മനസ്സ് അസ്വസ്ഥമാണോ? സോളോ ഡേറ്റിനു പോകാം

പ്രതീകാത്മകചിത്രം / Shutterstock
പ്രതീകാത്മകചിത്രം / Shutterstock

ഒറ്റയ്‌ക്കൊരു ഡേറ്റ് പോകുന്നതിനെ കുറിച്ച് ആലോചിച്ച് നോക്കിയിട്ടുണ്ടോ? കേള്‍ക്കുമ്പോള്‍ വട്ടാണെന്നുതോന്നുമെങ്കിലും അതൊരു പുതുമയുളള അനുഭവമായിരിക്കും. ഇപ്പോഴത്തെ പുതിയ ഡേറ്റിങ് ട്രെന്‍ഡാണ് 'സോളോ ഡേറ്റ്'. സുഹൃത്തുക്കളോ പങ്കാളിയോ ഇല്ലാതെ സാധാരണയായി അവരോടൊപ്പം ചെയ്യുന്ന കാര്യങ്ങള്‍ ഒറ്റയ്ക്ക് ചെയ്യുന്നതാണ് സോളോ ഡേറ്റ്. ഉദാഹരണത്തിന്, ഒറ്റയ്ക്ക് ഒരു കഫേയില്‍ പോയി ഭക്ഷണം കഴിക്കുക, സിനിമ കാണുക, ഇഷ്ടമുളള ആഹാരം കഴിക്കുക, അല്ലെങ്കില്‍ യാത്ര പോകുക.

നിങ്ങള്‍ അവസാനമായി തനിയെ ഒരു റെസ്‌റ്റോറന്റില്‍ ഭക്ഷണം കഴിക്കാന്‍ പോയത് എന്നാണ്. ഒറ്റയ്ക്ക് പുറത്ത്‌പോയി ഭക്ഷണം കഴിക്കാന്‍ മടിക്കുന്നവരാണ് നമ്മളില്‍ പലരും. അങ്ങനെ കഴിച്ചിട്ടുളളവരാണെങ്കില്‍ നിങ്ങള്‍ എന്താണ് ഒറ്റയ്ക്ക് വന്നിരുന്ന് ഭക്ഷണം കഴിക്കുന്നതെന്ന് മറ്റുളളവര്‍ ആശ്ചര്യത്തോടെ നോക്കിനിന്നിട്ടുണ്ടാകും. കൂട്ടമായി വന്നു ഭക്ഷണം കഴിക്കുന്നവരെ ആഘോഷിക്കുന്ന ലോകത്ത് ഒറ്റയ്ക്ക്‌ വന്നിരിക്കുന്നവരെ നോക്കി അദ്ഭുതപ്പെടാം. മനോഹരമായ ഒരു സായാഹ്നത്തില്‍ മറ്റ് സംഭാഷണങ്ങളൊന്നും ഇല്ലാതെ നിങ്ങളുടെ ഇഷ്ടമുളള റെസ്‌റ്റോറന്റില്‍ ഇഷ്ടഭക്ഷണം ആസ്വദിച്ചു കഴിക്കുന്നത് ഒന്നാലോചിച്ചു നോക്കു.

ചിലപ്പോള്‍ സ്വന്തം കൂട്ട് ആസ്വദിക്കുന്നത് നമ്മളെ തന്നെ കൂടുതല്‍ മനസ്സിലാക്കാന്‍ സഹായിക്കും. നിങ്ങള്‍ നിങ്ങളുടെ തന്നെ കൂട്ട് ആസ്വദിക്കാന്‍ തുടങ്ങിയാല്‍ ഏകാന്തതയ്ക്കും മധുരം തോന്നും.

