മുംബൈയിലേക്ക് താമസം മാറിയിട്ടില്ല; അഭ്യൂഹങ്ങൾക്ക് മറുപടിയുമായി സൂര്യ

സൂര്യ/Instagram, കാർത്തി/Mbi
സൂര്യ/Instagram, കാർത്തി/Mbi

സിനിമാതാരങ്ങളുടെ ജീവിതത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ സോഷ്യൽ മീഡിയയിൽ പതിവാണ്. അത്തരത്തിൽ ഏറെക്കാലമായി തമിഴ് സിനിമയിൽ ചർച്ചയായ ഒന്നായിരുന്നു സൂര്യയും കുടുംബവും മുംബൈയിലേക്ക് സ്ഥിരതാമസമാക്കിയെന്ന വാർത്ത. ഇപ്പോഴിതാ ആ അഭ്യൂഹങ്ങൾക്ക് നേരിട്ട് മറുപടി നൽകിയിരിക്കുകയാണ് നടൻ സൂര്യ. സഹോദരൻ കാർത്തിയുടെ 'സർദാർ 2' ഓഡിയോ ലോഞ്ചിനിടെയായിരുന്നു താരത്തിന്റെ പ്രതികരണം.

ചെന്നൈയിൽ നടന്ന 'സർദാർ 2' ഓഡിയോ ലോഞ്ചിലും ട്രെയിലർ ലോഞ്ചിലും സഹോദരന് പിന്തുണയുമായി സൂര്യയും എത്തിയിരുന്നു. വേദിയിലെത്തിയ സൂര്യയ്ക്ക് ആരാധകർ ആവേശത്തോടെയാണ് വരവേൽപ്പ് നൽകിയത്. കാർത്തിയുടെ സിനിമാ യാത്രയെക്കുറിച്ചും വ്യത്യസ്തമായ കഥാപാത്രങ്ങൾ തിരഞ്ഞെടുക്കുന്നതിനെക്കുറിച്ചും സംസാരിച്ച സൂര്യ, താൻ ഇപ്പോഴും ചെന്നൈയിൽ തന്നെയാണ് താമസിക്കുന്നതെന്ന് വ്യക്തമാക്കുകയും ചെയ്തു.

''ഒരുപാടുപേർക്ക് ഇക്കാര്യത്തിൽ കൺഫ്യൂഷനുണ്ട്. ഞാൻ ഇവിടെ തന്നെയുണ്ട്, ചെന്നൈയിൽ. ഇടയ്ക്ക് അവിടെ പോയിവരും, അത്രയേയുള്ളൂ,'' എന്നായിരുന്നു സൂര്യയുടെ വാക്കുകൾ. പുഞ്ചിരിയോടെയുള്ള താരത്തിന്റെ ഈ വാക്കുകൾ സദസ്സിൽ വലിയ കൈയടിക്കും ആവേശത്തിനും കാരണമായി.

മുംബൈയിലേക്ക് കുടുംബം താമസം മാറിയെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ നേരത്തെയും പുറത്തുവന്നിരുന്നു. എന്നാൽ തന്റെ താമസത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾക്ക് ഇതോടെ സൂര്യ തന്നെ വ്യക്തത നൽകിയിരിക്കുകയാണ്.

സഹോദരൻ കാർത്തിയുടെ സിനിമാ തിരഞ്ഞെടുപ്പുകളെക്കുറിച്ചും സൂര്യ വേദിയിൽ വാചാലനായി. 'സർദാർ' സിനിമയിലെ കാർത്തിയുടെ ലുക്ക് തനിക്ക് ഏറെ ഇഷ്ടപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു. “വ്യത്യസ്തവും ശക്തവുമായ കഥാപാത്രങ്ങൾ കാർത്തി തിരഞ്ഞെടുക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്. ഒരു നടനെന്ന നിലയിൽ ഓരോ സിനിമയിലൂടെയും പുതിയ പുതിയ കഥാപാത്രങ്ങളിലേക്കാണ് കാർത്തി എത്തിച്ചേരുന്നത്.”

'സർദാർ' ചിത്രത്തിലൂടെ പ്രേക്ഷകരുടെ ശ്രദ്ധ നേടിയ സംവിധായകൻ പി.എസ്. മിത്രനെയും സൂര്യ പ്രശംസിച്ചു. യഥാർഥ സംഭവങ്ങളിൽ നിന്നും അധികം അറിയപ്പെടാത്ത കഥകളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് കഥ പറയുന്ന മിത്രന്റെ ശൈലിയാണ് തനിക്ക് ഇഷ്ടമെന്നും സൂര്യ പറഞ്ഞു.

സൂര്യയും കാർത്തിയും ഒന്നിച്ചൊരു വേദിയിലെത്തുമ്പോൾ ആരാധകർക്ക് എന്നും കൗതുകമാണ്. ഇരുവരും വ്യത്യസ്തമായ സിനിമാ വഴികളിലൂടെ സഞ്ചരിക്കുമ്പോഴും പരസ്പരം പിന്തുണയ്ക്കുന്നതിന്റെ നിരവധി അവസരങ്ങൾ ആരാധകർ കണ്ടിട്ടുണ്ട്.

സെപ്റ്റംബർ 10നാണ് 'സർദാർ 2' തിയേറ്ററുകളിലെത്തുന്നത്. ചിത്രത്തിലൂടെ മറ്റൊരു വിജയംകൂടി സ്വന്തമാക്കാനുള്ള പ്രതീക്ഷയിലാണ് കാർത്തി. അതേസമയം 'കറുപ്പ്', 'വിശ്വനാഥ് ആൻഡ് സൺസ്' തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം ജിത്തു മാധവനൊപ്പമുള്ള സിനിമയുൾപ്പെടെ നിരവധി പ്രോജക്ടുകളുമായി മുന്നോട്ടുപോകുകയാണ് സൂര്യ.

സിനിമയിലെ തിരക്കുകൾക്കിടയിലും സഹോദരന്റെ പ്രധാനപ്പെട്ട നിമിഷങ്ങളിൽ ഒപ്പം നിൽക്കുന്ന സൂര്യയുടെ സാന്നിധ്യം ആരാധകർക്കും ഏറെ സന്തോഷം പകരുന്നതായിരുന്നു. മുംബൈ താമസവുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾക്ക് മറുപടി നൽകിയത് കൂടിയായതോടെ 'സർദാർ 2' വേദി സൂര്യയുടെ പേരിലും ശ്രദ്ധേയമായി.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: suriya-clarifies-mumbai-relocation-rumors-lives-in-chennai