അവനെ പിരിയുന്നത് എന്നെ തകർത്തു കളഞ്ഞു, കുറ്റബോധവുമായി മല്ലിടുകയാണ്- ശ്രുതി ഹാസൻ

ശ്രുതി ഹാസൻ
ശ്രുതി ഹാസൻ

വ്യക്തിപരമായി തന്നെ ഏറെ വേദനിപ്പിച്ച ജീവിതത്തിലെ തീരുമാനത്തെപ്പറ്റി തുറന്നുപറഞ്ഞ് നടിയും ഗായികയുമായ ശ്രുതി ഹാസൻ. തന്റെ പ്രിയപ്പെട്ട വളർത്തുമൃഗമായ അസ്‌ലൻ എന്ന പേർഷ്യൻ കാറ്റിനെ പിരിയേണ്ടി വന്നതിനെക്കുറിച്ച് വളരെ വൈകാരികമായി ശ്രുതി സംസാരിച്ചു. ഗുരുതരമായ അലർജി പ്രശ്‌നങ്ങൾ നേരിട്ടതിനാലാണ് അത്തരമൊരു തീരുമാനത്തിലേക്കെത്തേണ്ടി വന്നതെന്ന് അവർ വിശദീകരിക്കുന്നു.

മൂന്നുമാസം മുൻപാണ് പൂച്ചക്കുട്ടിയെ ശ്രുതി വീട്ടിലേക്ക് കൊണ്ടുവരുന്നത്. അടുത്ത രണ്ടുദിവസത്തിനുള്ളിൽ തന്നെ ശരീരത്തിലും മുഖത്തും അലർജിയുടെ ലക്ഷണങ്ങൾ കണ്ടുതുടങ്ങി. ആദ്യം കാരണം വ്യക്തമായില്ലെന്നും മാമ്പഴം കൂടുതൽ കഴിച്ചതാണ് ഇത്തരത്തിൽ അലർജി വരാൻ കാരണമെന്ന് തെറ്റിദ്ധരിച്ചെന്നും അവർ പറഞ്ഞു. തുടർന്നുള്ള ദിവസങ്ങളിലും ലക്ഷണങ്ങൾ ഗുരുതരമായതോടെ ചർമരോഗ വിദഗ്ധനെ സമീപിക്കുകയായിരുന്നു. അസ്ലന്റെ രോമവും ഉമിനീരുമാണ് തനിക്ക് അലർജി ഉണ്ടാക്കുന്നതെന്ന് പരിശോധനയിൽ മനസ്സിലായതായി ശ്രുതി പറഞ്ഞു. അസ്ലനും അവന്റെ ഉമിനീരും രോമവുമാണ് തനിക്ക് അലർജി ഉണ്ടാക്കുന്നതെന്ന് മനസ്സിലായപ്പോൾ വല്ലാത്തൊരു നിരാശയാണ് തോന്നിയതെന്നും അവർ കൂട്ടിച്ചേർത്തു.

പിന്നീട് അലർജി കൈകാര്യം ചെയ്യുന്നത് കൂടുതൽ ബുദ്ധിമുട്ടായി മാറി. പൂച്ചക്കുട്ടിയെ തന്റെ വസ്ത്രങ്ങളിൽ നിന്ന് അകറ്റി നിർത്തേണ്ടി വന്നതായും അവനെ തൊടുമ്പോഴെല്ലാം കൈകൾ കഴുകേണ്ടി വന്നതായും ശ്രുതി വെളിപ്പെടുത്തി. 'യാത്ര കഴിഞ്ഞ് വീട്ടിൽ തിരിച്ചെത്തുമ്പോഴെല്ലാം എന്റെ രോഗലക്ഷണങ്ങൾ തിരികെ വരുന്നു. ഇത് ജോലിയെയും ചർമത്തെയും എല്ലാറ്റിനുമുപരിയായി എന്റെ മാനസികാവസ്ഥയെയും ബാധിക്കാൻ തുടങ്ങി. അസ്ലന് അർഹമായ സ്‌നേഹവും ലാളനയും നൽകിക്കൊണ്ട് എന്റെ അലർജി നിയന്ത്രിക്കാൻ പാടുപെടുകയായിരുന്നു' ശ്രുതി പറയുന്നു.

