‘ആഫ്രിക്കൻ ഒച്ചുകളെ തിന്നോളൂ, ഗിറ്റാർഫിഷുകളെ വെറുതെ വിടൂ’ ഘാനയിലെ ദൗത്യം

ഗിറ്റാർഫിഷുകളെപ്പറ്റി കേട്ടിട്ടുണ്ടോ? ഇപ്പോഴും ഭൂമുഖത്തുള്ള ഒരു പുരാതനജീവിവർഗമാണിത്. സ്രാവിനെപ്പോലുള്ള വാലും റേയെപ്പോലെ പരന്ന ശരീരഘടനയുമായി സവിശേഷമായ രൂപമാണിവർക്ക്. പശ്ചിമാഫ്രിക്കൻ രാജ്യമായ ഘാനയിൽ ഗിറ്റാർഫിഷുകളുടെ മാംസം പ്രധാനപ്പെട്ടൊരു പ്രാദേശിക വിഭവമാണ്. വേട്ടയാടൽ കൂടിയതുകൊണ്ടുതന്നെ ഇവർ വംശനാശത്തിന്റെ വക്കിലാണിപ്പോൾ. ഈ മത്സ്യങ്ങൾ വംശമറ്റു പോവുന്നത് തടയാൻ ഒരു മറൈൻ ബയോളജിസ്റ്റ് ദൗത്യവുമായിറങ്ങിയ കഥയാണിത്.
നല്ല വില കിട്ടുമെന്നതാണ് ഗിറ്റാർഫിഷുകളുടെ പ്രത്യേകത. കയറ്റുമതിയിലും ഡിമാൻഡുള്ള ഇനം. പ്രാദേശികമായി മീൻ പിടിച്ച് ഉപജീവനം നടത്തുന്നവർക്ക് ഗിറ്റാർഫിഷുകൾ വലിയ ആശ്രയമാണ്. പെട്ടെന്നൊരു ദിവസം അവയെ പിടിക്കരുതെന്ന് പറഞ്ഞാൽ മീൻപിടിത്തക്കാർക്ക് ഉപജീവനം ഇല്ലാതാവും. പകരം ജോലി ആരുതരുമെന്നത് വലിയൊരു വെല്ലുവിളിയായിരുന്നു.
ഈ സാഹചര്യത്തിലാണ് രാജ്യത്തെ ഒരു സർവകശാലാ അധ്യാപകനായ ഡോ. ഇസ്സ സെയ്ദു ഒരു ആശയം അവതരിപ്പിക്കുന്നത്. ആഫ്രിക്കക്കാരുടെ മറ്റൊരു ഇഷ്ടവിഭവവും പ്രോട്ടീന്റെ ഉറവിടവുമായ ആഫ്രിക്കൻ ഭീമനൊച്ചുകളുടെ (African land snail) ഫാം തുടങ്ങാമെന്ന ആശയം അദ്ദേഹം മത്സ്യത്തൊഴിലാളികൾക്ക് മുമ്പിൽവെച്ചു. മത്സ്യവേട്ട നിർത്തി പകരം, ഒച്ചുകളെ വളർത്തി കൂടുതൽ വരുമാനം കണ്ടെത്താമെന്ന് അദ്ദേഹമവരെ ബോധ്യപ്പെടുത്തി. 2019-ലാണ് ഈ ദൗത്യം തുടങ്ങുന്നത്.
തുടക്കത്തിൽ മടിച്ചുനിന്ന മത്സ്യത്തൊഴിലാളികൾ പതിയെ ഈ മേഖയിലേക്ക് തിരിഞ്ഞു. ഗിറ്റാർ ഫിഷുകളുടെ എണ്ണം ക്രമാതീതമായി കുറയുന്നതും മീൻപിടിത്തക്കാരെ മറ്റൊരു തൊഴിലിലേക്ക് തിരിയാൻ പ്രേരിപ്പിച്ചിരുന്നു. അങ്ങനെ തീരമേഖലയിൽ ഒച്ചുഫാമുകൾ വലിയ രീതിയിൽ പ്രവർത്തിച്ചുതുടങ്ങി. മത്സ്യവേട്ടയ്ക്കും കുറവുവന്നു.
ഒച്ചുവളർത്തൽ ലാഭകരമാണെന്നും, കുറഞ്ഞ മൂലധന നിക്ഷേപമേ ആവശ്യമുള്ളെന്നും സെയ്ദു പറയുന്നു. Achatina achatina എന്ന ഒച്ചിന്റെ മാംസം പ്രോട്ടീൻ ഉറവിടമെന്ന നിലയിൽ പേരുകേട്ടതാണ്.
സെയ്ദുവിന്റെ പ്രവർത്തനം ഇപ്പോൾ അന്താരാഷ്ട്ര തലത്തിൽ അംഗീകരിക്കപ്പെടുകയും ചെയ്തു. 2025-ൽ, IUCN അദ്ദേഹത്തെ ആഫ്രിക്കയ്ക്കായുള്ള ഷാർക്ക് സ്പെഷ്യലിസ്റ്റ് ഗ്രൂപ്പിന്റെ സഹ അധ്യക്ഷനായി നിയമിച്ചു. Whitley Fund for Nature അദ്ദേഹത്തിന്റെ സംരക്ഷണ പ്രവർത്തനങ്ങളെ റോയൽ ജിയോഗ്രാഫിക്കൽ സൊസൈറ്റിയിൽ പുരസ്കാരം നൽകി അംഗീകരിച്ചു.
ആഫ്രിക്കയിലെ ഒച്ചുഫാമുകൾ
പല ആഫ്രിക്കൻ സമൂഹങ്ങളിലും ഒച്ചിറച്ചി ഭക്ഷിക്കുന്നത് പരമ്പരാഗത ശീലമാണ്. ആഫ്രിക്കയിലെ ഏറ്റവും മികച്ച കാർഷിക സംരംഭങ്ങളിൽ ഒന്നായി സ്നെയിൽ ഫാമിങ് ഇതിനകം മാറിക്കഴിഞ്ഞു. നൈജീരിയ, ഘാന, കാമറൂൺ, കെനിയ, ദക്ഷിണാഫ്രിക്ക, കോട്ട് ഡി'ഐവർ തുടങ്ങിയ രാജ്യങ്ങളിൽ, ഒച്ചുത്പാദനം ഗ്രാമീണകുടുംബങ്ങൾക്കും സംരംഭകർക്കും പ്രധാന വരുമാനസ്രോതസ്സാണ്. രുചി, പോഷകഗുണങ്ങൾ, ഔഷധഗുണങ്ങൾ എന്നിവയ്ക്കൊത്ത് നല്ല വിലയും ഒച്ചിറച്ചിക്ക് കിട്ടുന്നുണ്ട്. റെസ്റ്റോറന്റുകളിലും ഹോട്ടലുകളിലും സൂപ്പർമാർക്കറ്റുകളിലും ഒച്ചിന്റെ ആവശ്യം കൂടി. പ്രോട്ടീൻ, ഇരുമ്പ്, കാൽസ്യം, മഗ്നീഷ്യം, അവശ്യ അമിനോ ആസിഡുകൾ എന്നിവയാൽ സമ്പന്നമാണ് ഒച്ചിറച്ചി.
കൂട്ടിലിട്ടും തുറന്ന ഇടങ്ങളിൽ പാർപ്പിച്ചുമൊക്കെ ഒച്ചുഫാമുകൾ പ്രവർത്തിക്കുന്നു. കൂട്ടിൽ മതിയായ ഈർപ്പം നിലനിർത്തുക, നേരിട്ടുള്ള സൂര്യപ്രകാശത്തിൽ നിന്ന് തണൽ നൽകുക, ശരിയായ വായുസഞ്ചാരം എന്നിവ പ്രധാനമാണ്. സസ്യാഹാരികളായ ഒച്ചുകൾക്ക് പപ്പായ ഇലകൾ, പഴങ്ങൾ, ചേനയില, കപ്പയില തുടങ്ങിയവയാണ് ഭക്ഷണമായി നൽകുന്നത്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Conservation of endangered guitarfish through alternative livelihoods., Dr. Issa Seydu's successful transition of fishermen to snail farming since 2019., Nutritional and economic benefits of Achatina achatina farming., International recognition of the project by IUCN and Whitley Fund for Nature in 2025., Guidelines for setting up profitable snail farms in Africa.