ശോഭനയെയും രജനീകാന്തിനെയും വരച്ചത് സുഹാസിനി; കൈയടിച്ച് സോഷ്യൽ മീഡിയ

ഇക്കഴിഞ്ഞ ദിവസമാണ് ഇൻസ്റ്റഗ്രാമിൽ നടി ശോഭന ഒരു പോസ്റ്റിട്ടത്. ഒരു പെയിന്റിങ് പങ്കുവെച്ചുകൊണ്ട് ഇത് ആരാണ് വരച്ചതെന്ന് അറിയാമോ എന്നായിരുന്നു ശോഭനയുടെ ചോദ്യം. നദിക്കരയിലിരുന്ന് വീണ മീട്ടുന്ന ഒരു സ്ത്രീയും അവരെ നോക്കുന്ന ഒരു പുരുഷനുമാണ് ആ പെയിന്റിങ്ങിലുണ്ടായിരുന്നത്.
അതിനൊപ്പം ശോഭനയിട്ട കുറിപ്പിങ്ങനെ, 'നടിയും സുഹൃത്തും സംവിധായികയും ഛായാഗ്രാഹകയും സാമൂഹ്യപ്രവർത്തകയുമായ ഒരാളാണിത് വരച്ചത്. ആരാണെന്ന് പറയാമോ? അതിനൊപ്പം ചിത്രത്തിലുള്ളവരെയും'.
അതോടെ ആളുകൾ തങ്ങളുടെ ഊഹങ്ങൾ കൊണ്ട് കമന്റ് ബോക്‌സ് നിറച്ചു. രേവതിയാണ് ചിത്രം വരച്ചതെന്നായിരുന്നു പലരും പറഞ്ഞത്. മറ്റുചിലർ ശോഭന തന്നെയാണ് ഇതിനുപിന്നിലെന്നും കമന്റിട്ടു. 'ദളപതി' സിനിമയിലെ രജനീകാന്തും ശോഭനയുമാണെന്ന് തന്നെ ആളുകൾ ഉറപ്പിച്ചു. എന്നാൽ മലയാളികളിൽ പലരും അത് 'പക്ഷേ'യിലെ മോഹൻലാലും ശോഭനയുമാണെന്നാണ് കമന്റിട്ടത്.
ഒടുവിൽ അതിനുള്ള ഉത്തരവുമായി ശോഭന തന്നെ രംഗത്തെത്തി, 'ഇത് വരച്ചത് മറ്റാരുമല്ല, സുഹാസിനിയാണ്. ഛായാഗ്രഹണം പഠിക്കാനായി മദ്രാസ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ചേർന്ന്, അവിടുന്ന് ഛായാഗ്രഹണത്തിൽ ബിരുദം നേടിയ ആദ്യ വനിത'. ഇതിനുപിന്നാലെ സുഹാസിനി എന്ന ബഹുമുഖപ്രതിഭയെക്കുറിച്ചായി ആളുകളുടെ സംസാരം.
മദ്രാസ് ദൂരദർശനായി 'പെൺ' എന്ന ആന്തോളജി മിനി സീരീസിലൂടെയാണ് സുഹാസിനി സംവിധായികയാവുന്നത്. പിന്നീട് അരവിന്ദ് സ്വാമിയും അനുഹാസനും ഒരുമിച്ച 'ഇന്ദിര' എന്ന സിനിമ സംവിധാനം ചെയ്തു. അതിനുശേഷം സുചിത്ര കൃഷ്ണമൂർത്തിയും രാജീവ് മേനോനും അഭിനയിച്ച 'സ്വയംവരം' എന്ന ഷോർട്ട് ഫിലിമിന്റെ സംവിധായികയായി. ഏറ്റവുമൊടുവിൽ അവർ സംവിധാനം ചെയ്തത് ആമസോൺ പ്രൈമിലെ 'പുത്തം പുതു കാലൈ' എന്ന ആന്തോളജിയിലെ 'കോഫി, എനിവൺ' ആണ്. മണിരത്‌നത്തിനൊപ്പം മദ്രാസ് ടാക്കീസ് എന്ന നിർമാണക്കമ്പനിയുടെ കാര്യങ്ങളിലും സുഹാസിനി സജീവമാണ്.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Actress Shobana shared a painting by Suhasini featuring herself and Rajinikanth, sparking discussions on social media