'എല്ലാം പരീക്ഷിച്ചിട്ടും വീണ്ടും അലർജിയുണ്ടായെന്നും ഇത്തവണ അത് കൂടുതൽ ഗുരുതരമാണെന്നും മനസ്സിലായപ്പോൾ, ജീവിതത്തിലെ ഏറ്റവും കഠിനമായ തീരുമാനങ്ങളിൽ ഒന്ന് എനിക്ക് എടുക്കേണ്ടി വന്നു'

അതിനുശേഷം അസ്ലനെ മുൻപ് നോക്കിയിരുന്നവരെ ശ്രുതി ബന്ധപ്പെടുകയും, അവനെ തിരിച്ചു കൊടുക്കണമെന്ന തീരുമാനം എടുക്കുകയും ചെയ്തു. 'അസ്ലൻ ഇനി എന്റെ കൂടെയല്ല. പൂച്ചകളെ യഥാർഥത്തിൽ സ്‌നേഹിക്കുകയും കരുതുകയും ചെയ്യുന്ന എന്റെ സുഹൃത്തുക്കളുടെയും അവന്റെ വളർത്തമ്മയുടെയും പിന്തുണയോടെ, സുന്ദരമായ ഒരു പുതിയ വീട് അവന് കണ്ടെത്താനുള്ള ശ്രമത്തിലാണ് ഞങ്ങൾ' അവർ പറഞ്ഞു. അസ്ലനോട് വിടപറയുന്നത് തന്നെ തകർത്തു കളഞ്ഞുവെന്നും കുറ്റബോധവുമായി മല്ലിടുകയാണെന്നും ശ്രുതി പറയുന്നു. 'എന്നെയും എന്റെ വീടിനെയും അത്രയധികം സ്‌നേഹിക്കുന്ന ഒരു നിഷ്‌കളങ്കനായ ജീവിയോട് അവൻ എന്തിനാണ് പോകേണ്ടി വരുന്നത് എന്ന് വിശദീകരിക്കാൻ പോലും കഴിയാത്തതിൽ എനിക്ക് അനുഭവപ്പെടുന്ന വേദനയും കുറ്റബോധവും എനിക്ക് വാക്കുകളിൽ വിവരിക്കാൻ പോലുമാവില്ല, അത്രയും ഹൃദയഭേദകമാണ് കാര്യങ്ങൾ' അവർ എഴുതി.

ഈ സാഹചര്യത്തെ ഒരു 'പരാജയപ്പെട്ട ദത്തെടുക്കൽ' ആയി കാണരുതെന്നും അവർ ആളുകളോട് അഭ്യർഥിച്ചു. 'ഇത് പരാജയപ്പെട്ട ദത്തെടുക്കലിന്റെ കഥയാകരുത്. എന്റെ അലർജിയോട് പൊരുതുന്നതിൽ ഞാൻ പരാജയപ്പെട്ടു എന്നാണ് എനിക്ക് തോന്നുന്നത്, എന്നാൽ ഒരു കുഞ്ഞു മൃഗത്തിന് വീട് നൽകുന്നത് നിങ്ങൾക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും വലിയ കാര്യങ്ങളിൽ ഒന്നാണ്' ശ്രുതി പറഞ്ഞു.

'അസ്ലന് നിങ്ങളുടെ എല്ലാ സ്‌നേഹവും ആശംസകളും നൽകുക. നിങ്ങളുടെ വളർത്തു മൃഗങ്ങളെ സ്‌നേഹിക്കുന്നവർക്ക് ഇതിന്റെ അർഥം എന്താണെന്ന് മനസ്സിലാകും' അവർ കൂട്ടിച്ചേർത്തു. മൃഗങ്ങളുമായുള്ള ആത്മബന്ധവും ആശ്രയത്വവും കാരണം അവയോട് വിടപറയുന്നത് സമാനതകളില്ലാത്ത വേദന നൽകുന്ന ഒന്നാണെന്ന് പറഞ്ഞുകൊണ്ടാണ് അവർ കുറിപ്പ് അവസാനിപ്പിച്ചത്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi