോധം നഷ്ടപ്പെടുന്നത് എനിക്കിഷ്ടമല്ല. ഞാന്‍ ഹൃദയാഘാതത്തെ അതിജീവിച്ചതിന്റെ ഒരു കാരണവും അതാണ്' നടി പറഞ്ഞു. സ്റ്റെന്റ് ഘടിപ്പിക്കുന്ന പ്രക്രിയയ്ക്കിടെ അവര്‍ അനസ്‌തേഷ്യ നിരസിച്ചു. നടപടിക്രമങ്ങള്‍ക്കിടയില്‍ അവര്‍ക്ക് ബോധമുണ്ടായിരുന്നു. അവര്‍ ഡോക്ടര്‍മാരുമായി സംസാരിക്കുകയും ചെയ്തു.
'എന്റെ മുഴുവന്‍ സംഘവും ജയ്പൂരില്‍ കാത്തിരിക്കുകയായിരുന്നു' സുസ്മിത സെന്‍ വെളിപ്പെടുത്തി. ഹൃദയാഘാതം സംഭവിച്ചപ്പോള്‍ അവര്‍ 'ആര്യ'യുടെ ചിത്രീകരണത്തിനിടയിലായിരുന്നു. താന്‍ ഷോയിലെ പ്രധാന താരമായതിനാല്‍, ഉടന്‍ സെറ്റില്‍ എത്തിയില്ലെങ്കില്‍ ചിത്രീകരണം നടക്കില്ലെന്ന് അവര്‍ക്ക് അറിയാമായിരുന്നു. അതിനാല്‍, തന്റെ ഉത്തരവാദിത്തത്തെക്കുറിച്ച് അവര്‍ക്ക് തികഞ്ഞ ബോധ്യമുണ്ടായിരുന്നു. കൂടാതെ നൂറുകണക്കിന് അണിയറപ്രവര്‍ത്തകരുടെ ദിവസക്കൂലിയുടെ ഭാരം തന്റെ ചുമലിലാണെന്നും അവര്‍ക്കറിയാമായിരുന്നു. എത്രയും പെട്ടെന്ന് സെറ്റില്‍ എത്താന്‍ അവര്‍ ആഗ്രഹിച്ചെങ്കിലും, ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം 15 ദിവസങ്ങള്‍ക്ക് ശേഷമാണ് അവര്‍ക്ക് തിരികെയെത്താന്‍ കഴിഞ്ഞത്.
സുസ്മിത സെന്‍ ഇപ്പോള്‍ ആരോഗ്യവതിയാണ്. 2024-ല്‍ പുറത്തിറങ്ങിയ 'ആര്യ 3' യിലാണ് അവരെ അവസാനമായി കണ്ടത്.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: sushmita sen opens up about her heart attack, recovery, and conscious stent procedure.