‘പലതവണ ഐവിഎഫിനു ശ്രമിച്ചു, പരാജയപ്പെട്ടപ്പോഴാണ് മറ്റുവഴികൾ നോക്കിയത്’: സണ്ണി ലിയോൺ

വാടക ഗർഭധാരണം, ദത്തെടുക്കൽ എന്നിവയുമായി ബന്ധപ്പെട്ടുണ്ടാവുന്ന വെല്ലുവിളികളെക്കുറിച്ചും മറ്റും നടി സണ്ണി ലിയോൺ പറഞ്ഞ കാര്യങ്ങൾ ശ്രദ്ധനേടുകയാണ്. തങ്ങൾ പലതവണ ഐവിഎഫിനു ശ്രമിച്ചുവെന്നും അതെല്ലാം പരാജയപ്പെട്ടുവെന്നും സണ്ണി പറയുന്നു. മാതാപിതാക്കൾ എന്നതിലേക്കുള്ള തങ്ങളുടെ യാത്ര ഒട്ടും എളുപ്പമായിരുന്നില്ലെന്നും അവർ വെളിപ്പെടുത്തി.
നടി സോഹ അലി ഖാന്റെ പോഡ്കാസ്റ്റിലാണ് സണ്ണി ഇക്കാര്യങ്ങൾ പറഞ്ഞത്. ''ഐവിഎഫ് പരാജയപ്പെട്ടപ്പോഴാണ് മറ്റു വഴികളെക്കുറിച്ച് ചിന്തിക്കുന്നത്. എന്റെ മനസ്സിൽ ഒരുകുഞ്ഞിനെ ദത്തെടുക്കണമെന്നായിരുന്നു ആഗ്രഹം. ദത്തെടുക്കാനായി അപേക്ഷ നൽകി. ഞങ്ങളുടെ അവസാനത്തെ ഐവിഎഫിനുള്ള അതേദിവസം തന്നെയാണ്, ദത്തെടുക്കൽ പ്രക്രിയ പൂർത്തിയായി കുഞ്ഞിനെ കൈയിലേക്ക് കിട്ടുന്നതും''.
ജൂലായ് 2017-ൽ മഹാരാഷ്ട്രയിലെ ലത്തൂരിൽനിന്നാണ് ആദ്യത്തെ കുഞ്ഞിനെ ദത്തെടുക്കുന്നത്. നിഷ എന്നു പേരിട്ട ആ കുഞ്ഞിനെ ദത്തെടുക്കുമ്പോൾ, ഒന്നര വയസ്സാണ്. മാർച്ച് 2018-ലാണ് സണ്ണിയും വെബ്ബറും തങ്ങളുടെ ഇരട്ടക്കുട്ടികളുടെ ജനനം പുറംലോകത്തെ അറിയിക്കുന്നത്. വാടകഗർഭധാരണത്തിലൂടെയാണ് കുഞ്ഞുങ്ങൾ ജനിച്ചത്.
വാടകഗർഭധാരണത്തിന്റെ ചെലവുകളെക്കുറിച്ചും സണ്ണി തുറന്നുപറഞ്ഞു. ''ഞങ്ങൾ ആഴ്ചയിലാണ് പ്രതിഫലം നൽകിയത്. അതുകഴിഞ്ഞ് അവർക്ക് വീട് വാങ്ങിക്കൊടുത്തു, അവരുടെ വിവാഹം മനോഹരമായി നടത്തി''.
2011-ലാണ് അമേരിക്കൻ നടനും നിർമാതാവുമൊക്കെയായ ഡാനിയൽ വെബ്ബറും സണ്ണിയും വിവാഹിതരാകുന്നത്. വർഷങ്ങളുടെ പ്രണയത്തിനുശേഷമായിരുന്നു വിവാഹം. തങ്ങളുടെ ആദ്യത്തെ ഡേറ്റിനെക്കുറിച്ച് ബിഗ് ബോസിലെത്തിയപ്പോൾ സണ്ണി തുറന്നുപറഞ്ഞിട്ടുണ്ട്. ഡാനിയലിനോട് അത്ര താത്പര്യമില്ലാത്തതിനാൽ വൈകിയാണ് ആദ്യഡേറ്റിന് സണ്ണിയെത്തിയത്. പക്ഷേ സണ്ണിയുടെ ഹോട്ടൽമുറിയിലേക്ക് 20-ലേറെ റോസാപ്പൂക്കൾ കൊടുത്തയച്ചു ഡാനിയൽ. അത്രയും റൊമാന്റിക് ആയിട്ടുള്ള ആ നിമിഷത്തിലൂടെ സണ്ണിയുടെ മനസ്സ് മാറുകയും ചെയ്തു.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi
Content Highlights: Actress Sunny Leone opens up about her challenging journey to parenthood, including failed IVF attempts, adoption and surrogacy