ഓരോ സംസ്ഥാനത്തുനിന്നും ഭക്ഷണം വരുത്തിക്കുന്ന പ്രഭാസ്; ചീറ്റ് ഡേ ആഘോഷിക്കുന്നതിങ്ങനെ

സിനിമയ്‌ക്കൊപ്പം തന്നെ പ്രഭാസിന് ഏറെ പ്രിയപ്പെട്ടതാണ് ഭക്ഷണം. നല്ല ഭക്ഷണം കഴിക്കാനും മറ്റുള്ളവരെ കഴിപ്പിക്കാനും അദ്ദേഹത്തിന് ഏറെ ഇഷ്ടമാണ്. പ്രഭാസിന്റെ ഈ സ്വഭാവത്തെപ്പറ്റി പല സഹതാരങ്ങളും മുമ്പ് തുറന്നുപറഞ്ഞിട്ടുണ്ട്. ഭക്ഷണത്തെക്കുറിച്ചാണെങ്കിൽ പ്രഭാസ് എത്ര നേരം വേണമെങ്കിലും നിർത്താതെ സംസാരിക്കുമെന്ന് അവർ പറയാറുണ്ട്.
ഇപ്പോഴിതാ തന്റെ ഭക്ഷണശീലങ്ങളെക്കുറിച്ച് തുറന്നുസംസാരിക്കുകയാണ് പ്രഭാസ്. തെലുഗുതാരങ്ങളായ സന്തോഷ് ശോഭന്റെയും മാനസ വാരണാസിയുടെയും ചോദ്യത്തോടാണ് അദ്ദേഹം പ്രതികരിച്ചത്. സന്തോഷും മാനസയും തങ്ങളുടെ പുതിയ സിനിമയായ 'കപ്പിൾ ഫ്രണ്ട്ലി'യുടെ പ്രൊമോഷനുകളുടെ ഭാഗമായി എത്തിയതായിരുന്നു.
പ്രഭാസിന് തോന്നുമ്പോഴെല്ലാം മറ്റ് സംസ്ഥാനങ്ങളിൽ നിന്നും ഭക്ഷണം സ്വിഗ്ഗി ചെയ്ത് കഴിക്കാൻ താത്പര്യമുള്ളയാളാണോ എന്ന ചോദ്യത്തിന് പ്രഭാസ് നൽകിയ മറുപടിയിങ്ങനെ, ''ഞാൻ ആദിപുരുഷിന്റെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് മുംബൈയിലായിരുന്നു. കൃത്യമായി ഡയറ്റ് നോക്കുന്നയാളാണ് ഞാൻ. ചിലദിവസങ്ങളിൽ ചീറ്റ് ഡേയും (cheat day). അന്നെന്റെ ചീറ്റ് ഡേ ആയിരുന്നു. ആദിപുരുഷിന്റെ സംവിധായകനായ ഓം റൗട്ടും എനിക്കൊപ്പമുണ്ടായിരുന്നു. ഞാൻ അദ്ദേഹത്തോട് പറഞ്ഞു, 'മുംബൈയിൽ നിന്നല്ല. മറ്റെവിടെ നിന്നെങ്കിലും സ്‌പെഷൽ ഭക്ഷണം വാങ്ങിത്തരാം. ചെന്നൈ ഫുഡ് വാങ്ങാം' എന്ന്. അദ്ദേഹം ഭക്ഷണത്തിനായി കാത്തിരുന്നു. മണിക്കൂറുകൾ കഴിഞ്ഞു, എന്നിട്ടും ഭക്ഷണം വന്നില്ല. മറ്റൊന്നും കഴിക്കാൻ ഞാൻ അദ്ദേഹത്തെ അനുവദിച്ചതുമില്ല'', കാത്തിരിപ്പ് പിന്നെയും നീണ്ടു.
ഒടുവിൽ ഇത്ര വൈകുന്നതെന്തെന്ന് ഓം റൗട്ട്, പ്രഭാസിനോട് ചോദിച്ചു. ഭക്ഷണം സത്യത്തിൽ ചെന്നൈയിൽ നിന്നാണ് കൊണ്ടുവരുന്നതെന്നും മുംബൈയിലെ ഒരു റെസ്റ്റോറന്റിൽ നിന്നല്ലെന്നും അപ്പോഴാണ് അദ്ദേഹം പറയുന്നത്. ''ഓം റൗട്ട് ഞെട്ടിപ്പോയി, മുംബൈയിലെ ഒരു റെസ്റ്റോറന്റിൽ നിന്നാണ് ഞാൻ ഭക്ഷണം കൊണ്ടുവരുന്നതെന്ന് അദ്ദേഹം കരുതി. ചെന്നൈയിൽ നിന്നുള്ള വിമാനത്തിൽ ഒരാൾ നമുക്കുവേണ്ടി ഒരു ലഞ്ച്‌ബോക്‌സിൽ നല്ല ചൂടുള്ള ഭക്ഷണം കൊണ്ടുവരുന്നുണ്ടെന്ന് ഞാൻ അദ്ദേഹത്തോട് വിശദീകരിച്ചു. ഓം ആണെങ്കിൽ എന്റെ ജീവിതത്തിൽ ഒരിക്കലും നിങ്ങളെപ്പോലുള്ള ഒരാളെ കണ്ടിട്ടില്ല എന്ന മട്ടിലായിരുന്നു. ആ വ്യക്തി മസാലയുടെ മണമുള്ള ലഞ്ച്‌ബോക്‌സുമായി വിമാനത്തിൽ കയറി. ഒടുവിൽ മുംബൈയിലെത്തിയപ്പോഴും ഞാൻ ചൂടുണ്ടായിരുന്നു ഭക്ഷണത്തിന്'', പ്രഭാസ് പറയുന്നു.
''ഹൈദരാബാദിലും എല്ലാ സംസ്ഥാനത്തെയും ഭക്ഷണം കിട്ടും. എങ്കിലും ആ ആധികാരികത ഉണ്ടാവില്ല. എന്റെ 'ചീറ്റ് ഡേ' വരുമ്പോഴെല്ലാം ആളുകൾ കളിയാക്കും, ഇന്ന് ഏത് സംസ്ഥാനത്തുനിന്നാണ് ഭക്ഷണം കൊണ്ടുവരുന്നതെന്ന്'', പ്രഭാസ് കൂട്ടിച്ചേർക്കുന്നു.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Prabhas shares a hilarious story about getting a Chennai lunchbox delivered to Mumbai for a cheat day during `Adipurush` shoot. Discover his love for authentic food