'വിജയ് ഖുഷ്ബുവിന്റെ ഇളയസഹോദരൻ'; വിമർശിക്കാൻ താനില്ലെന്ന് സുന്ദർ സി.

തിരഞ്ഞെടുപ്പ് ചൂടിലാണ് തമിഴ്‌നാടും. ഇത്തവണ ഏവരും ഉറ്റുനോക്കുന്ന മത്സരം കൂടിയാണ് തമിഴ്‌നാട്ടിലേത്. നടൻ വിജയ്‌യുടെ പാർട്ടിയായ തമിഴക വെട്രി കഴകം (TVK) എങ്ങനെ തിരഞ്ഞെടുപ്പിനെ നേരിടുമെന്നതാണ് എല്ലാവർക്കും കൗതുകം പകരുന്നത്.
അതിനിടെ താരത്തിന്റെ വിവാഹമോചനവാർത്തകളും തൃഷയുമായി ആരോപിക്കപ്പെടുന്ന പ്രണയവുമെല്ലാം പാർട്ടിയെ ബാധിക്കുമോ എന്നും ആളുകൾ ഉറ്റുനോക്കുന്നു. ഫിലിംമേക്കറും നടനുമായ സുന്ദർ സി. യും തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നുണ്ട്. ഓൾ ഇന്ത്യ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകത്തിന്റെ (AIADMK) ഭാഗമായ പുതിയ നീതി കച്ചി (PNK) യുടെ സ്ഥാനാർഥിയായാണ് അദ്ദേഹം മത്സരരംഗത്തെത്തുന്നത്. മധുരയിൽനിന്നാണ് മത്സരിക്കുന്നത്.
അതിനിടെ വിജയ്‌യെയും അദ്ദേഹത്തിന്റെ പാർട്ടിയായ തമിഴക വെട്രി കഴകത്തെയും കുറിച്ചുള്ള ചോദ്യങ്ങൾക്ക് സുന്ദർ നൽകിയ മറുപടിയാണിപ്പോൾ ചർച്ചയാകുന്നത്. വിജയ്‌യെയും അദ്ദേഹത്തിന്റെ സ്ഥാനാർഥികളെയും കുറിച്ച് ചോദിച്ചപ്പോൾ എതിർപാർട്ടിയായിരുന്നിട്ടുപോലും അവരെ വിമർശിക്കാൻ സുന്ദർ വിസമ്മതിച്ചു.
''വിജയ് സാറിന് എന്നോട് വളരെയധികം സ്‌നേഹവും ബഹുമാനവുമുണ്ട്, എനിക്കും അദ്ദേഹത്തോട് അങ്ങനെ തന്നെ. എന്റെ ഭാര്യ (ഖുഷ്ബു) അദ്ദേഹത്തെ തന്റെ തമ്പി (ഇളയ സഹോദരൻ) ആയാണ് കണക്കാക്കുന്നത്. അദ്ദേഹം അവളെ അക്ക (മൂത്ത സഹോദരി) എന്നാണ് വിളിക്കുന്നത്. അതിനാൽ, വിജയ്യെയോ അദ്ദേഹത്തിന്റെ പാർട്ടിയെയോ സ്ഥാനാർഥിയെയോ വിമർശിക്കാൻ ഞാൻ തയ്യാറല്ല'', അദ്ദേഹം വ്യക്തമാക്കി. എന്നിരുന്നാലും, മധുര സെൻട്രൽ മണ്ഡലത്തിലെ മത്സരം ദ്രാവിഡ മുന്നേറ്റ കഴകവും (DMK) എഐഎഡിഎംകെയും തമ്മിലായിരിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വിജയിച്ചാൽ താൻ മാസത്തിൽ 15 ദിവസം മണ്ഡലത്തിൽ ചെലവഴിക്കുമെന്നും സുന്ദർ വ്യക്തമാക്കി. ''കഴിഞ്ഞ 30 വർഷമായി ഞാൻ സിനിമാ മേഖലയിൽ പ്രവർത്തിക്കുന്നു, നിരവധി വിജയകരമായ സിനിമകൾ നൽകിയിട്ടുണ്ട്. ഈ തിരഞ്ഞെടുപ്പ് ഫലത്തെ അടിസ്ഥാനമാക്കിയായിരിക്കും എന്റെ അടുത്ത നീക്കം'' അദ്ദേഹം പറഞ്ഞു.
ഗാങേഴ്‌സ്, വല്ലൻ എന്നീ ചിത്രങ്ങളിലാണ് സുന്ദർ സി. അവസാനമായി അഭിനയിച്ചത്. വൺ ടു വൺ ആണ് ഇനി റിലീസാവാനിരിക്കുന്നത്. മൂക്കുത്തി അമ്മൻ 2, പുരുഷൻ എന്നീ ചിത്രങ്ങളാണ് അദ്ദേഹത്തിന്റെ സംവിധാനത്തിൽ ഇനി പുറത്തിറങ്ങാനിരിക്കുന്നത്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Sundar C is contesting the 2026 Tamil Nadu elections representing the PNK party. He refuses to criticize Vijay's TVK party due to personal respect and family bonds.