'എന്താ ഇവർ ഇങ്ങനെ', അന്ന് പൃഥ്വിരാജ് ചോദിച്ചു; ഇന്ന് ചന്തു ചോദിച്ചതും അതേ ചോദ്യം

നടൻ സലിംകുമാറിനെ അവസാനമായി ഒരുനോക്കുകാണാനും ആദരാഞ്ജലി അർപ്പിക്കാനും ആയിരങ്ങളാണ് കഴിഞ്ഞദിവസമെത്തിയത്. മൃതദേഹം പൊതുദർശനത്തിനുവെച്ച ടൗൺഹാളിലും സലിംകുമാറിന്റെ വീടായ ലാഫിങ് വില്ലയിലും ആളുകൾ ഒഴുകിയെത്തി. ഒടുവിൽ ആ തിക്കിലും തിരക്കിലും കുടുംബാംഗങ്ങൾ വരെ അസ്വസ്ഥരായി.
അതിനിടെ വീട്ടുവളപ്പിൽനിന്നുള്ളൊരു ദൃശ്യം പെട്ടെന്ന് വൈറലായി. സലിംകുമാറിന്റെ മകനും നടനുമായ ചന്തു, ഓൺലൈൻ മീഡിയക്കാരോട് സങ്കടവും വിഷമവും കലർന്ന് പൊട്ടിത്തെറിക്കുന്നതാണത്. തിരക്കുകളിൽ വീർപ്പുമുട്ടിയപ്പോൾ സഹികെട്ടാണ് ചന്തുവിന് പ്രതികരിക്കേണ്ടിവന്നത്. അതോടെ ഇത്തരം സന്ദർഭങ്ങളിൽ പാലിക്കേണ്ട സാമാന്യമര്യാദകളെക്കുറിച്ചുള്ള ചർച്ചകൾക്കും ഇത് തുടക്കംകുറിച്ചു.
ആദ്യം കുറേതവണ ചന്തു തിരക്ക് നിയന്ത്രിക്കാൻ ശ്രമിക്കുന്നതും കാണാമായിരുന്നു. പോലീസിന്റെ നിർദേശങ്ങളും സ്ഥലത്തെത്തിയ മുഖ്യമന്ത്രി വി.ഡി.സതീശന്റെ നിർദേശങ്ങളും അവിടെയുണ്ടായിരുന്നവർ അനുസരിച്ചില്ല. അതോടെയാണ് ചന്തുവിന് പരുഷമായി പെരുമാറേണ്ടിവന്നത്.
പിന്നാലെ പലരും ഇതിനെക്കുറിച്ചുള്ള ചർച്ചകളുമായി രംഗത്തെത്തി. അതിനിടെ മുമ്പൊരു അഭിമുഖത്തിൽ നടൻ മനോജ് കെ.ജയൻ പറഞ്ഞൊരു കാര്യവും പലരും ഓർത്തെടുത്തു. ''1997-ൽ സുകുമാരൻ മരിച്ചപ്പോൾ അവിടെ ഓടിക്കൂടിയ ജനം മോഹൻലാലിനെയും മമ്മൂട്ടിയെയും കണ്ടപ്പോൾ അവരെ ആർപ്പുവിളിക്കുന്നത് കണ്ട് പൃഥ്വിരാജ് ചോദിച്ചു, 'എന്താ ഇവർ ഇങ്ങനെ?''
ആ ചോദ്യത്തിന് ഇന്നും, ഇത്രയും വർഷങ്ങൾക്കുശേഷവും ഉത്തരം കിട്ടിയിട്ടില്ലെന്നും ആളുകൾ പറയുന്നു. ഈ പ്രശ്‌നത്തിനെതിരെ ഇൻസ്റ്റഗ്രാം സ്റ്റോറിയുമായി നിർമാതാവും പൃഥ്വിരാജിന്റെ ഭാര്യയുമായ സുപ്രിയ മേനോനും രംഗത്തെത്തി. ''വീണ്ടും ഒരു കുടുംബം പ്രിയപ്പെട്ടവരോട് വിടപറയാൻ ശ്രമിക്കുന്നു. ഹൃദയഭേദകമായ ദു:ഖവും വേദനയും നിറഞ്ഞൊരു നിമിഷം. എന്നാൽ ഇവിടെ വീണ്ടും ക്യാമറകളുടെയും മൈക്കുകളുടെയും ഒരു കൂട്ടം, ഈ വിടവാങ്ങൾ ക്ലോസപ്പിൽ പകർത്താൻ ഇരയെ ലക്ഷ്യമാക്കി കൂടുതൽ അടുത്തെത്തുന്ന കഴുകൻമാരെപ്പോലെ തിരക്കുകൂട്ടുന്നു. കുറച്ച് സ്ഥലം തരൂവെന്നും പിന്നോട്ട് മാറൂവെന്നും സമാധാനത്തോടെ കരയണമെന്നും ആവശ്യപ്പെട്ട് മകൻ നിലവിളിക്കുന്നു. നാം എന്തായിത്തീർന്നിരിക്കുന്നു?...'' സുപ്രിയയുടെ കുറിപ്പ് നീളുന്നു.
ജൂൺ 6-നാണ് സലിംകുമാർ അന്തരിച്ചത്. ശാരീരിക അസ്വസ്ഥതകൾ കാരണം കൊച്ചി അമൃത ആസ്പത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ആരോഗ്യം മോശമായതോടെ വെന്റിലേറ്ററിലേക്ക് മാറ്റി. സലിംകുമാറിന്റെ ആഗ്രഹപ്രകാരം ആചാരങ്ങളൊന്നുമില്ലാതെയാണ് അദ്ദേഹത്തിന്റെ അന്ത്യകർമങ്ങൾ നടത്തിയത്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Chandu Salim Kumar confronts online media during his father's funeral due to overcrowding. The incident sparks a wider debate on media ethics and public sensitivity.