ദീപാവലിക്ക് പടക്കം പൊട്ടിക്കുന്നത് 'രാഷ്ട്രവിരുദ്ധ'മാണെന്ന് സോണി റസ്ദാൻ, കമന്റുകൾ ഓഫ് ചെയ്തു

സോണി റസ്ദാൻ | PTI
സോണി റസ്ദാൻ | PTI

ദീപാവലിക്ക് പടക്കം പൊട്ടിക്കുന്നതിനെതിരേയുള്ള തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് മുതിർന്ന നടിയും ആലിയ ഭട്ടിന്റെ അമ്മയുമായ സോണി റസ്ദാൻ. ദീപാവലിക്ക് ഒരു പടക്കം പോലും പൊട്ടിക്കുന്നത് തന്നെ സംബന്ധിച്ചിടത്തോളം 'രാഷ്ട്രവിരുദ്ധ'മാണെന്ന് അവർ ഇൻസ്റ്റാഗ്രാം പോസ്റ്റിൽ പറഞ്ഞു.

ദീപാവലിക്ക് പടക്കം പൊട്ടിക്കുന്നത് മൂലം കൊച്ചുകുട്ടികൾ അനുഭവിക്കുന്ന ആരോഗ്യപരമായ ബുദ്ധിമുട്ടുകളെയാണ് സോണിയുടെ പോസ്റ്റ് എടുത്തു കാണിക്കുന്നത്.

"വായു മലിനീകരണം മൂലം കുട്ടികൾ എത്രയധികം കഷ്ടപ്പെടുന്നുണ്ടെന്നും, അസുഖം കാരണം അവർക്ക് എത്ര സ്കൂൾ ദിവസങ്ങൾ നഷ്ടപ്പെടുന്നുണ്ടെന്നും ചെറിയ കുട്ടികളുള്ള ഏത് മാതാപിതാക്കളും നിങ്ങളോട് പറയും. അതിനാൽ, ഈ ദീപാവലിക്ക് ഒരു പടക്കം പൊട്ടിക്കുന്നത് പോലും ശരിയാണെന്ന് നിങ്ങൾ എന്നോട് പറയുകയാണെങ്കിൽ, അത് ജീവിതത്തോടും ആരോഗ്യത്തോടുമുള്ള വഞ്ചനയും രാഷ്ട്രവിരുദ്ധവുമാണെന്നേ എനിക്ക് പറയാൻ കഴിയൂ," സോണി റസ്ദാൻ എഴുതി.

"ആരോഗ്യം എന്നത് ഞങ്ങൾ ഞങ്ങൾക്കും ഞങ്ങളുടെ കുട്ടികൾക്കുമായി തിരഞ്ഞെടുക്കുന്ന ഒന്നാണ്. നമുക്ക് ശരിയായത് തിരഞ്ഞെടുക്കാം," താരം കൂട്ടിച്ചേർത്തു. ചൊവ്വാഴ്ച രാത്രി വൈകി പങ്കുവെച്ച പോസ്റ്റിൽ കമന്റ് ചെയ്യാനുള്ള ഭാഗം അവർ ഓഫ് ചെയ്തിട്ടുണ്ട്. 

പടക്കം ഒഴിവാക്കിക്കൊണ്ട് ദീപാവലി ആഘോഷിക്കണമെന്ന ബോളിവുഡ് നടി ദിയ മിർസയുടെ അഭ്യർഥന ചർച്ചയായതിനു പിന്നാലെയാണ് സോണി റസ്ദാനും നിലപാട് വ്യക്തമാക്കിയത്. ബോധവത്കരണത്തിന്റെ ഭാഗമായി പോസ്റ്റ് ചെയ്ത ദിയയുടെ വീഡിയോ മുംബൈ മുൻസിപ്പൽ കോർപ്പറേഷൻ നേരത്തേ നീക്കം ചെയ്തിരുന്നു. ബി.ജെ.പിയുടെ എതിർപ്പിനെത്തുടർന്നായിരുന്നു ഇത്. എന്നാൽ, വീഡിയോ പുനഃസ്ഥാപിക്കണമെന്ന് ബോംബെ ഹൈക്കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടു.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Soni Razdan called bursting firecrackers on Diwali 'anti-national' and 'anti-health' on Instagram., She disabled comments on her post following the controversy.