അതിമനോഹരമായ ഒരു ഫാന്‍സി റെസ്‌റ്റോറന്റില്‍ ജീവിതത്തിന്റെ തിരക്കുകളും ബഹളങ്ങളും മാറ്റിവച്ച് നിങ്ങള്‍ നിങ്ങള്‍ക്കുവേണ്ടി മാത്രം ചിലവഴിക്കുന്ന സമയം. ഒറ്റയ്ക്കിരുന്നു ഭക്ഷണം കഴിക്കുമ്പോള്‍ അതുവരെ ശ്രദ്ധിച്ചിട്ടില്ലാത്ത പല കാര്യങ്ങളും നമ്മുടെ ശ്രദ്ധയില്‍പ്പെടും. കുടിക്കുന്ന ഡ്രിങ്കിന്റെയും ആഹാരത്തിന്റെയും ഗന്ധം നിങ്ങളെ ഏറെ ആനന്ദിപ്പിക്കും. ആഹാരം കൂടുതല്‍ ആസ്വാദനയോഗ്യമാവും.

ഭക്ഷണം കഴിക്കുന്നയിടത്തെ പശ്ചാത്തലസംഗീതം, ചുറ്റുപാട് ഇവയെല്ലാം നാം കൂടുതല്‍ ശ്രദ്ധിക്കുമ്പോള്‍ ആ സായാഹ്നം നല്ലൊരനുഭൂതിയായി മാറുന്നു. ഒറ്റയ്ക്കായതിനാല്‍ ഇഷ്ടമുള്ള ഭക്ഷണം ഓര്‍ഡര്‍ ചെയ്യാം, പങ്കിടേണ്ടതുമില്ല. ഓരോ തവണയും ആഹാരം രുചിച്ച് മനസ്സറിഞ്ഞ് കഴിക്കാം. മനസംതൃപ്തിയോടെ കഴിക്കുമ്പോള്‍ ഭക്ഷണം കൂടുതല്‍ രുചികരമായി തോന്നും. ശരിയായ ദഹനപ്രക്രിയയ്ക്കും ഇതു സഹായിക്കും. ഒറ്റയ്ക്ക് ഭക്ഷണം കഴിക്കുന്നത് മനുഷ്യനു ശാന്തതയും ആത്മവിശ്വാസവും നല്‍കുന്നു എന്ന് പഠനങ്ങളും സൂചിപ്പിക്കുന്നു. ഒറ്റയ്ക്ക്‌ ഒരു സിനിമയ്ക്ക് പോവുന്നതോ ഒരു കഫേയില്‍ ഇരുന്ന് പുസ്തകം വായിക്കുന്നതോ സോളോ ഡേറ്റിന്റെ ഭാഗമാകാം.

സംഭാഷണങ്ങളുടെയും സോഷ്യല്‍ മീഡിയയുടെയും ദൈനംദിനസമ്മര്‍ദ്ദങ്ങളുടെയും അകമ്പടിയില്ലാത്ത ആ സമയം മനസ്സിന് വിശ്രമം ലഭിക്കും. ഒപ്പം ആത്മസംതൃപ്തിയും സന്തോഷവും. മനസ്സ് അസ്വസ്ഥമാണെന്നു തോന്നുമ്പോള്‍ ഇന്ന് പലരും തിരഞ്ഞെടുക്കുന്ന ഒരു മാര്‍ഗ്ഗമാണിത്. തനിയെ പോയി ഇഷ്ടമുളള ഭക്ഷണം കഴിക്കുന്നത് നിങ്ങളെ പോസിറ്റീവായിരിക്കാന്‍ സഹായിക്കും.

അടുത്ത തവണ നിങ്ങള്‍ ഒറ്റയ്ക്കിരിക്കണമെന്നാഗ്രഹിക്കുമ്പോള്‍ സോളോ ഡേറ്റിനു പോയി നോക്കൂ. മൈന്‍ഡ്ഫുള്‍ ഈറ്റിങ്ങിനൊപ്പം സ്വയം മനസ്സിലാക്കാനും, ഈ നിമിഷം ആസ്വദിക്കാനും അത് നിങ്ങളെ സഹായിക്കും. ജീവിതം കൂടുതല്‍ അര്‍ത്ഥപൂർണ്ണമാവും. എന്നാല്‍ സാമൂഹികബന്ധങ്ങള്‍ നിലനിര്‍ത്തുക എന്നതും അത്ര തന്നെ ആവശ്യമാണ്.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Discover the joy of solo dining! Explore mindful eating and self-discovery. Savor your favorite food and find peace in your own company.