ആമ തലയില്‍ വീണും ഉയിര്‍ത്തെഴുന്നേല്‍ക്കാന്‍ അഗ്നിപര്‍വതത്തിലേക്ക് ചാടിയും; ഇങ്ങനെ മരിച്ച ചിലര്‍

മനുഷ്യചരിത്രത്തിലെ പ്രാചീന സംസ്‌കൃതികളില്‍ ഒന്നാണ് ഗ്രീസ്. ഇതിഹാസവും പുരാണവും തത്വചിന്തയും പോരാട്ടവീര്യവും ഗ്രീസിന്റെ ചരിത്രത്തെ അടയാളപ്പെടുത്തുന്നു. അതില്‍ അറിയപ്പെടാതെപോയ ചില നര്‍മത്തിന്റെ ഏടുകളുമുണ്ട്.
സോക്രട്ടീസിന് മുന്‍പ് ശ്രദ്ധേയനായ ഗ്രീക്ക് തത്വചിന്തകനായിരുന്നു എംപെഡോക്ലിസ്. മരുന്നുകള്‍ക്ക് സുഖപ്പെടുത്താനാകാതെ പോയ ഒരു സ്ത്രീയെ ചികിത്സിച്ചു രോഗമുക്തയാക്കിയതോടെ അദ്ദേഹത്തിന്റെ ആത്മവിശ്വാസം അതിരുവിട്ടു. തനിക്കുള്ളില്‍ ദൈവികശക്തികള്‍ ഉണ്ടെന്ന് തന്നെ അദ്ദേഹത്തിന് തോന്നിപ്പോയി. വിശ്വസ്തരായ അനുയായികളെയും,കഴിവിനെ സംശയിക്കാന്‍ സാധ്യതയുണ്ടെന്ന് തോന്നിയവരെയും അദ്ദേഹം വിളിച്ചുകൂട്ടി. തന്റെ ദൈവികതയും അനശ്വരതയും തെളിയിക്കാന്‍ അദ്ദേഹം അഗ്നിപര്‍വതത്തിന്റെ മുനമ്പിലേക്ക് എടുത്തുചാടി. ഒന്നും പറ്റാതെ മടങ്ങിവരുമെന്ന ആത്മവിശ്വാസം അബദ്ധമായി എന്ന് പറയേണ്ടതില്ലല്ലോ.
ജീവിച്ചിരുന്ന കാലത്ത് തന്നെ അംഗീകരിക്കപ്പെടാന്‍ ഭാഗ്യം കിട്ടിയ അപൂര്‍വം ചില ചിന്തകരില്‍ ഒരാളായിരുന്നു ക്രിസിപ്പസ്. ഗൗരവക്കാരനും കര്‍ക്കശക്കാരനും എന്ന് പേരുകേട്ട പ്രതിഭ. എഴുനൂറിലധികം കൃതികള്‍ അദ്ദേഹത്തിന്റെ പേരിലുണ്ടെന്ന് പറയപ്പെടുന്നു. ക്രിസിപ്പസിന്റെ മരണകാരണം ചിരിയായിരുന്നു. അതും സ്വന്തം തമാശ ആസ്വദിച്ചുകൊണ്ടുള്ള പൊട്ടിച്ചിരി. ഒരു കഴുതയുടെ മണ്ടത്തരം കണ്ട് കൗതുകം തോന്നിയ അദ്ദേഹം കഴുതയെ മദ്യം കുടിപ്പിച്ചു. പിന്നീടുള്ള കഴുതയുടെ പരാക്രമം കണ്ട് ചിരി തുടങ്ങിയ ക്രിസിപ്പസ്സിന് ചിരി നിര്‍ത്താനായില്ല. ആ ചിരി ഒടുവില്‍ അദ്ദേഹത്തിന്റെ ജീവനെടുത്തു.
നിയമവ്യവസ്ഥയില്‍ കാര്യമായ പരിഷ്‌കാരങ്ങള്‍ കൊണ്ടുവന്ന ഡ്രെക്കോയുടെ കഥയും വ്യത്യസ്തമല്ല. പുരാതന ഗ്രീസില്‍ ഒരാളോടുള്ള സ്‌നേഹവും ബഹുമാനവും പ്രകടിപ്പിച്ചുകൊണ്ടിരുന്നത് തങ്ങളുടെ മേല്‍വസ്ത്രം അയാള്‍ക്കുനേര്‍ വലിച്ചെറിഞ്ഞു കൊണ്ടായിരുന്നു. ഡ്രെക്കോയുടെ ആരാധകര്‍ അദ്ദേഹത്തെ പൊതുവേദിയില്‍ കണ്ടപ്പോള്‍ തങ്ങളുടെ അകമഴിഞ്ഞ സ്‌നേഹം തെളിയിക്കാന്‍ പുറപ്പെട്ടു. ആരാധകര്‍ വലിച്ചെറിഞ്ഞ വസ്ത്രക്കെട്ടിനടിയില്‍ പെട്ട് ശ്വാസംമുട്ടിയാണ് അദ്ദേഹം മരണപ്പെട്ടത്.
ദുരന്തനാടകത്തിന്റെ പിതാവായി കണക്കാക്കപ്പെടുന്ന എഴുത്തുകാരനാണ് എസ്‌കിലസ്. എസ്‌കിലസ് എഴുതിയ 90-ഓളം നാടകങ്ങളില്‍ ഏഴെണ്ണം മാത്രമാണ് കാലത്തെ അതിജീവിച്ചത്. കഥാപാത്രങ്ങളുടെ തീരാവേദനകളെയും അവരുടെ ജീവിതം മാറ്റിമറിച്ച ദുരന്തങ്ങളെയും അനശ്വരമാക്കിയ എഴുത്തുകാരന് ജീവിതം കാത്തുവെച്ചത് അപ്രതീക്ഷിതമായ അന്ത്യം. സിസിലിയുടെ നഗരത്തിരക്കുകളില്‍ വ്യാപൃതനായ എസ്‌കിലസിന്റെ തലയില്‍ ഒരു ആമ വന്നുവീഴുകയായിരുന്നു. പരുന്തുകള്‍ ആമകളെ കൊക്കിലുയര്‍ത്തി പാറപ്പുറത്തെറിഞ്ഞ് തോട് പൊട്ടിക്കുന്ന പതിവുണ്ട്. എസ്‌കിലസിന്റെ മൊട്ടത്തല കണ്ട പരുന്ത് പാറയാണെന്നു കരുതി എന്നാണ് വ്യാഖ്യാനം.
ഉറ്റ ചങ്ങാതിയടക്കം നെഞ്ചില്‍ കഠാരയാഴ്ത്തിയ സീസറുടെ മഹാദുരന്തമാണ് സാഹിത്യത്തിലൂടെയും കലയുടെയും ഓര്‍മിക്കപ്പെടുന്നത്. എന്നാല്‍, മുന്തിരി തൊണ്ടയില്‍ കുരുങ്ങിയും യുദ്ധത്തിനിടെ ഓട് തലയില്‍ വീണും മണ്ണടിഞ്ഞ അതികായന്മാരും ചേരുന്നതാണ് ഗ്രീക്ക് ചരിത്രം.
Content Highlights: strangest deaths in history