'ഹോക്കിൻസ്' നഗരം വെറും സങ്കല്പമല്ല, യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് വെളിപ്പെടുത്തൽ

നെറ്റ്ഫ്‌ളിക്‌സിലെ പ്രശസ്തമായ 'സ്‌ട്രേഞ്ചർ തിങ്ങ്‌സ്' എന്ന പരമ്പരയിലെ 'ഹോക്കിൻസ്' എന്ന നഗരം വെറും സങ്കല്പമല്ലെന്ന് നിങ്ങൾക്കറിയാമോ? ആ കഥയ്ക്ക് പിന്നിൽ അമേരിക്കയിലെ ഒരു യഥാർത്ഥ സ്ഥലമുണ്ടെന്ന വെളിപ്പെടുത്തലുകൾ ആരാധകരെ അത്ഭുതപ്പെടുത്തുകയാണ്. ന്യൂയോർക്കിലെ മോൺടോക്കിലുള്ള (Montauk) 'ക്യാമ്പ് ഹീറോ' (Camp Hero) എന്ന സൈനിക താവളമാണ് സ്‌ട്രേഞ്ചർ തിങ്ങ്‌സിന് പ്രചോദനമായത്. ഇതിനെക്കുറിച്ചുള്ള രസകരമായ ചില വിവരങ്ങൾ അറിയാം.
പരമ്പരയിലെ കഥാപാത്രങ്ങളായ ഡസ്റ്റിൻ (ഗാറ്റൻ മാറ്ററാസോ), സ്റ്റീവ് (ജോ കെറി) എന്നിവർ തന്നെ ഈ ഷോ യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് വെളിപ്പെടുത്തിയിട്ടുണ്ട്.
ശീതയുദ്ധകാലത്ത് അമേരിക്കൻ സർക്കാർ രഹസ്യമായി മനുഷ്യരിൽ പരീക്ഷണങ്ങൾ നടത്തിയിരുന്നു എന്ന കിംവദന്തികൾ നിലനിൽക്കുന്ന സ്ഥലമാണ് ക്യാമ്പ് ഹീറോ. ഇതിനെ 'മോൺടോക്ക് പ്രോജക്റ്റ്' എന്ന് വിളിക്കുന്നു. പ്രെസ്റ്റൺ നിക്കോൾസ് എന്ന വ്യക്തി തന്റെ പുസ്തകങ്ങളിലൂടെയാണ് ഈ രഹസ്യങ്ങൾ പുറംലോകത്തെ അറിയിച്ചത്.
അദ്ദേഹത്തിന്റെ വാദപ്രകാരം, മനസ്സിൻ്റെ നിയന്ത്രണം(Mind Control): കുട്ടികളെ തട്ടിക്കൊണ്ടുപോയി അവരുടെ മനസ്സിനെ നിയന്ത്രിക്കാനുള്ള പരീക്ഷണങ്ങൾ അവിടെ നടന്നിരുന്നു.
ടൈം ട്രാവൽ (Time Travel): ടെലിപോർട്ടേഷൻ, ടൈം ട്രാവൽ എന്നിവയെക്കുറിച്ചുള്ള ഗവേഷണങ്ങൾ നടന്നതായി പറയപ്പെടുന്നു. അന്യഗ്രഹ ജീവികളുമായി ബന്ധപ്പെടാനുള്ള ശ്രമങ്ങളും അവിടെ നടന്നിരുന്നു.
ഡിജിറ്റൽ കണ്ടന്റ് ക്രിയേറ്ററായ 'മാജിക്കൽ ഹൈജിങ്ക്‌സ്' പങ്കുവെച്ച വീഡിയോയിൽ ചില ഞെട്ടിക്കുന്ന വിവരങ്ങളുണ്ട്. നാസികളിൽ നിന്ന് ഒളിച്ചുവെക്കാൻ 1940-കളിൽ ഈ സൈനിക താവളത്തെ ഒരു മീൻപിടുത്ത ഗ്രാമമായിട്ടാണ് നിർമ്മിച്ചത്. അവിടെ കാണുന്ന പള്ളി യഥാർത്ഥത്തിൽ ഒരു ജിംനേഷ്യം മാത്രമാണ്! പരമ്പരയിലെ ലാബുകൾ പോലെ തന്നെ, ഈ കുന്നുകൾക്ക് താഴെ മൈലുകളോളം നീളുന്ന തുരങ്കങ്ങളും ബങ്കറുകളും ഉണ്ടെന്ന് നാട്ടുകാർ വിശ്വസിക്കുന്നു. ഇപ്പോൾ ഇവയുടെ വാതിലുകൾ വെൽഡ് ചെയ്ത് അടച്ചിരിക്കുകയാണ്.
റഡാർ സംവിധാനം: അവിടുത്തെ ഭീമാകാരമായ റഡാർ സോവിയറ്റ് യൂണിയനെ നിരീക്ഷിക്കാൻ മാത്രമല്ല, കുട്ടികളുടെ മനസ്സിനെ സ്വാധീനിക്കാൻ ശേഷിയുള്ള 400 MHz ഫ്രീക്വൻസി പുറപ്പെടുവിക്കാനും ഉപയോഗിച്ചിരുന്നു എന്ന് പറയപ്പെടുന്നു.
സീരീസിലെ ഡെമോഗോർഗൻ (Demogorgon) പോലെ തന്നെ മോൺടോക്കിലും ഒരു രാക്ഷസൻ ഉണ്ടായിരുന്നുവെന്ന് കഥകളുണ്ട്. ഡങ്കൻ കാമറൂൺ എന്ന ഒരാളുടെ ഉപബോധമനസ്സിൽ നിന്ന് ജനിച്ച ഒരു ജീവി വനത്തിലൂടെ നടന്ന് മനുഷ്യരെ ഉപദ്രവിച്ചിരുന്നുവെന്നും, റഡാറിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിച്ചാണ് അതിനെ ഇല്ലാതാക്കിയതെന്നും പറയപ്പെടുന്നു.
ഇന്ന് ക്യാമ്പ് ഹീറോ ഒരു സ്റ്റേറ്റ് പാർക്കാണ്. അവിടെ സൈക്ലിങ്ങിനും ഫിഷിങ്ങിനും പക്ഷികളെ നിരീക്ഷിക്കാനുമായി ധാരാളം ആളുകൾ എത്താറുണ്ട്. വർഷം മുഴുവൻ ഇവിടം തുറന്നിരിക്കുമെങ്കിലും, സൈനിക കെട്ടിടങ്ങൾക്കുള്ളിലേക്ക് ആർക്കും പ്രവേശനമില്ല.
'സ്‌ട്രേഞ്ചർ തിങ്ങ്‌സ്' എന്ന പേരിന് മുൻപ് ഈ ഷോയ്ക്ക് നൽകാൻ ഉദ്ദേശിച്ചിരുന്ന പേരും 'മോൺടോക്ക്' എന്നായിരുന്നു.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Discover the chilling real-life inspiration behind Stranger Things` Hawkins! Explore Montauk`s Camp Hero, mind control, time travel, and eerie legends.