26 വര്‍ഷത്തിനുശേഷം കിടപ്പുമുറിയില്‍നിന്ന് കണ്ടെടുത്ത സിറ്റ് കോം തിരക്കഥ ലേലത്തിന്

പ്രശസ്തരുടെ ചിത്രങ്ങളും അവരുപയോഗിച്ച വസ്തുക്കളും ലേലത്തിന് വെക്കാറുണ്ട്. അതെല്ലാം ഞെട്ടിപ്പിക്കുന്ന തുകകളില്‍ ആളുകള്‍ വാങ്ങാറുമുണ്ട്.
അതില്‍നിന്നെല്ലാം വ്യത്യസ്തമായി ഒരു തിരക്കഥയാണ് ഇപ്പോള്‍ ലേലത്തില്‍ പോവാനൊരുങ്ങുന്നത്. അമേരിക്കന്‍ സിറ്റ്കോമായ ഫ്രണ്ട്സിന്റെ രണ്ട് എപ്പിസോഡുകളുടെ ഒറിജിനല്‍ തിരക്കഥ. അതിന് 26 വര്‍ഷം പഴക്കമുണ്ടെന്നതാണ് പ്രത്യേകത.
1998-ല്‍ ലണ്ടനിലെ ഫൗണ്ടന് സ്റ്റുഡിയോസില്‍ വെച്ചായിരുന്നു ആ എപ്പിസോഡുകളുടെ ഷൂട്ടിങ് നടന്നത്. ഷൂട്ടിങ്ങിനുശേഷം അണിയറപ്രവര്‍ത്തകരോടും സ്റ്റുഡിയോ ജീവനക്കാരോടും, സീരിയലുമായി ബന്ധപ്പെട്ടുള്ള എല്ലാ പേപ്പറുകളും നശിപ്പിക്കാനാവശ്യപ്പെട്ടു. ഒറിജിനല്‍ തിരക്കഥയും മറ്റും പുറത്തുപോവാതിരിക്കാനുള്ള മുന്കരുതലായിരുന്നുവത്. കൈയിലുള്ളതൊക്കെ പലരും കീറിക്കളഞ്ഞു, ചിലത് കത്തിച്ചു. പക്ഷേ തിരക്കഥ ആരോ അലക്ഷ്യമായി വലിച്ചെറിഞ്ഞത് സ്റ്റുഡിയോയിലെ ചവറ്റുകുട്ടയിലേക്കും. ഷൂട്ടിങ്ങും പോസ്റ്റ് പ്രൊഡക്ഷനും കഴിഞ്ഞ് സിറ്റ്കോം, അധികം വൈകാതെ അമേരിക്കന്‍ ടെലിവിഷനില്‍ അത് സംപ്രേഷണം ചെയ്തു. കഥ അവിടെയും തീര്‍ന്നില്ല.
തിരക്കും ബഹളവുമെല്ലാമൊഴിഞ്ഞപ്പോള്, സ്റ്റുഡിയോ വൃത്തിയാക്കാനെത്തിയ ഒരു ജീവനക്കാരന് ചവറ്റുകുട്ടയില്‍നിന്ന് തിരക്കഥ പുറത്തെടുത്തു. നല്ല ഭംഗിയായി, പ്രിന്റ് ചെയ്ത്, ഒരു ബുക്ക് പോലെയുള്ള ആ തിരക്കഥ കണ്ടപ്പോള്‍ അയാള്‍ക്കത് കളയാനും തോന്നിയില്ല. ഒടുവില്‍ തന്റെ മേശയിലേക്ക് അത് മാറ്റിവെച്ചു. പിന്നീട് അക്കാര്യം മറന്നുപോയി.
കുറച്ചുവര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ അയാള്‍ അവിടുത്തെ ജോലി രാജിവെച്ചു. ആ സമയത്ത് സ്റ്റുഡിയോയിലെ മേശയിലുള്ള തന്റെ വസ്തുക്കളെല്ലാം നേരെ ഒരു കാര്‍ഡ്ബോര്‍ഡ് പെട്ടിയിലേക്ക് മാറ്റി, വീട്ടിലേക്ക് കൊണ്ടുപോയി. ആ പെട്ടി തന്റെ കിടപ്പുമുറിയിലെ കട്ടിലിനടിയില്‍ സൂക്ഷിച്ചു.
പിന്നെയും വര്‍ഷങ്ങള്‍ കഴിഞ്ഞു. കഴിഞ്ഞമാസം ആ പെട്ടിയിലെ പഴയ പേപ്പറുകളും മറ്റും തിരയുന്നതിനിടയിലാണ് ഈ തിരക്കഥ കിട്ടിയത്. ആദ്യം എന്തുചെയ്യണെന്ന് മനസ്സിലായില്ലെങ്കിലും, പിന്നീട് ലേലത്തില്‍ വെക്കാന്‍ തീരുമാനിക്കുകയായിരുന്നു.
അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ ഹിറ്റായി മാറിയ സിറ്റ്കോമായിരുന്നു ഫ്രണ്ട്സ്. 2004-ലാണ് അവസാനത്തെ എപ്പിസോഡ് സംപ്രേഷണം ചെയ്തത്.
Content Highlights: sitcom script for auction